ആദിലയെ പുറത്താക്കുകയല്ല, അനീഷ് ആരാധകർ അവള്‍ക്ക് വോട്ടു ചെയ്യുകയാണ് വേണ്ടത്: എന്തുകൊണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആദ്യ പകുതി പിന്നിട്ടെങ്കിലും പ്രേക്ഷകർ ഇപ്പോഴും വലിയ നിരാശയിലാണ്. ഒരു മത്സരാർത്ഥിയുടെ ഭാഗത്ത് നിന്നും വേണ്ടത്ര മികച്ച പ്രതികരണം ഉണ്ടാവില്ലെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇതുവരേയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അനീഷ് മികച്ച മത്സരാർത്ഥിയായി വിലയിരുത്തപ്പെടുന്നവർ നിരവധിയാണ്. എങ്കിലും മറുവശത്ത് അദ്ദേഹത്തെ വിമർശിക്കുന്നവരും അനേകമുണ്ട്.
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി, മറ്റുള്ളവരെ കുറ്റപ്പെടുത്തി മനിപുലേറ്റ് ചെയ്യാത്ത ഒരു മത്സരാർത്ഥിയെ അനീഷില്‍ കാണാൻ സാധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ കുറിക്കുന്നത്. അനീഷ് എന്ന ഈ വ്യക്തി, തന്റെ ഇല്ലായ്മകൾ പറഞ്ഞ് പ്രേക്ഷകരുടെ സഹതാപം നേടാൻ ശ്രമിക്കാറില്ല. ഒരാളോട് വൈരാഗ്യം വെച്ച് അവരെ മാത്രം ലക്ഷ്യം വെക്കുന്ന പ്രവൃത്തിയും അവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എത്ര വലിയ വിഷമങ്ങൾ നേരിട്ടാലും, പ്രേക്ഷകരുടെ സിംപതി നേടാൻ വേണ്ടി അനീഷിന്റെ കണ്ണുകൾ ഒരിക്കലും ഈറനണിയുന്നത് കാണാനാവില്ല. മോശം വാക്കുകൾ ഉപയോഗിച്ച് ശ്രദ്ധ നേടാൻ പലർക്കും എളുപ്പമാണ്. എന്നാൽ, എത്ര വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടാലും, എത്ര ക്ഷമ നശിച്ചാലും, തമാശയ്ക്ക് പോലും മോശം വാക്കുകൾ അനീഷിന്റെ വായിൽ നിന്ന് വരാറില്ല.
"മുഖം മനസിന്റെ കണ്ണാടി" എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നവനാണ് അനീഷ്. അവന്റെ മുഖവും ചിരിയും അവന്റെ നന്മയും സത്യസന്ധതയും പ്രതിഫലിപ്പിക്കുന്നു. ബിഗ് ബോസ് സീസൺ 7-ന്റെ ആദ്യ ക്യാപ്റ്റനായി പ്രവേശിച്ച അനീഷിന്റെ മുഖമാണ് ഈ സീസൺ ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത്.
ചിലർക്ക് ഇത്തരം ഗുണങ്ങൾ ബിഗ് ബോസ് പോലൊരു ഷോയിൽ വിജയിക്കാൻ പര്യാപ്തമല്ലെന്ന് തോന്നിയേക്കാം. എന്നാൽ, കഴിഞ്ഞ 50 ദിവസങ്ങളിലെ എപ്പിസോഡുകൾ ഓർത്തുനോക്കിയാൽ, സീസൺ 7-നെ പ്രതിനിധീകരിക്കുന്നത് അനീഷിന്റെ കോണ്ടന്റുകളും മുഖവും മാത്രമാണെന്ന് വ്യക്തമാകും. അനീഷിൽ നിന്ന് പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്-സത്യസന്ധത, ക്ഷമ, മാന്യത. ഈ ഒറ്റയാൻ, ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിന്റെ യഥാർത്ഥ മുഖമാണെന്നും ആ പ്രേക്ഷകന്‍ കൂട്ടിച്ചേർത്തു.
അതേസമയം, അനീഷിന്റെ പ്രധാന എതിരാളികളായി മാറിയിരിക്കുന്ന ആദില-നൂറയില്‍ നിന്നും ആദില ഇപ്പോള്‍ പുറത്ത് പോകുകയാണെങ്കില്‍ അത് അനീഷിന് തന്നെയാണ് ഏറ്റവും വലിയ തിരിച്ചടിയായി മാറുകയെന്ന നിരീക്ഷണമാണ് മറ്റൊരു പ്രേക്ഷകന്‍ മുന്നോട്ട് വെക്കുന്നത്. 'ആദിലയുടെ ഇപ്പോഴത്തെ സ്വഭാവം കാണുമ്പോൾ, പലർക്കും അവളെ വോട്ട് ചെയ്യാതെ പുറത്താക്കാൻ തോന്നിയേക്കാം.ഇത് സ്വാഭാവികമാണ്, പക്ഷേ അങ്ങനെ ചെയ്യരുത്! ആദിലയെ പുറത്താക്കിയാൽ, അവളുടെ വോട്ടുകൾ നൂറക്ക് ലഭിക്കുകയും അത് നൂറക്ക് വലിയ നേട്ടമാകുകയും ചെയ്യും. ആദില പോയാൽ, നൂറ കൂടുതൽ ശക്തയായി മാറും. അതിനാൽ, ആദിലയെ പരമാവധി ഷോയില്‍ നിലനിർത്തണം.' എന്നാണ് അദ്ദേഹം നിർദേശിക്കുന്നത്.
ആദിലയുടെ നിലവിലെ പെരുമാറ്റം തുടർന്നാൽ, അത് വൈകാതെ നൂറക്ക് നെഗറ്റീവ് പ്രതിച്ഛായ സൃഷ്ടിക്കും. അങ്ങനെ സംഭവിച്ചാൽ, നൂറക്ക് ബിഗ് ബോസ് കപ്പ് നേടാനുള്ള സാധ്യത കുറയും. വോട്ടുകൾ സ്പ്ലിറ്റ് ആകുകയാണെങ്കിൽ, ആദിലയും നൂറയും ഈ ഘട്ടത്തിൽ പുറത്താകാനിടയുണ്ട്, അതോടെ മറ്റൊരാൾ കപ്പ് സ്വന്തമാക്കും. ഇനിയുള്ള മിക്ക നോമിനേഷനുകളിലും ഈ രണ്ടുപേരും ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഇപ്പോൾ അനീഷ് ഏട്ടനാണ് കൂടുതൽ വോട്ടുകൾ നേടുന്നത്. അതിനാൽ, അനീഷിന്റെ വോട്ടുകളിൽ ഒരു ചെറിയ ഭാഗം ആദിലക്ക് നൽകാൻ ശ്രമിക്കൂ. ഇത് അനീഷിന് തന്നെയാണ് ഏറ്റവും ഗുണം ചെയ്യുക. ആദില അനീഷിനെ ടാർഗറ്റ് ചെയ്യുന്നതിനാൽ, അനീഷ് ഒന്നും ചെയ്യാതെ തന്നെ പ്രേക്ഷകരുടെ പിന്തുണ സ്വാഭാവികമായി വർധിക്കും. "ഇലയ്ക്കും മുള്ളിനും കേടില്ല" എന്ന പോലെ, ഈ തന്ത്രം അനീഷിന്റെ വിജയത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications