അനീഷിന്റെ ആ നിലപാടിനാണ് കൈയ്യടി: 'ഇതുവരെ അവരെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല'
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ പ്രധാന വിവാദങ്ങളില്‍ ഒന്നായിരുന്നു ആര്യനും ജിസേലുമായി ബന്ധപ്പെടുത്തി അനുമോള്‍ ഉന്നയിച്ച ആരോപണം. ഇരുവരും പുതപ്പിന് അടിയില്‍ വെച്ച് ഉമ്മവെക്കുന്നത് ഞാന്‍ കണ്ടുവെന്ന അനുമോളുടെ ആരോപണം വീടിന് അകത്തും പുറത്തും വലിയ ചർച്ചാ വിഷയമായി. ഒടുവില്‍ മോഹന്‍ലാല്‍ വന്ന് അനുമോളേയും മസ്താനിയേയുമെല്ലാം ശക്തമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വീണ്ടും സമാന വിഷയം ബിഗ് ബോസില്‍ ചർച്ചയായി ഉയർന്ന് വന്നു. എന്ത് ആയാലും ഈ സമയത്ത് അനീഷ് സ്വീകരിച്ച നിലപാട് അഭിനന്ദനീയമാണെന്നാണ് അദ്ദേഹത്തിന്റെ ഒരു ആരാധാകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. ഇതിനോടകം തന്നെ ചർച്ചയായി മാറി കഴിഞ്ഞ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് മലയാളം സീസൺ 7-ൽ ജിസേലും ആര്യനും തമ്മിലുള്ള വിഷയം വീണ്ടും ചർച്ചയായപ്പോൾ, അനീഷിന്റെ പ്രതികരണമാണ് ഏറ്റവും അഭിനന്ദനീയമായി തോന്നിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "അവർ രണ്ടുപേരും ഹൗസിലെത്തിയ നാൾ മുതൽ എന്റെ ബെഡിനടുത്താണ് കിടക്കുന്നത്. ഞാൻ ഇതുവരെ അവരെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല, അതിനുള്ള ആവശ്യവുമില്ല. അവർ നല്ല സുഹൃത്തുക്കളായി മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്".
ഈ വാക്കുകൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും പുതപ്പിനടിയിലേക്കും ഒളിഞ്ഞുനോക്കി, അതിനെ പാടി നടന്ന് മോശം കണ്ടന്റുകൾ സൃഷ്ടിക്കുന്ന ചിലർക്ക് ഒരു പാഠമാണ്. ജീവിതത്തിലായാലും, നമുക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത കാര്യങ്ങളിൽ, ചെറിയ മനസുഖത്തിന് വേണ്ടി നാം എന്തിനാണ് ഇടപെടുന്നത്?
അതേസമയം, ബോട്ടിൽ ടാസ്ക് പൂർണമായി കുളമാക്കിയത് ആരാണെന്ന് മോഹൻലാൽ തന്നെ ക്ലൂ നൽകിയിരുന്നു. അനുമോളിന്റെ സ്വാർത്ഥത മാത്രമാണ് ആ ടാസ്കിൽ ആർക്കും ഒന്നും ലഭിക്കാതിരിക്കാൻ കാരണമായത്. ഓരോ ഗെയിമുകളും സത്യസന്ധമായി മാത്രം കളിച്ചുപോരുന്ന അനീഷ് എപ്പോഴും കുറ്റക്കാരനായി മാറുന്നത് ദയനീയമാണ്. ഗ്രൂപ്പിസം കളിച്ച് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന രീതി തുടരുന്നു. ടാസ്കുകളിൽ മറ്റുള്ളവർ സത്യത്തിന് വിരുദ്ധമായി കൃത്രിമത്വം കാണിക്കുമ്പോൾ മാത്രമാണ് അനീഷ് വാശി പിടിക്കുന്നത് എന്ന് പ്രേക്ഷകർ ഇനിയെങ്കിലും മനസിലാക്കണം.
സ്വന്തം കാര്യം നോക്കി, കൃത്യമായ റൂളുകൾ പാലിച്ച് ഒരാൾക്ക് എങ്ങനെ മുന്നോട്ടുപോകാമെന്നും, ആയിരം കളവുകളാൽ മൂടിവെച്ചാലും സത്യം ഒരു ദിവസം കറുത്ത മറയകറ്റി പുറത്തുവരുമെന്നും നാം മനസിലാക്കേണ്ടതുണ്ട്.












Click it and Unblock the Notifications