അനീഷ് തെറ്റ് ചെയ്തിട്ടില്ല: സർക്കാർ ജോലിയില്‍ നിന്ന് ലീവെടുത്ത് ബിഗ് ബോസില്‍ പോയാലെന്താ? ഇങ്ങനേയും ആലോചിക്കാം
സർക്കാർ ജോലിയില്‍ നിന്നും നീണ്ട അവധി എടുത്ത് ബിഗ് ബോസിനായി തയ്യാറെടുപ്പ് നടത്തിയ വ്യക്തിയാണ് അനീഷ്. ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ് 7 ല്‍ കോമണറായി അദ്ദേഹം പ്രവേശനവും നേടി. എന്നാല്‍ സർക്കാർ ജോലിയില്‍ നിന്നും ലീവെടുത്ത് ഇത്തരം പരിപാടികള്‍ക്കായി പോകുന്ന പ്രവണത പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ അനീഷിനെ ന്യായീകരിച്ചുകൊണ്ടും ചിലർ രംഗത്ത് വരുന്നുണ്ട്. സ്വപ്നങ്ങളെ പിന്തുടർന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ യാത്ര തിരിച്ചിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു പ്രേക്ഷകന്‍ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് മലയാളം സീസണ്‍ - 7 മത്സരാർഥി അനീഷിനെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ച്ചയായി ഫേസ്ബുക്കിൽ കറങ്ങി നടക്കുന്ന ഒരു മെസ്സേജ് ആണിത്."ബിഗ് ബോസ്സിൽ മത്സരാർതഥി ആകാൻ സർക്കാർ ജോലിയിൽ നിന്ന് നീണ്ട ലീവ് എടുത്തു തയാറെടുപ്പു നടത്തി. കാലം പോയ പോക്കേ. സർക്കാർ ജോലി കൊടുക്കുന്നത് ഇത് പോലെ ബിഗ് ബോസ്സ്ലേക്കുള്ള വഴി തുറക്കാൻ വീട്ടിൽ ഇരുന്നു പ്രാക്റ്റീസ് ചെയാൻ ആണെങ്കിൽ, സെക്രട്ടറിയേറ്റ് നടയിൽ പി എസ് സി കാലാവധി കഴിഞ്ഞു പോകുമ്പോൾ സമരം ചെയുന്ന കഷ്ടത അനുഭവിക്കുന്ന ഒരാൾക്ക് കൊടുത്താൽ ഇങ്ങനെ ഉള്ളവരുടെ സൂക്കേട് തീരും".
ഇത് പലരിലും ഞെട്ടൽ ഉണ്ടാക്കുന്നുണ്ടെങ്കിലും സ്വപ്നങ്ങളെ പിന്തുടർന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ യാത്ര തിരിച്ചിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.
കേരളത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ബിഗ് ബോസ്സിൽ മത്സരിക്കാനായി അവധിയെടുത്ത സംഭവം ആദ്യത്തേതാണ്. പതിവ് രീതിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ നിന്ന് മാറി, സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ ധൈര്യം കാണിച്ച അദ്ദേഹത്തിന്റെ തീരുമാനത്തെ പലരും വിമർശിക്കുമ്പോളും, അഭിനന്ദിക്കുന്ന ചിലരെയെങ്കിലും കാണാൻ സാധിക്കും നമുക്ക്.
ഈ വിഷയത്തിൽ കൂടുതൽ വസ്തുതാപരമായ വിശകലനം നടത്തിയപ്പോൾ എനിക്ക് മനസ്സിലായത് പറയട്ടെ. ഒരു സർക്കാർ ഉദ്യഗസ്ഥനായിരിക്കുമ്പോളും അദ്ദേഹം തന്റെ വ്യക്തിപരമായ താത്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തു. ഓരോ വ്യക്തിക്കും അവരവരുടെ ഇഷ്ടങ്ങൾ പിന്തുടരാനും കഴിവുകൾ പ്രകടിപ്പിക്കാനും അവകാശമുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ എന്നതുകൊണ്ട് മാത്രം ഒരാളുടെ വ്യക്തിപരമായ ഇഷ്ടങ്ങളെ തടയുന്നത് ശരിയല്ല എന്നാണ് ഞാൻ കരുതുന്നത്.
അതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത് ഒരു വരുമാന മാർഗ്ഗമായും അദ്ദേഹം കരുതിയിട്ടുണ്ടാകും. കുറഞ്ഞ സമയം അതായത് 100 ദിവസം കൊണ്ട് തന്നെ നല്ലൊരു തുക സാമ്പാദിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഓരോരുത്തർക്കും നൽകുന്നത്. അല്ലെങ്കിൽ ഇതൊരു പ്രശസ്തി നേടാനുള്ള ഒരു ഉപാധിയായിരിക്കാം കരുതിയിട്ടുണ്ടാകുക.
ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, ആ ഉദ്യോഗസ്ഥൻ ചെയ്തതിൽ തെറ്റില്ല എന്ന് പറയാം. കാരണം, അദ്ദേഹത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടാകാം. ഒരുപക്ഷെ, ചെറുപ്പം മുതലേ സിനിമയിലോ ടെലിവിഷൻ രംഗത്തോ എത്താൻ ആഗ്രഹിച്ച ഒരാളായിരിക്കാം അദ്ദേഹം. തന്റെ കഴിവ് തെളിയിക്കാനും, ഒരു നല്ല വരുമാനം നേടാനും, സമൂഹത്തിൽ അംഗീകാരം ലഭിക്കാനുമുള്ള ഒരു അവസരമായിരിക്കാം അദ്ദേഹം ബിഗ് ബോസിനെ കണ്ടത്.
എന്നാൽ വിമർശകർ ഈ വിഷയത്തെ മറ്റൊരു രീതിയിലാണ് കാണുന്നത്. സർക്കാർ ജോലി ലഭിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നിരവധി ഉദ്യോഗാർത്ഥികൾ ഇവിടെയുണ്ട്. അവർക്ക് കിട്ടേണ്ട അവസരമാണ് ഈ ഉദ്യോഗസ്ഥൻ നഷ്ടപ്പെടുത്തുന്നത്. കൂടാതെ, പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ശമ്പളം വാങ്ങുന്ന ഒരാൾ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ദീർഘകാല അവധിയെടുക്കുന്നത് ശരിയല്ലെന്നും അവർ വാദിക്കുന്നു.
എങ്കിലും, വിമർശനങ്ങൾക്കിടയിലും ഈ വിഷയത്തിൽ ചില നല്ല വശങ്ങളുണ്ട്. ഒന്ന്, ഈ സംഭവം ഒരുപാട് ആളുകൾക്ക് പ്രചോദനമായേക്കാം. സ്വന്തം സ്വപ്നങ്ങൾ പിന്തുടരാൻ ഭയപ്പെടുന്നവർക്ക് ഇതൊരു പുതിയ തുടക്കമായേക്കാം. രണ്ട്, റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം അദ്ദേഹത്തിന്റെ സാമ്പത്തിക ഭാവിക്കും ഉപകാരപ്രദമാകും.അവസാനമായി, ഈ വിഷയത്തിൽ ആർക്കെതിരെയും കുറ്റപ്പെടുത്തലുകൾ ഉന്നയിക്കുന്നതിന് പകരം, ഒരു തുറന്ന ചർച്ച നടത്തുകയും, എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.












Click it and Unblock the Notifications