ലിയോയ്ക്ക് അനിരുദ്ധ് വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയുമോ? സാക്ഷാല്‍ എആർ റഹ്മാനേയും പിന്നിലാക്കി
ചെന്നൈ: വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ എണ്ണം പറഞ്ഞ ഹിറ്റുകള്‍ സംഭാവന ചെയ്തിട്ടുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രന്‍. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.
ആരാധകർ സ്നേഹപൂർവ്വം അനി എന്ന് വിളിക്കുന്ന അദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞരിൽ ഒരാളായി ഇതിനോടകം മാറിയെന്നും സമീപകാലത്ത് പുറത്ത് വന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി സംവിധാനം ചെയ്ത ലിയോ എന്ന ചിത്രമാണ് അനിരുദ്ധിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

വിക്രം, ജയിലർ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് പുറമെ ലിയോയിലെ അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ലിയോയിലെ സംഗീത സംവിധാനത്തിന് അനിരുദ്ധിന് എട്ട് കോടിയോളം രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ തമിഴ് ചലച്ചിത്രമേഖലയിൽ ഒരു സംഗീതസംവിധായകൻ നേടുന്ന ഏറ്റവും ഉയർന്ന തുകയും ഇതാണ്. ആറ് കോടിയോളം രൂപയാണ് എആർ റഹ്മാന്‍ ഒരു പ്രൊജക്ടിനായി വാങ്ങിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു രജനികാന്തിന്റെ 170-ാം ചിത്രത്തിനും ജൂനിയർ എൻടിആർ നായകനാകുന്ന തെലുങ്ക് ചിത്രവുമാണ് അനിരുദ്ധിന്റേതായി അടുത്തതായി പുറത്ത് വരാനുള്ള പ്രധാന പ്രൊജക്ടുകള്‍. കൂടാതെ അദ്ദേഹം നിലവില്‍ മറ്റ് പത്തിലധികം സിനിമകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. വിജയകരമായ കോമ്പോസിഷനുകൾ നൽകിയതിന്റെ ട്രാക്ക് റെക്കോർഡ് കാരണം, നിരവധി നിർമ്മാതാക്കളും അഭിനേതാക്കളും അവരുടെ പ്രോജക്റ്റുകൾക്കായി അദ്ദേഹത്തെ സേവനം തേടുന്നുമുണ്ട്.
ജവാനിലെ സംഗീത സംവിധാനത്തിന് അനിരുദ്ധ് രവിചന്ദർ നേരത്തെ 10 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അനിരുദ്ധ് ദളപതി വിജയ്, അജിത്, രജനികാന്ത് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കസിനും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ സംവിധാനം ചെയ്ത 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
2012-ൽ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തിലെ വൈ ദിസ് കൊലവെറി ഡി എന്ന അദ്ദേഹത്തിന്റെ ആദ്യ ഗാനം 424 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ആഗോള തലത്തില്‍ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഗായകനായി അനിരുദ്ധ് മലയാളത്തിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.












Click it and Unblock the Notifications