അന്ന ബെന്‍ കല്‍ക്കിയിലെ കൈറയായി മാറിയത് എങ്ങനെ: 'അന്ന് എനിക്കിതൊന്നും അറിയില്ലായിരുന്നു'
കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ തീർത്തുകൊണ്ട് പ്രഭാസ് ചിത്രം കല്‍ക്കി 2898 നിറഞ്ഞ സദസ്സില്‍ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. ആഗോള തലത്തില്‍ 900 കോടിയില്‍ അധികം കളക്ഷന്‍ നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 24 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. മലയാളത്തില്‍ നിന്നും ശോഭന, അന്ന ബെന്‍ എന്നിവർക്കൊപ്പം ദുല്‍ഖർ സല്‍മാന്റെ കാമിയോ റോളും ചിത്രത്തിലുണ്ടായിരുന്നു.
ഇപ്പോഴിതാ കല്‍ക്കി ഷൂട്ടിങ്ങിനിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അന്ന ബെന്‍. ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കുകളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അണിയറ പ്രവർത്തക്കുള്ള നന്ദിയും താരം അറിയിക്കുന്നു.

പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നപ്പോഴാണ് രണ്ട് വർഷം മുമ്പ് 'കൈറ' എന്നിലേക്ക് എത്തുന്നത്. അതിനാല്‍ ആ അവസരത്തില്‍ ചിത്രത്തിനു സമ്മതിച്ചു. എന്നാല്‍, ഇത് എൻ്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച നാഗ് അശ്വിന്‍ എന്ന ഈ അത്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിൻ്റെ ഭാഗമാക്കിയതിന് വൈജയന്ത് മൂവീസിനും ഒരുപാട് നന്ദി അറിയിക്കുന്നു.
നാഗി സർ എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു, കാരണം ഈ രണ്ടുവർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല.
അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആർക്കും പ്രചോദനമാകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്കു വഴിയൊരുക്കിയത്. സാർ.. നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയിൽ കൈറയെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ എപ്പോഴും വളരെ നന്ദിയുള്ളവളായിരിക്കും.
ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്. അദ്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്.
കൈറയ്ക്ക് നിങ്ങളെല്ലാം നൽകുന്ന സ്നേഹത്തിന് നന്ദി, അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ്.












Click it and Unblock the Notifications