അന്‍സിബയുടേയും ബാബു രാജിന്റേയും ലക്ഷ്യം ആ ഏഴ് കോടി: കണക്ക് ചോദിച്ചപ്പോള്‍ ഉത്തരമില്ല: അനൂപ്
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങിയ ബാബു രാജിനെതിരെ നിശിതമായ വിമർശനമാണ് സംഘടനയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉയർന്നത്. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള താരം മത്സരിക്കുന്നത് പരസ്യമായി തന്നെ ചോദ്യം ചെയ്യപ്പെട്ടു.
ആരോപണ വിധയരായ താരങ്ങള്‍ ഒന്നടങ്കം മാറി നില്‍ക്കുമ്പോഴായിരുന്നു ഗുരുതരമായ ആരോപണം നേരിടുന്ന ബാബു രാജ് സംഘടനയുടെ പ്രധാന പദവിയിലേക്ക് മത്സരിക്കാനായി പത്രിക നല്‍കിയത്. 'അമ്മ' ആജീവനാന്ത അംഗം മല്ലിക സുകുമാരന്‍, മാലാ പാർവതി തുടങ്ങിയവർ ഇത് ശരിയല്ലെന്ന നിലപാട് തുറന്ന് പ്രകടിപ്പിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറിനിന്നുവെന്ന് വിജയ് ബാബു ഓർമ്മപ്പെടുത്തിയപ്പോള്‍ ബാബുരാജിനെതിരേ സാമ്പത്തിക ആരോപണം അടക്കമാണ് അനൂപ് ചന്ദ്രന്‍ ഉന്നയിച്ചത്.

സംഘടനയെ കട്ട് മുടിക്കുകയാണ് ബാബു രാജിന്റേയും അന്‍സിബയുടേയും ലക്ഷ്യമെന്നാണ് അനൂപ് ചന്ദ്രന്‍ ആരോപിക്കുന്നത്. കുടുംബ സംഗമം നടത്തുമ്പോള്‍ ബാബു രാജ് മറ്റ് ആരോടും കൂടിയാലോചനകള്‍ നടത്താതെ അദ്ദേഹം അദ്ദേഹത്തിന്റെ സില്‍ബന്ധികളുമാണ് കാര്യങ്ങള്‍ നടത്തിയത്. കുടുംബ സംഗമം നടന്നെങ്കിലും അതിന്റെ കണക്ക് പോലും ഇതുവരെ അവതിരിപ്പിച്ചിട്ടില്ലെന്നും അനൂപ് ചന്ദ്രന്‍ ആരോപിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കണക്ക് ചോദിക്കുമ്പോള്‍ അദ്ദേഹം മുഷ്ടി ചുരുട്ടി ഡസ്കില്‍ ഇടിക്കുകയാണ് ചെയ്തത്. ഇതുവരെ ആ കണക്ക് അവതരിപ്പിച്ചിട്ടില്ല. ഇനി നമ്മുടെ പക്കല്‍ ഒരു ഏഴ് കോടി രൂപയുണ്ട്. ഒരു വർഷം ഇന്‍ഷൂറന്‍സിന് ഒരു കോടി രൂപയും പെന്‍ഷന് മറ്റൊരു ഒരു കോടി രൂപയും വേണം. ഈ പണം കൂടെ അപഹരിച്ചുകൊണ്ടു പോയാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, എതിർപ്പുകള്‍ ശക്തമായതോടെ ബാബു രാജ് മത്സര രംഗത്ത് നിന്നും മാറി നിന്നേക്കുമെന്ന തരത്തിലുള്ള വാർത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായത് എന്നാണ് സൂചന. മുതിർന്ന താരങ്ങള്‍ ആവശ്യപ്പെട്ടതോടെ മാറി നില്‍ക്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം ഇതുവരെ പത്രിക പിന്‍വലിച്ചിട്ടില്ല. ഇന്ന് വൈകീട്ട് വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും ബാബു രാജ് പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക മാത്രമായിരിക്കും അദ്ദേഹം പിന്‍വലിക്കുക. അതായത് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കും. ബാബുരാജിന് പുറമേ, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ജഗദീഷ് പിന്മാറിയതോടെ ശ്വേതാ മേനോനും ദേവനും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് കളം ഒരുങ്ങി. വനിത പ്രസിഡന്‍റ് വരട്ടെ എന്ന നിലപാട് വ്യതമാക്കിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടന്‍ ജഗദീഷ് പിൻമാറിയത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി. അങ്ങനെയെങ്കില്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാകും ശ്വേത മേനോന്‍.
പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനൽകിയ ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യാ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നു. ഇന്ന് നാല് മണിയോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. 15-നാണ് 'അമ്മ' തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications