പൃഥ്വി തീരുമാനിച്ചാല്‍ മാറ്റില്ല; ക്ലൈമാക്സ് റഷ്യയിലേക്ക് മാറ്റിയതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍
മലയാളി പ്രേക്ഷകര്‍ റിലീസിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍. നിരൂപകരുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിന് ലഭിച്ച വലിയ തിരിച്ചുവരവായിരുന്നു ലൂസിഫര്‍ എന്ന പൃഥ്വിരാജ് പടം.
2019 ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് L2 എമ്പുരാന്‍.

L2 എമ്പുരാന്റെ ടീസര്‍ ജനുവരി 26 ന് വൈകിട്ട് പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്യും. ലൂസിഫറിനെ ഇരുകൈയും നീട്ടി സ്വീകരിച്ച ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ബിഗ് ബജറ്റ് ചിത്രമായ എമ്പുരാനെ കാത്തിരിക്കുന്നത്. പ്രേക്ഷരുടെ അഭിരുചിക്കനുസരിച്ചുള്ള എല്ലാ ചേരുവകളും കൂടാതെ ഒരു ഹോളിവുഡ് സിനിമ പോലെ ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളും എമ്പുരാനിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന്‍ എന്ന് നടനും പൃഥ്വിയുടെ സഹോദരനുമായ ഇന്ദ്രജിത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ലൂസിഫറിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ പൃഥിരാജ് എടുത്ത തീരുമാനത്തെക്കുറിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ലൂസിഫറിന്റെ ക്ലൈമാക്‌സ് യു.എ.ഇയിലെ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിലെ രംഗങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവതരിപ്പിക്കാന്‍ വേണ്ടി റഷ്യയില്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ലൊക്കേഷനുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വി ഒരു തീരുമാനമെടുത്താല്‍ അത് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
എന്തു കാര്യവും അവന്‍ തീരുമാനിക്കുന്നതിന് മുമ്പാണെങ്കില്‍ പറഞ്ഞ് കറക്ട് ചെയ്യിപ്പിക്കാം. എല്ലാം തീരുമാനിച്ചുകഴിഞ്ഞ് മാറ്റാന്‍ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും പൃഥ്വി നേരിട്ടുപോയി കണ്ടാണ് തീരുമാനിക്കുന്നത്.
ചിത്രീകരിക്കേണ്ട രംഗത്തിലെ താരങ്ങളെക്കുറിച്ചും കളര്‍ പാറ്റേണിനെക്കുറിച്ചും അവന് നേരത്തേ മനസില്‍ നല്ല ധാരണയുണ്ടാകും. റഷ്യയിലെ ചിത്രീകരണത്തിനുള്ള പെര്‍മിഷന്‍ വാങ്ങിക്കൊടുത്തതല്ലാതെ അവിടത്തെ ബാക്കി കാര്യങ്ങളെല്ലാം രാജുവാണ് നോക്കിയത് എന്നും ആന്റണി പറയുന്നു
'ഞാന്‍ അവിടെ പോയിട്ടില്ല. ലൊക്കേഷനിലെ തണുപ്പില്‍ ടെക്‌നീഷ്യന്മാരുടെ ജാക്കറ്റ് വരെ വാങ്ങിക്കൊടുത്തത് രാജുവാണ്. ആത്മാര്‍ത്ഥമായാണവന്‍ സിനിമയെ സമീപിക്കുന്നത്. അപ്പോള്‍ സിനിമയുടെ നന്മയ്ക്കുവേണ്ടി അവന്‍ ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കാതിരിക്കാന്‍ കഴിയില്ല' - ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications