'എആർ റഹ്മാനിൽ നിന്ന് വിട്ട് നിൽക്കാൻ കാരണം..'; ഒടുവിൽ മൗനം വെടിഞ്ഞ് സൈറ ബാനു
സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ദിവസങ്ങൾക്ക് മുൻപ് സൈറയായിരുന്നു ആദ്യം വിവാഹമോചന വാർത്ത ആരാധകരുമായി പങ്കിട്ടത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ പറഞ്ഞത്. പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയലിനെ സംബന്ധിച്ച് വിശദീകരിച്ചു.
മുപ്പത് വർഷം ഈ ബന്ധം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ സന്തോഷങ്ങളിലെല്ലാം ഭാര്യയെ ചേർത്ത് പറയുന്ന റഹ്മാൻ എന്തുകൊണ്ടാണ് 29 വർഷം നീണ്ട ദാമ്പത്യം പൊടുന്നനെ അവസാനിപ്പിച്ചത് എന്ന ചോദ്യമാണ് ഇതോടെ ആരാധകർ ഉയർത്തിയത്.

വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ റഹ്മാൻ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡെ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു. എന്നാൽ വാർത്തകൾ തള്ളി റഹ്മാന്റെ മക്കളും മോഹിനിയും രംഗത്തെത്തി. ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഇപ്പോഴിതാ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൈറ. എന്തുകൊണ്ടാണ് താൻ ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചതെന്ന് അവർ വിശദീകരിച്ചു.
സൈറയുടെ വാക്കുകളിലൂടെ-' ഞാൻ സൈറ റഹ്മാൻ. ഞാൻ ഇപ്പോൾ ബോംബെയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടാണ് റഹ്മാനിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ ഞാൻ തീരുമാനിച്ചത്. ദയവ് ചെയ്ത് അദ്ദേഹത്തിനെതിരെ ഇനിയും മോശമായ വാർത്തകൾ നൽകരുതെന്ന് അപേക്ഷിക്കുകയാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഈ ലോകത്തിലെ മികച്ച മനുഷ്യനാണ്.
ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് എനിക്ക് ചെന്നൈ വിടേണ്ടി വന്നത്. ഞാൻ ബോംബെയിലാണ് വന്നത്.ഞാൻ ചികിത്സയുമായി മുന്നോട്ട് പോകുകയാണ്. എആർ റെഹ്മാന്റെ തിരക്കിനിടയിൽ ഇത് സാധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ആരേയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല, അദ്ദേഹത്തേയോ എന്റെ മക്കളേയോ പോലും.
പക്ഷെ അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം എങ്ങനെയാണോ അങ്ങനെ അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കൂവെന്നാണ് എല്ലാവരോടുമായി അപേക്ഷിക്കാനുള്ളത്. അദ്ദേഹത്തിന് ഇതൊന്നുമായി ബന്ധമില്ല, ഞാൻ അദ്ദേഹത്തെ എന്റെ ജീവനെ പോലെ വിശ്വസിക്കുന്നു. അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേിക്കുന്നു, തിരിച്ച് അദ്ദേഹവും.അദ്ദേഹത്തിനെതിരായ എല്ലാ വ്യാജ ആരോപണങ്ങളും അവസാനിപ്പിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ്.ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ നിമിഷത്തിൽ ഞങ്ങളടെ സ്വകാര്യത ബഹുമാനിക്കണം. ഞാൻ ചെന്നൈയിലേക്ക് ഉടൻ മടങ്ങിയെത്തും. പക്ഷെ എനിക്ക് എന്റെ ചികിത്സ പൂർത്തീകരിക്കണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ പേര് കളങ്കപ്പെടുത്തുന്നത് നിർത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. അദ്ദേഹമൊരു ജെം ആണെന്ന് ആവർത്തിക്കട്ടെ, നന്ദി', സൈറ പറഞ്ഞു.












Click it and Unblock the Notifications