റഹ്മാനും സൈറയും വേർപിരിയാന്‍ കാരണം മോഹിനിയോ? വെളിപ്പെടുത്തലുമായി സൈറയുടെ അഭിഭാഷക
എആർ റഹ്മാനും സൈറാ ബാനുവും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാർത്ത ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. എന്താണ് ഇരുവരേയും വേർപിരിയലിലേക്ക് നയിച്ചതെന്ന കാരണം ഇതുവരെ വ്യക്തമല്ല. ബേസിസ്റ്റ് മോഹിനി ഡേയുമായുള്ള റഹ്മാന്റെ ബന്ധമാണ് ഇത്തരമൊരു തീരുമാനത്തിലെ സൈറാ ബാനുവിനെ എത്തിച്ചതെന്നുള്‍പ്പെടേയുള്ള അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്ന് വന്നു. താന്‍ വിവാഹ മോചിതയായെന്ന മോഹിനി ഡേയുടെ പ്രതികരണം ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകർന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അടക്കം പ്രതികരണവുമായി സൈറാ ബാനുവിന്റെ അഭിഭാഷകയായ വന്ദന ഷാ രംഗത്ത് വന്നിരിക്കുകയാണ്.
റഹ്‌മാന്‍ - സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വന്ദന ഷാ വ്യക്തമാക്കിയത്. "അത്തരമൊരു പ്രചരണം ഒരിക്കലും ശരിയല്ല. രണ്ട് സംഭവങ്ങലും തമ്മിൽ ഒരു ബന്ധവുമില്ല. സൈറയും റഹ്മാനും സ്വന്തം നിലയിലാണ് ഈ തീരുമാനമെടുത്തത്" വന്ദന ഷാ പറഞ്ഞു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു വിധത്തിലുള്ള ചർച്ചയും ഇതുവരെ നടന്നിട്ടില്ല. പരസ്പര ബഹുമാനത്തോടെയാണ് ഇരുവരും വേർപിരിയുന്നത്. വളരെ പക്വതയോടെയാണ് സൈറയും റഹ്മാനും ഈ കാര്യത്തെ കൈകാര്യം ചെയ്തത്. ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ലാഘവത്തോടെ എടുത്ത തീരുമാനമായിരുന്നില്ല ഇത്. ഒരിക്കലും കാപട്യമുള്ള ബന്ധമായിരുന്നില്ല അവരുടേത്. തികച്ചും സൗഹൃദപരമായിരിക്കും അവരുടെ വേർപിരിയലെന്നും അഭിഭാഷക കൂട്ടിച്ചേർക്കുന്നു.
വിവാഹമോചനം ഇരുവർക്കും ഒരു വേദനാജനകമായ തീരുമാനമായിരുന്നു. ഇത് ആഘോഷിക്കേണ്ട അവസരമല്ല. ഈ ദാമ്പത്യത്തിൽ സൈറ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി. അദ്ദേഹം ഒരു സംരക്ഷകനായ ഭർത്താവും അവൾ ഒരു നല്ല ഭാര്യയുമാണ്. എന്നാല്‍ വിവാഹ മോചനത്തിന്റെ യഥാർത്ഥ കാരണം എനിക്കറിയാം, പക്ഷേ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ എനിക്ക് സ്വാതന്ത്ര്യമില്ല. പരസ്പരവുമായോ അല്ലാതെയോ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ ഇരുവരും പ്രതിജ്ഞാബദ്ധരാണെന്നും വന്ദന പറഞ്ഞു.
അതേസമയം, തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നുമായിരുന്നു വിവാഹ മോചന വാർത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് എആർ റഹ്മാന്‍ എക്സില്‍ കുറിച്ചത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിയാനായി ഇരുവരും തീരുമാനിച്ചത്. 1995ലാണ് എ ആർ റഹ്മാനും സൈറയും വിവാഹിതരാകുന്നത്. ഇരുവർക്കും ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.












Click it and Unblock the Notifications