ജവാന് വേണ്ടി അനിരുദ്ധ് വാങ്ങിയ പ്രതിഫലം കണ്ണ് തള്ളിക്കും; എആർ റഹ്മാനെ കടത്തിവെട്ടി
ബെംഗളൂരു: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആണെന്നായിരുന്ന അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ട്. 8 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നായിരുന്നു വാർത്തകൾ. സ്റ്റേജ് പരിപാടികൾക്കായി 3 കോടി രൂപയും. എന്നാൽ ഇതാ എആർ റഹ്മാനെ കടത്തി വെട്ടിയിരിക്കുകയാണ് യുവ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ. ഒരു സിനിമയ്ക്ക് 10 കോടി രൂപയാണ് അനിരുദ്ധ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഷാരൂഖ് ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രം ജവാന് സംഗീതമൊരുക്കാനാണ് അനിരുദ്ധ് 10 കോടി പ്രതിഫലം വാങ്ങിയതെന്നാണ് വാർത്തകൾ. ജവാന്റെ ടീസർ വൈറലായതിന് പിന്നാലെ അനിരുദ്ധ് ബോളിവുഡിലും ചർച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പ്രതിഫലം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

32 കാരനായ അനിരുദ്ധ് 2012 ൽ പുറത്തിയ ധനുഷ് ചിത്രമായ ത്രീയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ 'വൈ ദിസ് കൊലവറി' എന്ന ഗാനത്തിനായിരുന്നു അനിരുദ്ധ് സംഗീതമൊരുക്കിയത്. 21 വയസായിരുന്നു അനിരുദ്ധിന് അന്ന്. തമിഴിലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു ഇത്. കാത്തിയിലെ 'സെൽഫി പുള്ളെ' ആയിരുന്നു രണ്ടാമത്തെ ചിത്രം.
പിന്നീട് തമിഴ് സിനിമയിൽ തിരക്കുള്ള സംഗീത സംവിധായകനായി അനിരുദ്ധ് മാറി. നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ ഇതിനോടകം സംഗീതം നിർവഹിച്ചിട്ടുണ്ട്. മൈക്കിൾ ഫാത്തിമ എന്ന മലയാള ചിത്രത്തിൽ ഗായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ജവാനൊപ്പം ദളപതി വിജയുടെ ലിയോ, രജനീകാന്തിന്റെ ജെയിലർ, ജൂനിയർ എൻടിആറിന്റെ ദേവറ, കമൽഹാസന്റെ ഇന്ത്യൻ 2, അജിത്ത് കുമാറിന്റെ വിഡ മുയർച്ചി എന്നീ ചിത്രങ്ങളാണ് അനിരുദ്ധിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക ശ്രേയ ഘോശാൽ ആണ്.ശ്രേയ ഒരു ഗാനത്തിന് വാങ്ങുന്നത് 25 ലക്ഷം രൂപയാണ്. ബോളിവുഡ് പിന്നണി ഗായകരായ സുനീതി ചൗഹാനും അർജിത് സിംഗുമാണ് ശ്രേയയ്ക്ക് തൊട്ട് പുറകിൽ. 20 മുതൽ 22 ലക്ഷം വരെയാണ് ഇവരുടെ പ്രതിഫലം.സോനു നിഗം, ബാദ്ഷ എന്നീ ഗായകർ 20 ലക്ഷത്തിൽ കുറവ് പ്രതിഫലമേ വാങ്ങാറുള്ളു. ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ ഗായകരിൽ ഷാൻ, നേഹ കക്കർ, മിക്ക, ഹണി സിംഗ് എന്നിവരും ഉൾപ്പെടുന്നു.












Click it and Unblock the Notifications