ഇപ്പോള്‍ സിനിമയൊന്നും ഇല്ലേ? മാതാപിതാക്കള്‍ വരെ ചോദിച്ചുതുടങ്ങി: ജീവിതത്തില്‍ ആദ്യമെന്ന് വിദ്യാ ബാലന്‍
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ ഉദിച്ചുയര്‍ന്ന താരമാണ് വിദ്യാ ബാലന്‍. മറ്റു ബോളിവുഡ് സുന്ദരികളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യാ ബാലന്‍ ശ്രദ്ധ നേടിയത്. മറ്റു താരങ്ങള്‍ ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്ന റോളുകള്‍ക്ക് പ്രധാന്യം നല്‍കിയപ്പോള്‍ സ്വന്തം നിലപാടുകള്‍ ഉറക്കെ പറയാനും വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ഏറ്റെടുക്കാനും ധൈര്യം കാട്ടിയ നടിയാണ് വിദ്യാ ബാലന്‍. സൗന്ദര്യത്തിന് അപ്പുറം കഴിവിന്റെ അടിസ്ഥാനത്തിലാണ് വിദ്യ ആരാധകരെ സ്വന്തമാക്കിയത്.
സമീപ കാലത്തായി സിനിമകളില്‍ വിദ്യ ബാലന്‍ സജീവമല്ല. അഭിനയ പ്രാധാന്യമുള്ള റോളുകള്‍ മാത്രമാണ് തിരഞ്ഞെടുത്ത് അഭിനയിക്കുന്നത്. കുടുംബത്തിനും വിദ്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നീ എപ്പോഴാണ് ജോലിയിലേക്കു മടങ്ങുന്നതെന്ന് തന്റെ മാതാപിതാക്കള്‍ വരെ ചോദിച്ചുതുടങ്ങിയെന്ന് വിദ്യാ ബാലന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ തന്റെ ഇപ്പോഴുള്ള സമ്മര്‍ദരഹിതമായ ജീവിതത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് 46-കാരിയായ വിദ്യ പറയുന്നു. ആദ്യമായാണ് ജീവിതത്തില്‍ സമ്മര്‍ദം അനുഭവിക്കാതെ മുന്നോട്ടു പോകുന്നത്.
വിദ്യയുടെ വാക്കുകള്‍: ഞാന്‍ എന്തിനു വേണ്ടിയാണ് തിടുക്കം കൂട്ടുന്നത്. ഞാന്‍ വായനയിലേക്ക് തിരിച്ചുവന്നു. അത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ സമ്മര്‍ദം അനുഭവിക്കുന്നില്ല. അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അറിയാതെയോ നാം ഒരുപാട് സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നു. അന്നത് എനിക്കത് മനസിലായില്ല. എന്നാല്‍ ഈ കാലഘട്ടം ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ തിരക്കഥകള്‍ വായിക്കുന്നു. കഥകള്‍ കേള്‍ക്കുന്നു. ചില സിനിമകള്‍ ചെയ്യാനും തീരുമാനിച്ചു.
ജീവിതം ആസ്വദിക്കാന്‍ സമയം ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദ്യ പറയുന്നു. ജീവിതത്തില്‍ സന്തോഷമുണ്ടെങ്കില്‍ സെറ്റില്‍ ചെല്ലുമ്പോള്‍ എനിക്ക് എന്തെങ്കിലും തിരികെ നല്‍കാന്‍ കഴിയും. സെറ്റുകളില്‍ തന്നെ ജീവിതം തളച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മാതാപിതാക്കളും സഹോദരിയും അവളുടെ കുടുംബവും എല്ലാവരും എന്റെ അടുത്താണ്.
ഞാന്‍ അവരോടൊപ്പം ധാരാളം സമയം ചെലവഴിക്കുന്നു. ചിലപ്പോള്‍ അവര്‍ ചോദിക്കും. നീ എപ്പോഴാണ് സിനിമയിലേക്കു മടങ്ങുകയെന്ന്. ഞാന്‍ ഭര്‍ത്താവിനോട് പരിഭവം പറയാറുണ്ട്. എനിക്കു വേണ്ടി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല എന്ന്. സിദ്ധാര്‍ത്ഥ് തിരക്കിലായിരിക്കുമ്പോള്‍, ഞാന്‍ ഫ്രീ ആയിരിക്കും. ഞാന്‍ തിരക്കിലായിരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് ഫ്രീയാകും. ഒരുമിച്ചുള്ള സമയം വിലമതിക്കാനാവാത്തതാണെന്ന് ഞാന്‍ കരുതുന്നു. അത് എന്നെ വീണ്ടും ഊര്‍ജ്ജസ്വലമാക്കുന്നു'. - വിദ്യ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications