മമ്മൂട്ടിയുടെ താടി കാരണം ഭ്രമയുഗത്തിലെ വേഷം നഷ്ടമായ ആസിഫ് അലി: ആ ധൈര്യം മമ്മൂട്ടിക്ക് മാത്രമെന്നും ആസിഫ് അലി
മമ്മൂട്ടിയോടൊപ്പം അർജുന്‍ അശോകന്‍, സിദ്ധാർത്ഥ് ഭരതന്‍, അമല്‍ഡ് ലിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രം മികച്ച അഭിപ്രായം നേടികൊണ്ട് മുന്നേറുകയാണ്. പതിവ് പോലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ മികച്ച് നില്‍ക്കുമ്പോള്‍ അർജുന്‍ അശോകന്‍, സിദ്ധാർത്ഥ് എന്നിവരുടെ അഭിനയത്തിനും അഭിനന്ദനങ്ങള്‍ ഏറെയാണ്.
യഥാർത്ഥത്തില്‍ ആസിഫ് അലി ചെയ്യേണ്ടിയിരുന്ന വേഷമാണ് അർജുന്‍ അശോകനിലേക്ക് എത്തിയത്. തിരക്കഥ വായിച്ചതിന് ശേഷം ആസിഫ് അലി ഈ വേഷം നിഷേധിക്കുകയായിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഭ്രമയുഗത്തിലെ വേഷം താന്‍ നിഷേധിക്കുകയായിരുന്നില്ലെന്നാണ് ആസിഫ് അലി പറയുന്നത്.

ഭ്രമയുഗം ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് വളരെ നേരത്തെ വന്നു. എനിക്ക് ആ സമയത്ത് വേറെ സിനിമയുമായി കരാറുണ്ടായിരുന്നു. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്. താന്‍ ചെയ്യേണ്ടിയിരുന്ന വേഷം അർജുന്‍ അശോകന്‍ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. അതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം പറയുന്നു.
'മമ്മൂക്ക ഒരു സിനിമയ്ക്കു വേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായി ഭ്രമയുഗവും ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് എനിക്കാ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്' നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നു.
ഈ കഥാപാത്രം മമ്മൂട്ടി ചെയ്യാൻ തീരുമാനിച്ചത് തന്നെ അദ്ദേഹത്തിന് സിനിമയോടുള്ള ആത്മാർഥതയാണ് വെളിപ്പെടുത്തുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാണ് അദ്ദേഹത്തെ മലയാളത്തിലെ മഹാനടൻ എന്ന് വിശേഷിപ്പിക്കുന്നത്. ആ സിനിമ ജഡ്‌ജ് ചെയ്ത്‌ത്, മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം. അദ്ദേഹം അത് കാണിച്ചു. അത് നമുക്കെല്ലാം ഒരു മാതൃകയാണ്.
ഭ്രമുയഗത്തെക്കുറിച്ച് മുഴുവനായി കേള്‍ക്കുകയും കൃത്യമായി തിരക്കഥ വായിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം. മമ്മൂക്കയുടെ ഏറ്റവും മികച്ച പെർഫോമന്‍സുകളില്‍ ഒന്നുമാണ് ഈ സിനിമ. ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച വേഷം അർജുന്റെ അടുത്തേക്ക് പോയതിൽ സന്തോഷമേയുള്ളൂ. അർജുന്റെ നെക്സ്റ്റ് ലെവലാണ് ഈ സിനിമയോടു കൂടി കാണാൻ പോകുന്നതെന്നും മമ്മൂട്ടി അന്ന് പറഞ്ഞു.
സോകോള്‍ഡ് സിനിമകള്‍ എടുക്കാന്‍, നിലനില്‍പിന്റെ പ്രശ്‌നം ഓര്‍ത്ത് നടന്മാര്‍ മടിക്കുമ്പോള്‍ ആ പേടി മാറ്റി തന്ന നടന്‍ കൂടിയാണ് മമ്മൂക്ക. ഇത് പോലുള്ള വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ എടുക്കണം എന്ന് റോഷാക്ക് എടുക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഭ്രമയുഗം എന്ന സിനിമ.
സത്യത്തില്‍ ഭ്രമയുഗം പോലൊരു സിനിമ മമ്മൂട്ടി ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഭ്രമയുഗം പൊലൊരു സിനിമ ഏറ്റെടുത്ത് ചെയ്യാനുള്ള ധൈര്യം മമ്മൂക്ക കാണിച്ചു എന്നുള്ളതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇതൊക്കെ തനിക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications