'ഒരു മാധ്യമപ്രവർത്തകൻ ആകാനായിരുന്നു എനിക്കിഷ്ടം, പക്ഷേ..'; മനസ്സുതുറന്ന് ഹരി പത്തനാപുരം
ജ്യോത്സ്യൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന ഒരു രൂപമുണ്ട്, എന്നാൽ ഹരി പത്തനാപുരത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. വ്യത്യസ്തനാണ് ഹരി. തന്റെ വിശ്വസങ്ങൾക്കകത്ത് നിന്ന് അന്ധവിശ്വാസങ്ങൾക്ക് എതിരെ സംസാരിക്കുന്ന വ്യക്തിയാണ് ഹരി. അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദത്തിനും എതിരെയും ഒക്കെ സംസാരിക്കുന്നത് കൊണ്ട് തന്നെ തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടെന്ന് പറയുകയാണ് അദ്ദേഹം..
തന്റെ വിശ്വാസത്തെക്കുറിച്ചും എങ്ങനെയാണ് ജ്യോതിഷത്തിലേക്ക് എത്തി എന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. കൗമുദി മൂവിക്ക് നൽകിയ അഭിമുഖത്തിലാണ് ഹരി ഇക്കാര്യങ്ങൾ പറയുന്നത്. തനിക്ക് മാധ്യമപ്രവർത്തകൻ ആകാനായിരുന്നു ഇഷ്ടമെന്നും പക്ഷേ അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ ആണ് താൻ ഈ രംഗത്തേക്ക് വന്നതെന്നും ഹരി പറയുന്നു. ഈ രംഗത്തേക്ക് വന്നതിന് ശേഷം ഒരു താത്പര്യ കുറവ് വിശ്വാസക്കുറവോ തനിക്കില്ലെന്നും ഹരി പറഞ്ഞു.
ഹരിയുടെ വാക്കുകൾ:

ഒരു മാധ്യമപ്രവർത്തകൻ ആകാനായിരുന്നു എനിക്കിഷ്ടം. പക്ഷേ എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയാണ് ഞാൻ ഈ രംഗത്തേക്ക് ഇറങ്ങിയത്. കുടുംബപരമായി ഞങ്ങൾ ജ്യോത്സ്യന്മാരാണ്. അച്ഛന് ശേഷം ഞാൻ അതേറ്റെടുക്കണം. അദ്ദേഹം പറഞ്ഞതിനാലാണ് ഞാൻ ഈ രംഗത്ത് വന്നത്. ഈ രംഗത്ത് വന്നതിന് ശേഷം ഒരു താത്പര്യക്കുറവോ, വിശ്വാസക്കുറവോ എനിക്കില്ല, അദ്ദേഹം പറയുന്നു.
വിശ്വാസത്തിന് അകത്ത് നിന്നുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. അന്ധവിശ്വാസത്തിനും മന്ത്രവാദത്തിനും ഞാൻ എതിരാണ്. ജ്യോതിഷം തെറ്റല്ല, ജ്യോതിഷത്തിന്റെ മറവിൽ കപട മന്ത്രവാദവും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നതാണ് തെറ്റ്, എന്റെ കുലത്തൊഴിലാണ് ജ്യോതിഷം. അതിന്റെ മറവിലുള്ള ചതി ഞാൻ ക്ഷമിക്കില്ല. അതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. ഇനിയും സംസാരിക്കും ഹരി പറഞ്ഞു.
ഇങ്ങനെ സംസാരിക്കുന്നതിന്റെ പേരിൽ തുടക്കത്തിൽ ഒക്കെ തനിക്കെതിരെ ഒരുപാട് ഭീഷണികൾ വരുമായിരുന്നെന്നും ഇപ്പോഴും തനിക്ക് ശത്രുക്കൾ ഉണ്ടെന്നും ശത്രുസംഹാര പൂജയും, പ്രവചനവും, മന്ത്രവാദവും എല്ലാം സത്യമായിരുന്നുവെങ്കിൽ താൻ എന്നേ വലിയ നിലയിൽ എത്തിയേനെ എന്നും ഹരി പറഞ്ഞു.
ഞാൻ മിണ്ടുന്നതാണ് പ്രശ്നം, ഞാൻ മിണ്ടാതിരുന്നാൽ എനിക്ക് ലക്ഷങ്ങൾ തരാൻ തയ്യാറായവരുണ്ട്. വെറുതേ ഇരുന്ന് തോന്നുന്നത് പ്രവചിച്ചാൽ പോലും കാശ് തരും. പക്ഷേ എനിക്ക് പ്രവചിക്കാൻ അറിയില്ല. അതെന്റെ കഴിവു കേടായിരിക്കും. അത് ഞാൻ അംഗീകരിക്കുന്നു. മിണ്ടാതിരുന്നെങ്കിൽ എനിക്ക് ലക്ഷങ്ങൾ സമ്പാദിച്ച് , വീട് പണി പൂർത്തിയാക്കാമായിരുന്നു. മിണ്ടുന്നതാണ് പ്രശ്നം ഹരി പറഞ്ഞു.












Click it and Unblock the Notifications