'സിനിമ മോശമാണ് എന്ന് പറയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്, പക്ഷെ..!'; മോഹന്‍ലാല്‍ പറയുന്നു
സിനിമ എന്നത് ഒരുപാട് പേരുടെ ഉത്തരവാദിത്തവും ആത്മസമര്‍പ്പണവുമാണ് എന്ന് നടന്‍ മോഹന്‍ലാല്‍. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ നേരിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി മാന്‍ ബ്രോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ എന്ന നിലയില്‍ നേര് എന്ന സിനിമയോടുള്ള തങ്ങളുടെ ഉത്തരവാദിത്തം റിലീസോടെ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് എല്ലാം പ്രേക്ഷകരുടെ ഉത്തരവാദിത്തമാണ് എന്നും സിനിമ സ്വീകരിക്കണമോ വേണ്ടയോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. നേര് എന്ന് പറയുന്ന സിനിമ തങ്ങള്‍ വളരെ അധികം കഷ്ടപ്പെട്ടുണ്ടാക്കിയ സിനിമയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ ഞാന്‍ അറിയാതെ വന്ന ഒരു ആക്ടറാണ്. വന്നപ്പോള്‍ ആ സിനിമയില്‍ ഒരു താല്‍പര്യം തോന്നി. അതിനൊരു ഭയങ്കര ഫയര്‍ ഉണ്ടായി. ആ സിനിമ ചെയ്യണം എന്നുള്ളത്. അതേ ഫയര്‍ ഇപ്പോഴും നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നുള്ളതായിരിക്കാം ഇത്രയും വര്‍ഷമായിട്ട് നില്‍ക്കുന്നത്. അതൊരു വലിയ ഭാഗ്യമായിട്ട് കരുതുന്നു.
അതിന് എന്റെ കൂടെ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന എല്ലാവരേയും ഞാന്‍ മനസില്‍ നന്ദി പറയുന്നു. നേര് സിനിമയുമായി ബന്ധപ്പെട്ട എന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ സിനിമയില്‍ അഭിനയിച്ചതോടെ എന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ഇനി പ്രേക്ഷകരുടെ ഉത്തരവാദിത്തമാണ് ആ സിനിമയോ സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് എന്റെ അടുത്ത സിനിമയെ കുറിച്ചെ ചിന്തിക്കാന്‍ സാധിക്കൂ.
21 വരെയാണ് എന്റെ ഈ സിനിമ. അത് കഴിഞ്ഞാല്‍ അതില്‍ ഒരു കറക്ഷനും ചെയ്യാന്‍ പറ്റില്ല. എന്തെങ്കിലും ചെയ്യണമെങ്കില്‍ അതിന് മുന്‍പ് ചെയ്യണം. ആ ഉത്തരവാദിത്തങ്ങള്‍ നമ്മള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. അതില്‍ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവരൊക്കെ ചേര്‍ന്നിട്ടുള്ള ഒരു കോണ്‍ഗ്രസ് ആണത്. മലയാളത്തില്‍ ആയിരിക്കാം ഒരു സിനിമ പരാജയപ്പെട്ടാല്‍ ആക്ടറുടെ പേരില്‍ ആരോപിക്കപ്പെടുന്നത്.
പലസ്ഥലത്തും ഡയറക്ടറുടെ പേരിലാണ് ആരോപിക്കപ്പെടുന്നത്. ഉത്തരവാദിത്തം എന്ന് പറയുന്നത് ഒരു കമ്മിറ്റ്മെന്റാണ്. എന്റെ ഉത്തരവാദിത്തം എന്ന് പറയുന്നത് എനിക്ക് തന്നിരിക്കുന്ന റോള്‍ ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്. അത് മാത്രമല്ല, ആ സിനിമയുടെ ടോട്ടാലിറ്റിയിലും നിങ്ങള്‍ കൂടെ സഞ്ചരിക്കണം. അത് വളരെ നല്ല ഒരു സിനിമയാണ്.
അതൊരു ഇമോഷണല്‍ ഡ്രാമയും കാലിക പ്രസക്തവുമായ സിനിമയാണ് എന്ന് അറിഞ്ഞ് കൊണ്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. അത് ഏറ്റവും നല്ല സിനിമയാണ് എന്ന് ഞാന്‍ നിങ്ങളോട് പറയണമെങ്കില്‍ അതില്‍ ഒരു സത്യസന്ധത വേണം. ആ സത്യസന്ധതയോട് കൂടിയാണ് പറയുന്നത്. നേര് എന്ന് പറയുന്നത് ഞങ്ങള്‍ വളരെ അധികം കഷ്ടപ്പെട്ടുണ്ടാക്കിയ സിനിമയാണ്.
എത്രയോ വര്‍ഷങ്ങളായി മനസിലുണ്ടായ ആശയത്തെ രണ്ട് പേരും കൂടി ചേര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് വന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്കും അത് ഇഷ്ടമായി ചെയ്ത ഒരു സിനിമയാണ്. ആ സിനിമ മോശമാണ് എന്ന് പറയാനുള്ള എല്ലാ അധികാരവും നിങ്ങള്‍ക്കുണ്ട്. പക്ഷെ നല്ല സിനിമയെ മോശമാണ് എന്ന് പറയണോ എന്ന് പറയേണ്ടത് നിങ്ങളാണ്.'












Click it and Unblock the Notifications