'ബാഡ് ബോയ്സ് റിവ്യൂ നീക്കം ചെയ്തോ ഇല്ലെങ്കിൽ വിവരം അറിയും'; ഭീഷണിയുമായി ഷീലു എബ്രഹാമിന്‍റെ ഭര്‍ത്താവ്
ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ബാഡ് ബോയ്സ് എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഭീഷണിപ്പെടുത്തി നിർമ്മാതാവ്. എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് 'ഉണ്ണി വ്ലോഗ്' വ്ലോഗറായ ഉണ്ണികൃഷ്ണനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ വിവരം അറിയുമെന്നും പോലീസുമായി വീട്ടിലെത്തുമെന്നുമാണ് എബ്രഹാം പറയുന്നത്. നടി ഷീലുവിന്റെ ഭർത്താവാണ് എബ്രഹാം. എബ്രഹാമിന്റെ ഫോൺ കോൾ തന്റെ പുതിയ വ്ലോഗിൽ ഉണ്ണികൃഷ്ണൻ പങ്കുവെച്ചിട്ടുണ്ട്.
എബ്രഹാം പറയുന്നത് ഇങ്ങനെ-'താനൊരു വീഡിയോ ഇട്ടില്ലേ, അത് രണ്ട് മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഞാൻ പോലീസിനേയും കൊണ്ട് വീട്ടിൽ വരും. നിന്നെ തൂക്കിയെടുത്ത് പോരും. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല. ഇത് നിനക്ക് തരുന്ന താക്കീതാണ്. ഇപ്പോൾ എന്തിനാണ് വീഡിയോ ഇട്ടത്. ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിന്റെ ഗതി അധോഗതിയായിരിക്കും. നിന്റെ തോന്നുന്നത് പറയാനല്ല കോടിക്കണക്കിന് രൂപ ഞാൻ മുടക്കുന്നത്.

എബ്രഹാം മാത്യു ചിത്രം കടപ്പാട് ഫേസ്ബുക്ക്
ആരാണ് നിനക്ക് ഇത്ര പൈസ തന്നത് ഇതെഴുതാൻ. പ്രശ്നം ഉണ്ടാക്കാനാണെങ്കിൽ നിന്റെ അധോഗതിയായിരിക്കും. വെറുതെ കോടാലി ഒപ്പിക്കേണ്ട. ടെൻഷൻ വരുത്തി വെക്കാനാണെങ്കിൽ നീ നിന്റെ പണിയുമായി മുന്നോട്ട് പോകു. എന്റെ സിനിമയെ പറ്റി വായിൽ തോന്നിയത് വിളിച്ച് പറയാനാണോ ഞാൻ കോടി കണക്കിന് രൂപ മുടക്കി സിനിമ ഉണ്ടാക്കുന്നത്. എനിക്ക് നിന്റെ അഭിപ്രായം വേണ്ട. നീ പണം വാങ്ങിയത് ആരുടെ കൈയ്യിൽ നിന്നാണെന്ന് എനിക്ക് നിന്നോട് പറയാൻ സാധിക്കില്ല. നിന്റെ റിവ്യൂ എന്റെ സിനിമയെ ബാധിക്കില്ല. പക്ഷെ നീ വിവരമറിയും', എബ്രഹാം പറഞ്ഞു.
ഉണ്ണികൃഷ്ണന്റെ മറുപടി ഉങ്ങനെയായിരുന്നു- 'ഞാൻ എന്റെ അഭിപ്രായിാണ് പറഞ്ഞത്. ഞാനൊരാളുടേയും കൈയ്യിൽ നിന്നും പൈസ വാങ്ങിയിട്ടില്ല. ആരുടെ കൈയ്യിൽ നിന്നാണ് ഞാൻ പൈസ വാങ്ങിയത് എന്ന് പറയൂ. അതിന് ശേഷം ഞാൻ ഡിലീറ്റ് ചെയ്തോളം. എല്ലാവരും സിനിമ ചെയ്യുന്നത് കോടിക്കണക്കിന് രൂപ മുടക്കിയിട്ട് തന്നെയാണ്. ഞാൻ ഈ കോൾ റെക്കോഡ് വീഡിയോ ഇടും . അതിനൊപ്പം വീഡിയോ ഡിലീറ്റും ചെയ്യാം', എന്നാണ് വ്ലോഗർ പറയുന്നത്. തനിക്ക് പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന, ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും വ്ലോഗർ പറഞ്ഞു.
ധ്യാൻ ശ്രീനിവാസനെ കൂടാതെ റഹ്മാൻ, ഷീലു എബ്രഹാം എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഒമർ ലുലുവാണ് ചിത്രം സംവിധാനം ചെയ്തത്.












Click it and Unblock the Notifications