ഭഗവന്ത് കേസരി മെഗാ ഹിറ്റ്, ഒന്നാം നിരയിലേക്ക് കുതിച്ച് ബാലകൃഷ്ണ, പ്രതിഫലം വര്‍ധിപ്പിച്ചു
തെലുങ്ക് സിനിമയില്‍ വമ്പന്‍ വിജയവുമായി കുതിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണ. തുടരെ പരാജയ ചിത്രങ്ങള്‍ ചെയ്തിരുന്ന ബാലകൃഷ്ണ ഇപ്പോള്‍ ഹാട്രിക്ക് ബ്ലോക്ബസ്റ്ററുകളുമായി തെലുങ്ക് സിനിമയുടെ മുന്‍നിരയില്‍ വീണ്ടും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ ഭഗവന്ത് കേസരിയുടെ വിജയത്തിന് പിന്നാലെ അദ്ദേഹം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്. സാധാരണ അടുത്തൊന്നും അദ്ദേഹം പ്രതിഫലം വര്‍ധിപ്പിച്ചിട്ടില്ല.
സൂപ്പര്‍ താരങ്ങളും, ചെറു താരങ്ങളുമെല്ലാം അടുത്തിടെ പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ചിത്രത്തിനായി പ്രതിഫലം ഉയര്‍ത്താമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടര്‍ പരാജയങ്ങളില്‍ നില്‍ക്കുന്ന തെലുങ്ക് സിനിമയില്‍ നാനി അടക്കമുള്ളവര്‍ വിജയ ചിത്രങ്ങളില്ലാതെ തന്നെ പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു.

പുഷ്പര തെലുങ്കില്‍ വമ്പന്‍ വിജയമായിരുന്നില്ല. എന്നാല്‍ ഹിന്ദിയില്‍ വിജയമായതോടെ അല്ലു അര്‍ജുനും പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാരു വാരി പാട്ട വന്‍ വിജയമാകാതെ പോയിട്ടും മഹേഷ് ബാബുവും പുതിയ ചിത്രമായ ഗുണ്ടൂര്‍ കാരത്തിനായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. രവി തേജ ടൈഗര്‍ നാഗേശ്വര്‍ റാവു ശരാശരിയായിട്ടും അതുപോലെ പ്രതിഫലം ഉയര്‍ത്തി.
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ചിരഞ്ജീവി എന്നിവരെല്ലാം പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണയും പ്രതിഫലം ഉയര്‍ത്തി. അഖണ്ഡ, വീര സിംഹ റെഡ്ഡി, ഭഗവന്ത് കേസരി എന്നിങ്ങനെ മൂന്ന് തുടര്‍ വിജയങ്ങളാണ് ബാലകൃഷ്ണ നേടിയത്. അടുത്തിടെ തെലുങ്ക് സിനിമയില്‍ ആരും കൈവരിക്കാത്ത നേട്ടമാണിത്. ഏറ്റവും വലിയ താരമായ ചിരഞ്ജീവി പോലും തുടര്‍ പരാജയങ്ങള്‍ നേരിട്ടിരിക്കുകയാണ്.
ബാലകൃഷ്ണ ചിത്രത്തിന് മിനിമം ഗ്യാരണ്ടിയുണ്ടെന്നാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ പറയുന്നത്. അഖണ്ഡയ്ക്ക് മുമ്പ് പത്ത് കോടിയായിരുന്നു താരം പ്രതിഫലമായി വാങ്ങിയിരുന്നു. അഖണ്ഡ കൊവിഡ് കാലത്തും വമ്പന്‍ വിജയമായതോടെ പ്രതിഫലം അദ്ദേഹം വര്‍ധിപ്പിക്കുകയായിരുന്നു. വീര സിംഹ റെഡ്ഡിക്കായി പതിനാല് കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നത്.
ഇതേ സമയത്ത് തന്നെയാണ് ഭഗവന്ത് കേസരിയും അദ്ദേഹം ചെയ്യാമെന്ന് ഏറ്റത്. പതിനാല് കോടി തന്നെയായിരുന്നു ഈ ചിത്രത്തിനും പ്രതിഫലം. എന്നാല്‍ വീരസിംഹ റെഡ്ഡിയുടെ വമ്പന്‍ വിജയത്തോടെ നിര്‍മാതാക്കള്‍ ഭഗവന്ത് കേസരിയില്‍ അഭിനയിക്കുന്നതിന് കൂടുതല്‍ പ്രതിഫലം ബാലകൃഷ്ണയ്ക്ക് നല്‍കുകയായിരുന്നു.പതിനെട്ട് കോടിയാണ് ഭഗവന്ത് കേസരിക്കായി ബാലകൃഷ്ണയ്ക്ക് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ പ്രതിഫലം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് താരം.
ബോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി 28 കോടിയാണ് താരം പ്രതിഫലം വാങ്ങിയിരിക്കുന്നത്. പത്ത് കോടി രൂപ പ്രതിഫലം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നാഗവംശിയാണ് ചിത്രം നിര്‍മിക്കുന്നത്. ബാലകൃഷ്ണയുടെ ചിത്രങ്ങള്‍ 150 കോടിയുടെ ബിസിനസ് നടക്കുന്നവയാണ്.
അതുകൊണ്ട് ബാലകൃഷ്ണയുടെ പ്രതിഫലം നിര്‍മാതാക്കള്‍ ബാധ്യതയല്ലെന്നാണ് തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള സംസാരം.നൂറ് കോടി ബിസിനസ് പോലും നടക്കാത്ത താരങ്ങള്‍ മുപ്പത് കോടി തെലുങ്കില്‍ പ്രതിഫലം വാങ്ങുന്നുണ്ട്. ചിരഞ്ജീവിക്ക് അന്‍പത് കോടിയാണ് പ്രതിഫലം. രവി തേജ 24 കോടിയും, വെങ്കിടേഷും, നാഗചൈതന്യയും പന്ത്രണ്ട് കോടിയുമാണ് പ്രതിഫലമായി വാങ്ങുന്നത്.












Click it and Unblock the Notifications