'എതിരെയല്ല,ഒപ്പം പോരാടുന്ന പ്രണയം അർഹിക്കുന്നു'; വീണ്ടും എലിസബത്ത്, ബാല നാർസിസിസ്റ്റ് എന്ന് ആരാധകർ
കൊച്ചി: നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ ഡിവോഴ്സ് ആയെന്ന തരത്തിലുളള അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനെകുറിച്ച് ഇതുവരേയും ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ എലിസബത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയാകുകയാണ്. ദിവസങ്ങൾക്ക് മുൻപ് എലിസബത്ത് പങ്കിട്ട കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
'നിങ്ങൾക്ക് എതിരെയല്ല,ഒപ്പം പോരാടുന്ന പ്രണയമാണ് നിങ്ങൾ അർഹിക്കുന്നത്' എന്നായിരുന്നു എലിസബത്ത് പങ്കുവെച്ച കുറിപ്പ്. ഇതിന് താഴെയാണ് ആരാധകർ കമന്റുമായി എത്തിയത്. എന്താണ് എലിസബത്തിന് പറ്റിയതെന്നാണ് ചിലർ ചോദിക്കുന്നത്. വിഷമിക്കേണ്ടെന്നും സമാധാനത്തോടെ ഇരിക്കൂവെന്നും ചിലർ പറയുന്നു. ചേരാത്തത് ഒരിക്കലും ചേർക്കരുത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

'ഡോക്ടർ ആണെന്നേയുള്ളു... ഒരു മണ്ടിപ്പെണ്ണ്. ലക്ഷണമൊത്ത ഒരു സാഡിസ്റ്റിനെ കെട്ടി. അവസാനം ഒരു വിധത്തിൽ രക്ഷപ്പെട്ടു. ഇനിയെങ്കിലും ഇങ്ങനെ അബദ്ധത്തിൽ ചാടാതെ നോക്കുക. നല്ലൊരു ഭാവിയുണ്ടാകട്ടെ.. ഉണ്ടാകണം... ഉണ്ടായിരിക്കും...!!!! you deserve it', വേറൊരാൾ കമന്റ് ചെയ്തു.
'സാധ്യമായതെല്ലാം നമ്മൾ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും', എന്നൊരു കുറിപ്പും കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ചിരുന്നു. ഇതിന് താഴെയും നിരവധി പേരാണ് കമന്റ് ചെയ്തത്. ബാലയുമായി ഡിവോഴ്സ് ആയോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. ബാലയൊരു നാർസിസിറ്റ് ആണെന്നും അയാളിൽ നിന്നും ഓടി രക്ഷപ്പെടൂവെന്നും ചിലർ കുറിക്കുന്നു.
ഗായിക അമൃത സുരേഷുമായി വിവാഹം വേർപെടുത്തിയതിന് പിന്നാലെയായിരുന്നു ബാല തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെ വിവാഹം കഴിച്ചത്. 2021 സപ്റ്റംബറിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തി സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കിടാറുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് എലിസബത്ത് ബാലയ്ക്ക് ഒപ്പമുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ അഭ്യൂഹങ്ങളെല്ലാം തള്ളി ബാലയ്ക്കൊപ്പം എലിസബത്ത് വീണ്ടും എത്തി. ബാല കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോഴെല്ലാം ബാലയ്ക്കൊപ്പം തന്നെ അവർ ഉണ്ടായിരുന്നു. തന്നെ ശുശ്രീഷിച്ചത് എലിസബത്ത് ആണെന്ന് പല അഭിമുഖങ്ങളിലും ബാല പറഞ്ഞിട്ടുണ്ട്.
പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാറില്ല. എലിസബത്ത് തന്റെ ഒപ്പമില്ലെന്ന് ബാല തുറന്നുപറഞ്ഞിട്ടുണ്ട്. താൻ ജോലി സംബന്ധമായി മറ്റൊരു ഇടത്താണ് ഉള്ളതെന്നാണ് എലിസബത്ത് ആരാധകരോട് പങ്കുവെച്ചത്. ഡിവോഴ്സ് വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications