'എനിക്കെതിരെ വലിയൊരു ലോബി, ഞാനൊരു തുറന്ന പുസ്തകം', ജനമിട്ട പേരാണ് ജനപ്രിയ നായകനെന്ന് ദിലീപ്
കൊച്ചി: തന്നെ വളർത്തിയതും നിലനിർത്തുന്നതും ജനങ്ങൾ ആണെന്ന് നടൻ ദിലീപ്. വലിയൊരു ലോബി തനിക്കെതിരെ പ്രവർത്തിക്കുമ്പോഴും ജനം പിന്തുണയ്ക്കുന്നുവെന്നും നടൻ പറഞ്ഞു. പുതിയ ചിത്രം ബാന്ദ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപിന്റെ പ്രതികരണം. റിവ്യൂകൾ കാരണം കുറേ സിനിമകൾ നശിച്ച് പോയിട്ടുണ്ടെന്നും അത് സാഡിസം ആണെന്നു ദിലീപ് പറഞ്ഞു.
'ഞാനൊരു തുറന്ന പുസ്തകം'
രാമലീല കാണരുത് എന്നായിരുന്നു ചാനലുകളിലൂടെ എല്ലാവരും പറഞ്ഞ് കൊണ്ടിരുന്നത്. പക്ഷേ ആദ്യത്തെ ദിവസം ഫസ്റ്റ് ഷോ മുതല്‍ ജനങ്ങള്‍ കയറി. നമ്മളെ വിശ്വസിക്കുന്ന ജനമുണ്ട്. ഞാനൊരു തുറന്ന പുസ്തകം ആണ്. എന്നെ വളര്‍ത്തിയത് ജനങ്ങളാണ്. ഞാന്‍ മിമിക്രി തുടങ്ങിയ കാലം മുതല്‍ എനിക്ക് കയ്യടി തന്ന് എന്നെ കലാകാരനെന്ന നിലയ്ക്ക് നിലനിര്‍ത്തുന്നത് ജനങ്ങള്‍ തന്നെയാണ്.

'എനിക്കെതിരെ ലോബി'
ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും എനിക്കെതിരെ ഒരു ലോബി ഇത്രയും പണിയെടുക്കുമ്പോഴും എനിക്കുളള ജനപിന്തുണ വലുതാണ്. ഞാന്‍ എന്താണെന്ന് ആളുകള്‍ക്ക് നല്ല ബോധ്യമുണ്ട്. അവര്‍ കൈ പിടിച്ച് ഉയര്‍ത്തിയ ആളാണ് ഞാന്‍. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് മാത്രം വന്ന ഒരാളൊന്നും അല്ല. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയില്‍ ഈ സിനിമയിലേക്ക് തമന്ന വന്നു. അവരോട് നന്ദി. ഈ സിനിമ ഇത്രയും വലുതാകാന്‍ കാരണം തമന്ന വന്നത് കൊണ്ടാണ്.
ജനം തനിക്കിട്ട പേരാണ് ജനപ്രിയ നായകന്‍ എന്നത്. അവരില്‍ ഒരാളായിട്ടാണ് എന്നെ കാണുന്നത്. തന്നെ മുഖം കറുത്ത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ജോലി സ്ഥലത്ത് ചിലപ്പോള്‍ ദേഷ്യം വരാറുണ്ട്. ആണുങ്ങള്‍ക്ക് ഇന്ന ജോലി പെണ്ണുങ്ങള്‍ക്ക് ഇന്ന ജോലി എന്നൊന്നും ഇല്ല. ഇപ്പോള്‍ പ്രത്യേകിച്ച് ഇല്ല. ഷെയറിംഗ് ആന്‍ഡ് കെയറിംഗ് എന്നതാണല്ലോ.
മക്കളെ നിർബന്ധിക്കാറില്ല
മക്കളുടെ സ്വപ്‌നം സംബന്ധിച്ച് താനായിട്ട് ചിന്തിച്ചിട്ടില്ല. അവര്‍ക്ക് അവരുടേതായ ടേസ്റ്റുണ്ട്. രണ്ട് പേരും കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാക്കുന്ന പെണ്‍മക്കളാണ്.
അവരുടെ ജീവിതം അവരാണ് ഡിസൈന്‍ ചെയ്യേണ്ടത്. ഒരു കാര്യത്തിലും അവരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പല തോന്ന്യാസങ്ങളും കാണിച്ചത് കൊണ്ട് അവരെ പ്രഷര്‍ ചെയ്യാനുളള അവകാശമില്ല. അവര്‍ തീരുമാനിക്കട്ടെ, നമ്മള്‍ കൂടെയുണ്ട് എന്നതാണ്.
സിനിമയെ കൊല്ലുന്ന റിവ്യൂകൾ
സിനിമ ഒരു ബിസിനസ്സ് ആണ്. പക്ഷേ ചിലപ്പോള്‍ ആയിരിക്കും വിജയിക്കുക. അതല്ലെങ്കില്‍ റിവ്യൂകള്‍ കാരണം ഒരുപാട് സിനിമകള്‍ ഇവിടെ നശിച്ച് പോയിട്ടുണ്ട്. സിനിമയുണ്ടാക്കാന്‍ ഒരു കൊല്ലം വരെ പണിയെടുക്കുന്നുണ്ട്. 2000-3000 കുടുംബങ്ങളാണ് ഒരു സിനിമയെ ആശ്രയിച്ച് കഴിയുന്നത്. കുറച്ചാളുകള്‍ വന്ന് ഒരു ടിക്കറ്റും വാങ്ങിച്ച് അതെന്റെ അവകാശമല്ലേ എന്നും പറഞ്ഞ് വായില്‍ തോന്നിയത് പറഞ്ഞ് ഒരു സിനിമയെ കൊല്ലുന്നത് ഏറ്റവും വലിയ സാഡിസം.
സിനിമ ഇഷ്ടമായില്ല ഒരാള്‍ക്കെങ്കില്‍ അത് അയാളുടെ അഭിരുചിയാണ്. അത് വേറൊരാളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് തെറ്റാണ്. ഇവര്‍ സമൂഹത്തിന് എന്ത് നന്മയാണ് ചെയ്യുന്നത്. ശ്വാസം വിടാനുളള സമയം കൊടുത്തു കൂടെ. സര്‍ക്കാരിനെ ഒരുപാട് ആളുകളെ ഒക്കെ സഹായിക്കുന്ന ഒരു വ്യവസായമാണ് സിനിമ. സങ്കടമുണ്ട്, അത്രയേ പറയാന്‍ പറ്റുകയുളളൂ. അങ്ങനെ പറയുന്നവര്‍ ഒരു സിനിമ നിര്‍മ്മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്തിട്ട് പറയുകയാണെങ്കില്‍ അതിനെ അഭിനന്ദിക്കണം. കാരണം അതിന്റെ ബുദ്ധിമുട്ട് അവര്‍ക്ക് മനസ്സിലായി. അവര്‍ക്കത് പറയാന്‍ അര്‍ഹത ഉണ്ട്. അതല്ലാതെ സിനിമയെ കൊല്ലരുത്.


Click it and Unblock the Notifications