ബേസിൽ ജോസഫിന്റെ ഫാലിമിയും ദിലീപിന്റെ ബാന്ദ്രയുമെല്ലാം ഒടിടിയിലേക്ക്; എവിടെ കാണാം? അറിയാം
ബേസിൽ ജോസഫ് നായകനായെത്തിയ ഫാലിമി, ദിലീപ് നായകനായെത്തിയ ബാന്ദ്ര, കല്ല്യാണി പ്രിയദർശന്റെ ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ സിനിമകൾ കൂടി ഒടിടിയിലേക്ക്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ചിത്രങ്ങൾ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് സ്ട്രീമിങ്ങിന് എത്തുന്നത്. സിനിമകൾ എവിടെ കാണാമെന്ന് അറിയാം
ബേസിൽ ജോസഫിന്റെ ഫാലിമി
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സഹദേവനൊരുക്കിയ ഫാലിമി തീയറ്ററിൽ മികച്ച വിജയമാണ് നേടിയത്. ജയ ജയ ജയ ജയ ഹേയ്‍ക്ക് ശേഷം ചിയേഴ്‍സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജഗദീഷ്, മഞ്ജു പിള്ള, മീനാരാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് ഒരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന യാത്രയും അതിനിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഡിസംബർ 15 ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കല്ല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ'.
കല്ല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി മനു. സി. കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ശേഷം മൈക്കിൽ ഫാത്തിമ'.സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, തെന്നൽ, വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഫുട്ബോൾ കമൻന്റേറ്ററാവാൻ ആഗ്രഹിക്കുന്ന ഫാത്തിമ നൂർജഹാൻ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. നവംബർ 17 ന് റിലീസ് ചെയ്ത ചിത്രം തീയറ്ററിൽ വിജയമായിരുന്നില്ല. ആദ്യ വാരം വെറും 46 ലക്ഷം രൂപമാത്രമാണ് ചിത്രത്തിന് കളക്ഷൻ നേടാൻ കഴിഞ്ഞത്. ഡിസംബർ 15 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രത്തിന്റെ സ്ട്രീമിംഗ് ലഭ്യമാവും.
ബാന്ദ്രയും കാണാം
വോയ്സ് ഓഫ് സത്യനാഥന് ശേഷം ദിലീപ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. കലാഭവൻ ഷാജോൺ ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമന്നയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡ് നടി താരാ ജാനകിയായാണ് ചിത്രത്തിൽ തമന്ന വേഷമിടുന്നത്. ഡിസ്നി പ്ലസിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ തീയതി പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications