മികച്ച നടൻ, സംവിധായകൻ, ജനപ്രിയ സിനിമ; അവാർഡുകൾ വാരിക്കൂട്ടി ഞെട്ടിച്ച് ആടുജീവിതം
തിരുവനന്തപുരം: 54ാ-മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതം. മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം ഉൾപ്പടെ എട്ട് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് അഭിനയിച്ചിരുന്നത്. താരത്തിന്റെ 22 വർഷം നീണ്ട സിനിമ കരിയറിലെ തന്നെ ഏറ്റവും ഗംഭീര പ്രകടനമായിരുന്നു നജീബിലൂടെ പൃഥ്വി കാഴ്ചവെച്ചത്.

നജീബ് എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് വളരെ ഏറെ കഠിനാധ്വാനവും ചെയ്തിരുന്നു. സിനിമയുടെ ആദ്യ പകുതിക്കായി 98 കിലോ ആയി ഭാരം വർധിപ്പിച്ച താരം ഏകദേശം 30 കിലോയോളമാണ് പിന്നീട് ശരീരഭാരം കുറച്ചത്. രൂപം കൊണ്ടും പ്രകടനം കൊണ്ടും നജീബായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു പൃഥ്വിരാജ്.
അതേസമയം അവാർഡ് നേട്ടത്തിൽ പ്രതികരിച്ച് പൃഥ്വിരാജ് രംഗത്തെത്തി. ഈ സിനിമ കടന്നുപോയ പ്രതിസന്ധികള്‍ ഓര്‍ക്കുമ്പോള്‍ ഈ അവാര്‍ഡ് ആടുജീവിതം എന്ന ടീമിനുള്ള അവാര്‍ഡായി കാണാനാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. 'ഈ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷം. ആളുകള്‍ ആ ചിത്രത്തിനോട് കാണിച്ച സ്‌നേഹം തന്നെ ഞങ്ങള്‍ക്ക് വലിയ അവാര്‍ഡ് ആയിരുന്നു.
പലരും അസാധ്യമെന്ന് പറഞ്ഞ സ്വപ്നമാണ്. 16 വര്‍ഷത്തോളം അതിന് പിന്നില്‍ നിന്ന് സാധ്യമാക്കി എടുത്തു എന്നതിനാലാണ് സന്തോഷം. ബ്ലെസിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ സിനിമ സാക്ഷാത്കരിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്രയും വര്‍ഷങ്ങള്‍ മാറ്റിവച്ചില്ലായിരുന്നെങ്കില്‍ ആടുജീവിതം പോലൊരു സിനിമ സംഭവിക്കില്ലായിരുന്നു.എല്ലാറ്റിനുമപ്പുറം, ഒരു വ്യക്തി ജീവിച്ച ജീവിതമാണ് ആടുജീവിതം, എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്', പൃഥ്വിരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ
മികച്ച നടൻ- പൃഥ്വിരാജ്
മികച്ച സംവിധായകൻ- ബ്ലെസി
മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍
മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്
മികച്ച അവലംബിത തിരക്കഥ- ബ്ലെസി
മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി
മികച്ച ജനപ്രിയ ചിത്രം
അതേസമയം ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിന് നടി ബീന ആർ ചന്ദ്രനുമാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.












Click it and Unblock the Notifications