പത്താംക്ലാസിലെ ആ ഓട്ടോഗ്രോഫ്; തമാശക്ക് എഴുതിയതാണെങ്കിലും കാണുമ്പോള്‍ ഒരു സന്തോഷമാണ്: ഭാവന
നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാവന. തുടർന്ന് വിവിധ തെന്നിന്ത്യന്‍ ഭാഷകളിലെ മികച്ച നടിയായി മാറിയ താരം ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും തന്റെ വിദ്യാർത്ഥി ജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് ഭാവന. ഫ്ളവേഴ്സ് ടിവിയുടെ ഒരു കോടി വിത്ത് കോമഡി എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം.
യഥാർത്ഥ പേര് കാർത്തിക ബാല ചന്ദ്രന്‍ എന്നാണെങ്കിലും സിനിമയില്‍ ഒരുപാട് കാർത്തികമാർ ഉള്ളതിനാല്‍ ആ പേര് മാറ്റുകയായിരുന്നു. എനിക്ക് ഇഷ്ടമുള്ള രണ്ട് മൂന്ന് പേര് എഴുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് കമല്‍സാർ തന്നെയാണ്. അങ്ങനെ എഴുതിക്കൊടുത്തതില്‍ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പേരാണ് ഭാവന. ഗായത്രി, മൃദുല എന്നിവയൊക്കെയാണ് അന്ന് എഴുതിക്കൊടുത്തത്. ഇന്നാണെങ്കില്‍ വേറെ കുറേക്കൂടി വെറൈറ്റി പേരുകള്‍ പറഞ്ഞേനെയെന്നും ഭാവന വ്യക്തമാക്കുന്നു.

നമ്മളിന്റെ റൈറ്റർ കലവൂർ രവിയേട്ടന്‍ വഴിയാണ് നമ്മളിലേക്ക് അവസരം ലഭിക്കുന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ എനിക്ക് സിനിമ വലിയ ഇഷ്ടമാണ്. പഠന കാലത്ത് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി രംഗത്തും വലിയ ആക്ടീവായിരുന്നു. അതായത് എല്ലാത്തിനും ഞാന്‍ റെഡിയായിരുന്നു. പിന്നെ അച്ഛന് ചെറിയ സിനിമാ കണക്ഷനും ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം ഞാന്‍ എന്തായാലും സിനിമ നടിയാകുമെന്ന് കൂട്ടുകാരുമൊക്കെ പറയുമായിരുന്നു.
നിന്നെ ഒരു നടിയായി കാണണം, നിന്നെ ബിഗ് സ്ക്രീനില്‍ കാണാം എന്നൊക്കെ പത്താംക്ലാസിലെ സുഹൃത്തുക്കള്‍ എഴുതിയിട്ടുള്ള ഓട്ടോഗ്രോഫ് ഞാന്‍ ഇപ്പോഴും എടുത്തി വെച്ചിട്ടുണ്ട്. അന്ന് അവർ തമാശക്ക് എഴുതിയതാണെങ്കിലും ഇപ്പോള്‍ അത് കാണുമ്പോള്‍ ഒരു സന്തോഷമാണെന്നും ഭാവന പറയുന്നു..
നമ്മളിലെ പരിമളം ഒരു ചേരിയിലെ കഥാപാത്രമാണെന്നാണ് കമല്‍ സർ പറഞ്ഞിരുന്നത്. പക്ഷെ മേക്കപ്പ് ചെയ്ത് കഴിഞ്ഞ് കണ്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. അതോടെ എനിക്ക് സിനിമയില്‍ അഭിനയിക്കേണ്ട, ഞാന്‍ പോകുക എന്ന മൈന്‍ഡിലായി. സിനിമ നടി എന്ന് പറയുമ്പോള്‍ മനസ്സില്‍ വേറെ ചിന്തയാണല്ലോ. അപ്പോഴാണ് കമല്‍ സർ വന്ന് എനിക്ക് കുറച്ച് കൂടെ കറുപ്പ് ആക്കണമെന്ന് പറയുന്നത്. അതോടെ ഞാന്‍ വീണ്ടും തളർന്നു.
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ കണ്ടിട്ടുണ്ടോ? അതിലെ രേവതിയൊക്കെ ചെയ്തത് പോലത്തെ ഒരു കഥാപാത്രമാണ് എന്നായിരുന്നു തളർന്നിരിക്കുന്ന എന്നാണ് കമല്‍ സർ പറഞ്ഞത്. അത് കേട്ടത്തോടെ എന്റെ വിഷമം കുറച്ചൊക്കെ മാറി. പക്ഷെ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് നമ്മളിലെ പരിമളം.












Click it and Unblock the Notifications