ബിഗ് അനൗണ്‍സ്‌മെന്റ് എന്ന് ദിയ കൃഷ്ണ; ജീവിതത്തിലെ സുപ്രധാന ഘട്ടത്തിലേക്ക്: ഞായറാഴ്ച്ച കാണാം
സമൂഹ മാധ്യമങ്ങളില്‍ നിരവധി ശ്രദ്ധേയമായ കണ്ടന്റുകള്‍ പങ്കുവെച്ച് ഉയര്‍ന്നുവന്ന ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമാണ് ദിയ കൃഷ്ണ. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണ് ദിയയ്ക്കുള്ളത്. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്ന ലേബലില്‍ നിന്ന് സ്വന്തം നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ വളരാന്‍ ദിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സുഹൃത്തായിരുന്ന അശ്വിനുമായുള്ള ദിയയുടെ കല്യാണവും പ്രസവവുമൊക്കെ യൂട്യൂബില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഗര്‍ഭിണിയായിരുന്ന സമയത്ത് സ്വന്തം സ്ഥാപനവുമായി ബന്ധപ്പെട്ട് ദിയ നേരിട്ട പ്രതിസന്ധികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. ഓ ബൈ ഓസി എന്ന ഫാന്‍സി ആഭരണ ഷോപ്പിന്റെ ഉടമയാണ് ദിയ. ഓണ്‍ലൈനിലും ദിയയുടെ ആഭരണങ്ങള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. എന്നാല്‍ ദിയ ഗര്‍ഭിണിയായിരുന്ന സമയത്ത് സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികള്‍ ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്ന തുക തട്ടിപ്പിലൂടെ സ്വന്തം പേരിലേക്ക് വക മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. നിരവധി പ്രതിസന്ധികളിലൂടെ ദിയ ഒറ്റയ്ക്ക് സ്ഥാപനത്തെ വളര്‍ത്തി എടുത്തപ്പോഴാണ് വലിയ സാമ്പത്തിക തട്ടിപ്പ് ഉണ്ടായത്.

ദിയയ്ക്കും പിതാവ് കൃഷ്ണകുമാറിനും എതിരേ മൂന്നു ജീവനക്കാരികളും വലിയ ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ദിയയുടെ ഭാഗത്താണ് ശരിയെന്ന് തിരിച്ചറിഞ്ഞ നിരവധി പേര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഇപ്പോള്‍ സ്ഥാപനത്തിലെ കാര്യങ്ങളെല്ലാം ദിയയും അശ്വിനും നേരിട്ട് ഇടപെട്ടാണ് നിര്‍വഹിക്കുന്നത്. പിതാവ് കൃഷ്ണകുമാര്‍ വഴിയാണ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്.
സംരംഭക എന്ന നിലയില്‍ മാത്രം ഒതുങ്ങാതെ തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ദിയ യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് അനൗണ്‍സ്‌മെന്റ് എന്ന് പേരില്‍ ഒരു പുതിയ ഷോട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിയ. തന്റെ ബിസിനസ് വിപുലമാക്കുന്നതിന്റെ നിര്‍ണായക ഘട്ടത്തിലാണ് ദിയയും ഭര്‍ത്താവ് അശ്വിനും.
2021 ലാണ് സ്വന്തം സ്ഥാപനമായ ഓ ബൈ ഓസി ആരംഭിക്കുന്നത്. തിരുവനന്തപുരം കവടിയാറിലാണ് ഷോപ്പുള്ളത്. മറ്റെവിടെയും കിട്ടാത്ത തരത്തിലുള്ള വ്യത്യസ്തമായ കളക്ഷനുകളാണ് ദിയയുടെ പക്കലുള്ളത്. ഇതിനു പുറമേ സാരികളും ദിയ വില്‍ക്കുന്നുണ്ട്. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം കര കയറിയാണ് ബിസിനസ് വിപുലപ്പെടുത്തുന്നത്. ഓ ബൈ ഓസിക്കായി പുതിയൊരു ബില്‍ഡിംഗ് എടുത്തിരുന്നു. ഇവിടെ കൂടുതല്‍ വിപുലമായി ഷോപ്പ് ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴിതാ, നവംബര്‍ ആദ്യം ഇതിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് ദിയ അറിയിച്ചത്. മകന്‍ ഓമിക്കും അശ്വിനും ഒത്തുള്ള ബെംഗളൂരു യാത്രയ്ക്കിടെയായിരുന്നു വെളിപ്പെടുത്തല്‍. നവംബര്‍ രണ്ടിനാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്നാണ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്.
മകന്‍ ഓമിക്ക് വരെ സ്വന്തമായി ക്യാബിനുണ്ട്. എല്ലാവരെയും അങ്ങോട്ട് ക്ഷണിക്കുകയാണെന്നും ഞായറാഴ്ച കാണാമെന്നും ദിയ കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് ദിയയ്ക്ക് ആശംസകള്‍ അറിയിക്കുന്നത്.












Click it and Unblock the Notifications