അന്ന് കാർ നോക്കി നിന്നപ്പോൾ കള്ളനാക്കി; ഇന്ന് അരക്കോടിയുടെ മിനി കൂപ്പർ; വീഡിയോയുമായി അഖിൽ മാരാർ
ചെറുപ്പത്തിൽ ഒരു കാർ കാണാൻ മോഹിച്ചപ്പോൾ നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് അഖിൽ മാരാർ പറഞ്ഞ വാക്കുകൾ നേരത്തേ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 10ാം ക്ലാസിൽ പഠിക്കുമ്പോൾ വീടിന് സമീപത്തുള്ള വീട്ടിൽ വന്ന് നിന്ന സൂപ്പർ കാർ നോക്കി നിന്ന തന്നെ കശുവണ്ടിക്കള്ളനാക്കിയെന്ന് അഖിൽ പറയുന്ന കാര്യങ്ങളായിരുന്നു മുൻപ് ബിഗ് ബോസ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. അന്ന് ആ പോസ്റ്റിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു-
'ഒരിക്കൽ ഒരു വീട്ടിൽ കളി കണ്ട് നിൽക്കുമ്പോൾ അവിടെ ഒരു വലിയ കാർ വന്ന് നിന്നു. അംബാസിഡർ മാത്രം കണ്ട് ശീലിച്ച എന്റെ മുന്നിൽ ഒരു ഒരു സൂപ്പർ കാർ വന്ന് കിടക്കുന്നു. Maruthi Esteem ആണ്. വന്ന ആൾ വെളിയിൽ നിന്ന എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറികളി കണ്ട് നിന്ന എന്റെ ശ്രദ്ധ കാറിലായി ഞാൻ പതിയെ കാറിൻറെ അടുത്തു ചെന്ന് നിന്ന് വണ്ടിയിൽ കുറച്ചു സമയം നോക്കി. തുറന്ന് നോക്കി അകമോന്ന് കണ്ടാലോ..മനസ് കൊതിച്ചു.. തുറക്കാൻ ആയി ഡോറിൽ ഒന്ന് പിടിച്ചതും പിടലിക്ക് ശക്തമായ ഒരടി. അടി കൊണ്ട് തിരിഞ്ഞ എന്നെ പിടിച്ചു വലിച്ചു അയാൾ വെളിയിൽ ആക്കി.

ഇത് കണ്ടിറങ്ങി വന്ന വീട്ടുകാരനെ നോക്കി അയാളുടെ വക ഒരുപദേശവും ഇവനെ പോലുള്ളവന്മാരെ ഒന്നും വീടിന്റെ പരിസരത്തു കയറ്റരുത്.. കാണാൻ അല്ല ഓരോന്ന് മോഷ്ടിക്കാൻ കയരുന്നതാ..? കരഞ്ഞു കൊണ്ട് നിന്ന എനിക്ക് ജനലിനു താഴെ വെച്ച എന്റെ ബാഗ് എടുക്കണം എന്നുണ്ടായിരുന്നു..ഞാൻ അയാളോട് ബാഗ് എന്ന് പറഞ്ഞു.. അപ്പോഴാണ് എന്റെ ബാഗ് ജനലിനു പുറത്തിരിക്കുന്നത് അയാൾ കണ്ടത്.. ബാഗ് എടുത്തു ഉയർത്തിയ ശേഷം "അയാൾ എന്തേലും പറക്കി ഇതിൽ ഇട്ടിട്ടുണ്ടോടാ.."
അതും പറഞ്ഞു അയാൾ സിംപ് തുറന്ന് ബാഗ് തലകീഴായി കുലുക്കി. പുസ്തകത്തിനും ഉച്ചയൂണിനും ഒപ്പം ബാഗിൽ പെറക്കി ഇട്ട കുറച്ചു കശുവണ്ടി താഴെ വീണു. താഴെ വീണ കശുവണ്ടി നോക്കി താൻ പറഞ്ഞത് എത്ര ശെരിയെന്ന മട്ടിൽ അയാൾ വീട്ടുകാരനെ നോക്കി പറഞ്ഞു. കണ്ടോ..സ്‌കൂളിൽ പോകും എന്ന് പറഞ്ഞു ഇറങ്ങി ഓരോ വീട്ടിൽ കയറി ഇത് പോലെ ഓരോന്ന് പറക്കി നടക്കും. പത്തു വീട്ടിൽ നിന്ന് പത്തെണ്ണം കിട്ടിയാൽ പോരെ..? എടുത്തോണ്ട് പോടാ..അയാൾ ഒന്നലറി..', പോസ്റ്റിൽ പറഞ്ഞു.
എന്തായാലും ജീവിതത്തിൽ അന്ന് അനുഭവിച്ച അപമാനത്തിന് വിപണിയിലെ വിലകൂടിയ കാറുകളിൽ ഒന്ന് സ്വന്തമാക്കി മറുപടി നൽകുകയാണ് അഖിൽ. മിനി കൂപ്പർ എസ് ആണ് താരം വാങ്ങിയത്. 'ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ടപ്പെട്ടു... ആഗ്രഹിച്ചു... ഇപ്പോള്‍ സ്വന്തമാക്കി. എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ദൈവത്തിനും ഒരായിരം നന്ദി', കാര്‍ ഡെലിവറി വീഡിയോക്കൊപ്പം അഖില്‍ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ഭാര്യ ലക്ഷ്മിക്കും മക്കൾക്കും ഒപ്പമാണ് കാർ വാങ്ങാനായി അഖിൽ ഷോറൂമിൽ എത്തിയത്. ഏകദേശം 53.33 ലക്ഷം രൂപയാണ് മിനി കൂപ്പറിന് വില.
അടുത്തിടെ വോൾവോയുടെ സെഡാൻ എസ് 90 എന്ന കാറും താരം സ്വന്തമാക്കിയിരുന്നു. 67. 90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഷോറൂം വില. എന്തായാലും അഖിലിന്റെ പുതിയ സന്തോഷം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇതാണ് യഥാർത്ഥ മറുപടി, നേട്ടങ്ങൾ വെട്ടിപിടിക്കുന്ന അഖിൽ ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications