ബിഗ് സർപ്രൈസുമായി ബിഗ് ബോസ്, വീട്ടിൽ കയറി 5 വൈൽഡ് കാർഡുകൾ, പ്രവചനങ്ങളിൽ പെടാത്ത ഒരാൾ!
ബിഗ് ബോസ് മലയാളം സീസണ്‍ 5 അഞ്ചാം ആഴ്ചയിലേക്ക് കടക്കുകയാണ്. പരിപാടിക്ക് വലിയ റേറ്റിംഗ് ഉണ്ടെന്ന് പറയുമ്പോഴും ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ ആരും അത്ര പോരെന്ന് പറയുന്ന പ്രേക്ഷകരാണ് കൂടുതലും. അഖില്‍ മാരാരെയോ റിയാസ് സലീമിനെയോ ആര്യയേയോ പോലുളള ശക്തരായ മത്സരാര്‍ത്ഥികള്‍ ഈ സീസണില്‍ ഇല്ലെന്നാണ് പരാതി.
നിലവിലുളള മത്സരാര്‍ത്ഥികളില്‍ കോമണര്‍ ആയ അനീഷ് മാത്രമാണ് തനിച്ച് നിന്ന് കളിക്കുന്നത്. മറ്റുളളവര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഗെയിം. ഈ ഘട്ടത്തില്‍ ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡുകളെ ഇറക്കി കളിയുടെ ഗതി മാറ്റണം എന്നാണ് പ്രേക്ഷകര്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. എന്തായാലും ആ ആവശ്യം ബിഗ് ബോസ് അംഗീകരിച്ചിരിക്കുകയാണ്.
ഷോയുടെ അഞ്ചാം ആഴ്ചയില്‍ അഞ്ച് വൈല്‍ഡ് കാര്‍ഡുകളെ ഇറക്കി ഹൗസിലുളളവര്‍ക്ക് ഏഴിന്റെ പണി കൊടുക്കുകയാണ് ബിഗ് ബോസ്. അഞ്ച് പേരും ഹൗസിലേക്ക് ഇതിനകം എത്തിക്കഴിഞ്ഞു. ഇവര്‍ ആരൊക്കെയാണ് എന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും ഇതിനകം വന്ന് കഴിഞ്ഞു. സിനിമാ താരം ബാല അടക്കമുളളവര്‍ വൈല്‍ഡ് കാര്‍ഡായി എത്തുന്നു എന്ന് പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയുടെ പ്രവചനത്തില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരും വൈല്‍ഡ് കാര്‍ഡായി എത്തിയവരിലുണ്ട്. ബിഗ് ബോസ് റിവ്യൂവര്‍ ആയ അന്‍സിഫ് ആരൊക്കെയാണ് ആ 5 വൈല്‍ഡ് കാര്‍ഡുകള്‍ എന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ്. ബാലയോ മോഡലായ വ്യാസന്‍ എ നായരോ വൈല്‍ഡ് കാര്‍ഡുകളുടെ കൂട്ടത്തിലില്ല എന്നാണ് വിവരം.
വൈല്‍ഡ് കാര്‍ഡുകളുടെ കൂട്ടത്തിലെ ഒന്നാമത്തെ പേര് സീരിയല്‍ താരം ജിഷിന്‍ മോഹന്റേത് ആണ്. ജിഷിന്‍ വൈല്‍ഡ് കാര്‍ഡ് ആയി എത്തുമെന്ന് നേരത്തെ തന്നെ പ്രവചനം ഉണ്ടായിരുന്നു. ജിഷിന്‍ നടന്‍ എന്നതിനൊപ്പം വ്യക്തിജീവിതവും സോഷ്യല്‍ മീഡിയ വഴി വലിയ ചര്‍ച്ചയായതാണ്. രണ്ടാമത്തെ ആള്‍ യൂട്യൂബ് അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ അവതാരകയായ മസ്താനി ആണ്. മസ്താനിയുടെ പേരും നേരത്തെ പറഞ്ഞ് കേട്ട കൂട്ടത്തിലുണ്ട്.
ആര്‍കിടെക്ട് ആയ വേദ് ലക്ഷ്മിയും വൈല്‍ഡ് കാര്‍ഡ് ആയി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നുണ്ട് എന്നാണ് വിവരം. വൈല്‍ഡ് കാര്‍ഡുകളിലെ നാലാമന്‍ ആകാശ് സാബു ആണെന്നും അന്‍സിഫ് പറയുന്നു. ഫുഡ് വ്‌ളോഗര്‍ ആയി ശ്രദ്ധിക്കപ്പെട്ട ആളാണ് ആകാശ് സാബു. ഇത്തവണ പ്രവചനങ്ങളിലൊന്നും വരാത്ത ഒരാളാണ് വൈല്‍ഡ് കാര്‍ഡുകളിലെ അഞ്ചാമന്‍. മാര്‍ക്കറ്റിംഗ് മല്ലു എന്ന് അറിയപ്പെടുന്ന പ്രവീണ്‍ ആണ് വൈല്‍ഡ് കാര്‍ഡ് ആയി എത്തുന്നത്. കഴിഞ്ഞ സീസണില്‍ അവസാന റൗണ്ട് വരെ എത്തുകയും എന്നാല്‍ ബിഗ് ബോസിലേക്ക് പ്രവേശനം ലഭിക്കാതെ പോവുകയും ചെയ്ത ആളാണ് പ്രവീണ്‍ എന്നും അന്‍സിഫ് പറയുന്നു. എന്തായാലും വൈല്‍ഡ് കാര്‍ഡുകള്‍ എത്തുന്നതോടെ ഗെയിമില്‍ തീ പാറുമെന്നും ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറും എന്നുമാണ് ബിഗ് ബോസ് ആരാധകരുടെ പ്രതീക്ഷ.












Click it and Unblock the Notifications