അഖിൽ മാരാർ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമോ?;താരത്തിൻറെ മറുപടി ഇതാ, മറ്റൊരു സർപ്രൈസും
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ ജീവിതം മാറി മറിഞ്ഞ താരമാണ് അഖിൽ മാരാർ. സംവിധായകൻ ആയിരുന്നെങ്കിലും ഷോയിലൂടെയാണ് അഖിലിനെ പ്രേക്ഷകർ ഏറ്റെടുത്തത്. ബിഗ് ബോസ് സീസൺ 5 ൽ എത്തിയ അഖിൽ ആ ഷോയുടെ കിരീടം നേടിയാണ് ഹൗസിന്റെ പടിയിറങ്ങിയത്.
സീസൺ 5 കഴിഞ്ഞ് സീസൺ 6 എത്തിയെങ്കിലും അഖിലിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താത്പര്യം ഏറെയാണ്. ഇപ്പോഴും ഉദ്ഘാടനങ്ങൾ അടക്കമുള്ള പരിപാടികളിൽ അഖിൽ നിറസാന്നിധ്യമാണ്. ഇപ്പോഴിതാ അഖിലിന്റെ ഏറ്റവും പുതിയൊരു ഉദ്ഘാടന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസിന് ശേഷം തന്റെ ജീവിത്തതിൽ ഉണ്ടാകാൻ പോകുന്ന ഏറ്റവും സുപ്രധാനമായൊരു നേട്ടത്തെ കുറിച്ച് കൂടി അഖിൽ പരിപാടിക്കിടെ തുറന്ന് പറഞ്ഞു.

ഒരു സിനിമയിൽ നായകനായി അഭിനയിക്കാൻ പോകുകയാണെന്നാണ് താരം അറിയിച്ചത്. അഭിനയിക്കാൻ താത്പര്യം ഉണ്ടെന്നും മികച്ച കഥാപാത്രം ലഭിച്ചാൽ അഭിനയിക്കുമെന്നും നേരത്തേ തന്നെ അഖിൽ വ്യക്തമാക്കിയിരുന്നു. ഒക്ടോബറിലാണ് സിനിമയുടെ ഷൂട്ട് നടക്കുകയെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഷൂട്ടിങ് ആരംഭിക്കുമെന്നും അഖിൽ അറിയിച്ചു. മുൻപ് ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മറ്റ് പല തിരക്കുകളും കാരണം എഴുത്തും സംവിധാനവുമൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നും അഖിൽ ആരാധകരെ അറിയിച്ചു.
ആരാധകർക്ക് കൊടുക്കാനുള്ള ഒരു ഉപദേശം എന്തെന്ന ചോദ്യത്തിന് നിങ്ങൾ നിങ്ങളായി ജീവിക്കൂവെന്ന് അഖിൽ മാരാർ മറുപടി നൽകി.' ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നത്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ പറയുന്നത്', അഖിൽ പറഞ്ഞു.
അതിനിടയിൽ താരംസഘടനയിലെ രാജിയെകുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുമെല്ലാം അവതാരകൻ അഖിലിനോട് ചോദ്യമെറിഞ്ഞു. സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഖിൽ വരുമോ അങ്ങനെ മത്സരിക്കണമെന്ന താത്പര്യം ഒക്കെയുണ്ടോയെന്നായിരുന്നു അഖിലിനോടുള്ള ചോദ്യം. അതിന് താരത്തിന്റെ മറുപടി ഇതായിരുന്നു-' അമ്മയായാലും അച്ഛനായാലും മര്യാദയ്ക്ക് ആണെങ്കിൽ ആരും അതിൽ നിന്ന് പോകില്ലാലോ. ആരാധകർ തന്നെയാണ് ആരെയെങ്കിലുമൊക്കെ ആരൊക്കയോ ആക്കി തീർത്തത്. ആ ബോധ്യം എല്ലാവർക്കും ഉണ്ടായാൽ മതിയെന്ന് മാത്രമേ ഇതിനോട് പറയാനുള്ളൂ', അഖിൽ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടക്കം മുതൽ തന്നെ പ്രതികരിച്ച താരമായിരുന്നു അഖിൽ മാരാർ. 'ഈ ഉയർന്നുവരുന്ന ആരോപണങ്ങൾ എല്ലാം പുരുഷന്റെ നെഞ്ചത്തേക്ക് മാത്രം ഇട്ട് സ്ത്രീ അങ്ങ് പരിശുദ്ധയായി മാറുകയും ചെയ്യുന്ന ഒരു കാഴ്‌ചപ്പാടിനോട് എനിക്ക് ഒരു യോജിപ്പുമില്ല. പുരുഷന്മാർ മാത്രമാണോ ഈ നാട്ടിൽ ആക്രമണം.നടത്തുന്നത്', എന്നായിരുന്നു അഖിൽ ചോദിച്ചത്. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ തന്നെ പഴയതാണെന്നും ഇപ്പോൾ വരുന്ന ആരോപണങ്ങളും മുൻ കാലങ്ങളിൽ നടന്നതും ഒരു മുത്തശ്ശിക്കഥ പോലെ പറയാൻ കഴിയുന്നതും ആണെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു.












Click it and Unblock the Notifications