'ബിഗ് ബോസ് വരുത്തിയ മാറ്റം'; ആരാധകർ കാത്തിരുന്ന വാർത്തയുമായി അഖിൽ മാരാർ
കൊച്ചി: ആളുകൾ എതിർക്കുമ്പോഴാണ് തനിക്ക് ജീവിക്കാനുള്ള ധൈര്യം കിട്ടുന്നതെന്ന് ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ബിഗ് ബോസിൽ വന്നപ്പോൾ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പിന്തുണ നേടാനായെന്നും ഷോ തന്നിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
സാധാരണ നിലയിൽ എല്ലാവർക്കും എല്ലാവരേയും ഇഷ്ടപെടണമെന്നില്ല. എന്നാൽ ബിഗ് ബോസിൽ വെച്ച് കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ എല്ലാവരുടേയും സ്നേഹം എനിക്ക് അനുഭവിക്കാൻ പറ്റി. എല്ലാവരും എനിക്ക് വോട്ട് ചെയ്തു. അതൊക്കെ മഹാഭാഗ്യമായി തന്നെയാണ് കാണുന്നത്. അഖിൽ പറഞ്ഞു. ബിഗ് ബോസിൽ വന്നതിന് ശേഷം സംഭവിച്ച വലിയ മാറ്റത്തെ കുറിച്ചും അഖിൽ തുറന്ന് പറഞ്ഞു.

പണ്ടൊക്കെ വളരെ പെട്ടെന്ന് ചൂടാവുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഷോയിൽ പങ്കെടുത്തതിന് ശേഷം അലപം ശാന്തനായി. ഓരോ വിഷയത്തിൽ പ്രതികരിക്കുമ്പോഴും കൃത്യമായി ആ വിഷയത്തെ കുറിച്ച് ചിന്തിച്ച് സമയമെടുത്താണ് പ്രതികരിക്കാറുള്ളത്. കാൽക്കുലേറ്റഡ് ആയി ജീവിതത്തിൽ മുന്നോട്ട് പോകണമെന്ന വലിയ പാഠമാണ് ബിഗ് ബോസ് പഠിപ്പിച്ചതെന്നും താരം വ്യക്തമാക്കി.
തനിക്ക് ബ്രാൻഡഡ് സാധനങ്ങൾ വാങ്ങുന്നതിന് വലിയ താത്പര്യമുണ്ടെന്നും അഖിൽ വ്യക്തമാക്കി. പെർഫ്യൂംസ്, ഷൂസ്, വാച്ച്, ഡ്രസ് ഇവയെല്ലാം ബ്രാൻഡഡ് വാങ്ങാൻ നോക്കും. ജാഡ കാണിക്കാനല്ല ഇതൊന്നും ചെയ്യുന്നത്. മറിച്ച് ഇഷ്ടം കൊണ്ടാണ് ഇവയൊക്കെ വാങ്ങുന്നത്. എന്നെ സംബന്ധിച്ച് സന്തോഷമാണ് പ്രധാനം. ഇവയൊക്കെ വാങ്ങാൻ ഇന്ന് സാധിക്കുന്നു എന്നത് കൊണ്ട് വാങ്ങുന്നത്. നാളെ പണമില്ലാത്തൊരു അവസ്ഥ ഉണ്ടായാൽ പോലും ഞാൻ സന്തോഷവാനായിരിക്കും. കൈയ്യിലുള്ള കാർ വിറ്റിറ്റാണെങ്കിലും ഞാൻ ജീവിക്കും. നഷ്ടങ്ങളെ കുറിച്ച് ആലോചിച്ച് ഞാൻ വിഷമിക്കാറില്ലെന്നും താരം പറഞ്ഞു.
ജീവിതത്തിലെ അടുത്ത ഘട്ടത്തെ കുറിച്ചും താരം വെളിപ്പെടുത്തി. സിനിമ ഇനി സംവിധാനം ചെയ്യാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് താരം പറയുന്നു. ബിഗ് ബോസിന് ശേഷം ആളുകൾ തന്നിൽ നിന്ന് വളരെ അധികം പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ എന്നത് തനിക്ക് ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് അഖിൽ പറഞ്ഞു. അതുകൊണ്ട് തന്നെ സമയമെടുത്തായിരിക്കും ഇനി സംവിധാനത്തിലേക്ക് കടക്കുക. അതേസമയം അഭിനയിക്കാൻ കൂടുതൽ പ്രൊജക്ടുകൾ വന്നിട്ടുണ്ടെന്നും അതിൽ ഒന്ന് രണ്ടെണ്ണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും അഖിൽ വ്യക്തമാക്കി.












Click it and Unblock the Notifications