പ്രൊജക്ട് സംസാരിക്കാൻ വിളിച്ചു, തുടർന്ന് അശ്ലീലം; ഫോൺ നമ്പറടക്കം യുവാവിന്റെ വീഡിയോ പുറത്തുവിട്ട് ആര്യ
കൊച്ചി: ബഡായ് ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് ഷോയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരമാണ് ആര്യ. പിന്നീട് ബിഗ് ബോസ് മലയാളത്തിൽ പങ്കെടുക്കുകയും മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ഒരുഘട്ടത്തിൽ ഷോയിൽ വിജയി ആകാൻ സാധ്യത ഉണ്ടെന്ന് പോലും വിലയിരുത്തപ്പെട്ട താരം കൂടിയായിരുന്നു ആര്യ. എന്നാൽ കൊവിഡിനെ തുടർന്ന് പിന്നീട് ഷോ അവസാനിപ്പിക്കുകയായിരുന്നു.
ബിഗ് ബോസിന് പിന്നാലെ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി താരം പങ്കിടാറുണ്ട്. ഇൻസ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ വലിയ ഫോളോവേഴ്സും താരത്തിന് ഉണ്ട്. സംരംഭക കൂടിയാണ് ഇപ്പോൾ ആര്യ. സോഷ്യൽ മീഡിയയിൽ തന്റെ ഷോപ്പിന്റെ പ്രമോഷൻ വീഡിയോകളും ആര്യ പങ്കുവെക്കാറുണ്ട്.

അതിനിടയിൽ ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ആര്യ പങ്കിട്ടിരിക്കുന്നത്. ബിസിനസിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആര്യയുടെ ടീമിനെ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവിന്റെ കോൾ ആണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. യുവാവിന്റെ ഫോൺ നമ്പറും അഡ്രസുമെല്ലാം വ്യക്തമാക്കുന്ന തരത്തിലുളളതാണ് വീഡിയോ. ആര്യയുടെ ടീമിലെ യുവതിയോടാണ് ഇയാൾ സംസാരിക്കുന്നത്. ആര്യ തന്നെയാണ് ഈ കോളിന്റെ വീഡിയോ റെക്കോഡ് ചെയ്യുന്നത്.
'ഒരു പ്രൊജക്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ വിളിച്ചത്. എന്നാൽ കോൾ തുടങ്ങി പെട്ടെന്ന് തന്നെ സംസാരത്തിന്റെ ഗതി മാറി. പിന്നീട് സംഭവിച്ചത് ചരിത്രം. സംഭാഷണം ആസ്വദിച്ചോളൂ', എന്ന് പറഞ്ഞാണ് ഇയാൾ വീഡിയോ പങ്കിട്ടിരിക്കുന്നത്.
നിങ്ങൾ തിരുവനന്തപുരത്താണോയെന്ന് ചോദിച്ചാണ് ഇയാൾ സംസാരം തുടങ്ങുന്നത്. അല്ല കാസർഗോഡാണെന്ന് യുവതി പറയുന്നുണ്ട്. ഇതിനിടയിൽ സെറ്റാണോയെന്ന് യുവാവ് ചോദിക്കുന്നുണ്ട്. അഡ്രസ് തരൂ എന്ന് പറയുമ്പോൾ താൻ സ്വയം ഭോഗം ചെയ്യുകയാണെന്നാണ് യുവാവ് പറയുന്നത്. പിന്നീട് അഡ്രസ് അടക്കം പറഞ്ഞ് കൊടുക്കുന്നത് വീഡിയോയിൽ കേൾക്കാം.
മുൻപും ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ചുട്ടഭാഷയിലൂടെ തന്നെ ആര്യ മറുപടി നൽകിയിട്ടുണ്ട്. തന്നോട് അശ്ലീലം പറയുന്നവരുടെ ഫോട്ടോകളും മെസേജുകളും സ്ക്രീൻഷോട്ടുകളുമടക്കം താരം പങ്കിടാറുണ്ട്. ഇത്തരം സംഭവങ്ങൾക്കെതിരെ മുൻപ് കേസ് കൊടുത്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. ചെറിയ പ്രായത്തിലുള്ള കുട്ടികൾ അടക്കമുള്ളവരാണ് ഇത്തരത്തിൽ അധിക്ഷേപം പറയുന്നതെന്നും ആര്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications