ആര്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെപ്പോൾ? സിബിന്റെ മറുപടി ഇങ്ങനെ
ബഡായി ബംഗ്ലാവ് എന്ന ഒറ്റ പരിപാടിയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് ആര്യ ബഡായി. എന്നാൽ പിന്നീട് ആര്യ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ നടിക്കെതിരെ ചിലർ തിരിഞ്ഞു. ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസിൽ കണ്ടതെന്നായിരുന്നു ഇക്കൂട്ടരുടെ വിമർശനം. നടി കൊടും വിഷമാണെന്ന തരത്തിലടക്കം വലിയ അധിക്ഷേപം ചിലർ നടത്തി. ഷോ കഴിഞ്ഞെത്തിയ ആര്യയ്ക്ക് നേരിടേണ്ടി വന്നതോ കടുത്ത സൈബർ ആക്രമണവും.
മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യമായിരുന്നു അതെന്ന് മുൻ ആര്യ വെളിപ്പെടുത്തിയിട്ടുണ്ട്. വീണുപോയേക്കാവുന്ന ആ ഘട്ടത്തിൽ തനിക്ക് താങ്ങും തണലുമായി നിന്നത് സുഹൃത്തക്കൾ ആണെന്നും ആര്യ വ്യക്തമാക്കിയിരുന്നു. ആ സുഹൃത്തുക്കളിൽ ഒരാളാണ് ബിഗ് ബോസ് താരം കൂടിയായ ഡിജെ സിബിൻ.

ഗായകനും അവതാരകനുമായ സിബിനും ആര്യ കടന്നുപോയ സാഹചര്യത്തിലൂടെ കടന്നുപോയ വ്യക്തിയാണ്. ബിഗ് ബോസിലെ ഗെയിമിന്റെ പേരിൽ സിബിനും കടുത്ത സൈബർ അധിക്ഷേപത്തിന് ഇരയായിരുന്നു. അന്ന് സിബിന് ആര്യയായിരുന്നു പൂർണ പിന്തുണ നൽകിയത്. തന്റെ 'ഇരട്ട' എന്നായിരുന്നു സിബിനെ ആര്യ വിശേഷിപ്പിച്ചിരുന്നത്. എല്ലാ അർത്ഥത്തിലും ഒരേ സ്വഭാവക്കാരാണ് തങ്ങളെന്ന് ആര്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ആ സുഹൃത്തുക്കൾ ഇതാ ഇപ്പോൾ വിവാഹിതരാകാൻ ഒരുങ്ങുകയാണ്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടായിരുന്നു ഇരുവരും ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഒരേസമയം സന്തോഷവും അമ്പരപ്പുമാണ് ആരാധകർ പ്രകടിപ്പിച്ചത്. എപ്പോഴാണ് ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതെന്ന സംശയം പലരും ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് സിബിൻ. ജാംഗോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിബിന്റെ വാക്കുകൾ ഇങ്ങനെ
'തീർച്ചയായും വളരെ സന്തോഷം തോന്നുന്ന നിമിഷമാണ്. ഞങ്ങൾ രണ്ടുപേരും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. എല്ലാവരും പിന്തുണയ്ക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷം. എനിക്ക് വളരെ മോശം ഭൂതകാലം ഉണ്ട്. ആര്യയ്ക്കും വ്യക്തിപരമായി മോശം ഒരു ഭൂതകാലമുണ്ട്. പിന്നെ ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം അറിയുന്നതാണ്', സിബിൻ പറഞ്ഞു. ആര്യയെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെപ്പോഴാണ് എന്ന ചോദ്യത്തിന് റാന്റം എന്നായിരുന്നു സിബിന്റെ മറുപടി. ഞാനും ആര്യയും ഒരുമിച്ചൊരു വേദിയിൽ ഇക്കാര്യം പറയുമെന്നും സിബിൻ പറഞ്ഞു.
സിബിന്റേയും ആര്യയുടേയും രണ്ടാം വിവാഹമാണ്. നടി അർച്ചന സുശീലന്റെ സഹോദരനെയായിരുന്നു ആര്യ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഖുശി എന്ന് പേരുള്ള മകളും ആര്യക്കുണ്ട്. ആദ്യ വിവാഹം വേർപിരിയാൻ ഒരുപരിധി വരെ കാരണം താൻ ആണെന്ന് ആര്യ തുറന്നുസമ്മതിച്ചിരുന്നു. അതേസമയം വേർപിരിഞ്ഞെങ്കിലും തങ്ങൾ വളരെ അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നതെന്നും മകളുടെ കാര്യത്തിൽ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും നടത്താറില്ലെന്നും ആര്യ തുറന്നുപറഞ്ഞിട്ടുണ്ട്.
വിവാഹമോചനത്തിന് ശേഷം തനിക്ക് ഒരു പ്രണയ ബന്ധം ഉണ്ടായതിനെ കുറിച്ചും ആര്യ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസിൽ പോയി വന്നതിന് ശേഷം ആ ബന്ധം പിരിഞ്ഞുവെന്നാണ് ആര്യ പറഞ്ഞത്. അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കളിൽ ഒരാളെ താനറിയാതെ അദ്ദേഹം പ്രണയിച്ചുവെന്നും ഇരുവരുടേയും ബന്ധം അറിഞ്ഞ താൻ തകർന്ന് പോയെന്നും ആര്യ പറഞ്ഞു.
അതേസമയം ആര്യയുടെ സുഹൃത്തുക്കളിൽ ഒരാളേയായിരുന്നു സിബിൻ വിവാഹം കഴിച്ചത്. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും വേർപിരിയുകയായിരുന്നു.












Click it and Unblock the Notifications