സജ്നയുമായി ബന്ധം പിരിഞ്ഞത് മറ്റുള്ളവരുടെ ഇടപെടൽ കാരണം?'; ഫിറോസ് ഖാന് പറയാനുള്ളത്..'അത് ബിഗ് ബോസ് സ്ട്രാറ്റജി'
കാമത്തേയും പ്രണയത്തേയും തിരിച്ചറിയാൻ ഇപ്പോഴത്തെ തലമുറക്ക് സാധിക്കുന്നില്ലെന്ന് ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാൻ. യഥാർത്ഥ പ്രണയം ഉള്ള വ്യക്തിയ്ക്ക് ചോറിന് തൊടുകറികൾ പോലെയാണ് സെക്സ്. പ്രണയിക്കുന്നവർ തമ്മിൽ ഹൃദയം കൈമാറുകയാണ്. നിങ്ങളായിരിക്കുന്ന അവസ്ഥയിൽ നിങ്ങളെ സ്നേഹിക്കുന്നതാണ് പ്രണയം. അല്ലെങ്കിൽ ടോക്സിസിറ്റിയാണ്. ഇപ്പോൾ നടക്കുന്നത് പ്രണയമല്ല. രാവിലെ ഒരാളെ കണ്ട് ഉച്ചയ്ക്ക് നമ്പർ വാങ്ങി വൈകീട്ട് റൂമെടുത്ത് ഫിസിക്കൽ റിലേഷൻ നടക്കുന്നു. പെൺകുട്ടികളും അതിന് തയ്യാറാണ്. പണ്ട് ബന്ധങ്ങൾക്ക് കുറച്ചുകൂടി വാല്യു ഉണ്ടായിരുന്നു', ഫിറോസ് പറഞ്ഞു. മൂവി വേൾഡ് മീഡയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാനുമായി പ്രണയ ബന്ധം ഉണ്ടായിരുന്നവർ ആ ബന്ധം അവസാനിച്ചപ്പോൾ പരസ്പരം പഴി പറഞ്ഞ് പോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഞാൻ എന്റെ പ്രണയ ബന്ധങ്ങളിൽ ലോയൽ ആയിരുന്നു', ഫിറോസ് പറഞ്ഞു. സജ്നയുമായി ബന്ധം പിരിഞ്ഞത് മറ്റുള്ളവരുടെ ഇടപെടൽ കാരണമാണെന്ന ചോദ്യങ്ങളോട് മറുപടി ഇങ്ങനെ-'മറ്റുള്ളവർക്ക് എന്തും പറയാം. ഞാനും സജ്നയും വളരെ സൗഹൃദത്തിലാണ് പോകുന്നത്. സജ്ന നല്ല നിലയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. തിരിച്ച് അവളും. ഭാര്യ-ഭർത്താവ് എന്ന നിലയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നതിനാലാണ് പിരിഞ്ഞത്. ഞങ്ങൾ രണ്ട് പേരും ടോക്സിക് അല്ല.

സജ്നയ്ക്ക് ശേഷം പ്രണയം സംഭവിച്ചിട്ടില്ല. ഞാൻ മറ്റ് പല കാര്യങ്ങളിലും മുഴുകിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റ് കാര്യങ്ങൾ ആലോചിക്കാൻ പോലും സമയമില്ല', ഫിറോസ് പറഞ്ഞു.
സിനിമയിൽ സ്തുതിപാടകർക്കാണ് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നത്. പൃഥ്വിരാജിനെ പോലെ ഗട്സ് ഉള്ളവർ വളരെ കുറവാണ്. നട്ടലില്ലായ്മ സിനിമയിൽ നടക്കുന്നുണ്ട്. സിനിമയിൽ നായക പരിവേഷമുള്ളവർക്ക് ജീവിതത്തിൽ അതൊന്നും ഇല്ല. സിനിമയിൽ നമ്മൾ കാണുന്ന നായകൻമാർക്കൊന്നും യഥാർത്ഥ ജീവിതത്തിൽ ആ ക്യാരക്ടറുകളൊന്നും ഇല്ല.
സ്തുതി പാടി അവസരം വാങ്ങാൻ നിൽക്കുന്ന ആളല്ല ഞാൻ. ഞാൻ ഒരുനാൾ മരിക്കുമെന്ന ബോധ്യമുണ്ട്.
ഞാൻ കോളേജിൽ ഒരുപരിപാടിക്ക് പോയപ്പോൾ ഒരു വിദ്യാർത്ഥിയോട് ചോദിച്ചു നിന്റെ മാതൃക പുരുഷൻ ആരാണെന്ന്. അവൻ ഉടൻ പറഞ്ഞു നിവിൻ പോളിയെന്ന്. ചിരിച്ച് ഊപ്പാടിളകിപ്പോയി. നിവിൻ പോളിയുടെ കഥാപാത്രങ്ങൾ കണ്ടിട്ടാണ് അവനോട് ആരാധന തോന്നിയതെന്നാണ് ആ കുട്ടി പറഞ്ഞത്. വളരെ മ്ലേച്ഛമായ ഉത്തരമായി പോയി. ഞാൻ ഈ പറയുന്നത് നിവിൻ പോളിയോടുള്ള ദേഷ്യം കൊണ്ടല്ല, മോഹൻലാലിന്റെ കാര്യം പറഞ്ഞാലും അതേ മനോഭാവമേ എനിക്ക് വരൂ, കഥാപാത്രങ്ങൾ കണ്ട് ആരാധന തോന്നിയെന്നൊക്കെ പറയുന്നത് എന്ത് മോശം കാര്യമാണ്', ഫിറോസ് പറഞ്ഞു.
ബിഗ് ബോസിനെ കുറിച്ചും ഫിറോസ് സംസാരിച്ചു. 'ജനം കൈയ്യടിക്കുന്നവർക്കല്ല ആ ഷോയിൽ വിജയം നേടാൻ സാധിച്ചത്. ഷോയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. അഖിൽ മാരുടെ സീസണിൽ മാത്രമാണ് അർഹതപ്പെട്ട വിജയം ഉണ്ടായത്. അതുപക്ഷെ അഖിൽ മറ്റൊരു സീസണിൽ വന്നാൽ കിട്ടുമായിരുന്നില്ല. ആ സീസണിൽ അഖിലായിരുന്നു മികച്ചത്. അഖിലിന് ഭാഗ്യം കൂടിയുണ്ടായിരുന്നു. സാബുമോന്റ് കാര്യവും അങ്ങനെ തന്നെയായിരുന്നു. പക്ഷെ മറ്റ് സീസൺ നോക്കി നോക്കൂ. രജിത് സാറിന്റെ സീസണിൽ അദ്ദേഹത്തിനായിരുന്നു ഏറ്റവും റേറ്റിങ്ങ് പക്ഷെ അദ്ദേഹത്തെ പുറത്താക്കി. ഞങ്ങളുടെ സീസണിൽ ഞങ്ങളെ, മറ്റൊരു സീസണിൽ റോബിൻ രാധാകൃഷ്ണനെ, ആ സീസണിൽ ജാസ്മിനല്ല മറിച്ച് മറ്റൊരാൾക്കാണ് വിജയപ്പട്ടം നൽകിയത്. ആളുകൾ ഇതൊക്കെ പറയണം, അതുകൊണ്ട് തന്നെ ഇതൊക്കെ ബിഗ് ബോസിന്റെ ഒരു സ്ട്രാറ്റജിയാണ്', ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications