ജാസ്മിന്‍ ചെയ്തത് മോശം കാര്യം; നുണയും പറയുന്നുവെന്ന് വിമർശനം: ഒടുവില്‍ മറുപടിയുമായി ബിഗ് ബോസ് താരം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഫെയിം ജാസ്മിന്‍ ജാഫറിനെ വിമർശിച്ച് നേഡിയൻ മലയാളി വ്ലോഗറായ ശ്രുതി അനിൽകുമാർ. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജാസ്മിന്‍ അടുത്ത സുഹൃത്തുമായ ഗബ്രിയോടൊപ്പം രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്നുണ്ട്. അത്തരത്തില്‍ ഇരുവരും അടുത്തിടെ സന്ദർശിച്ച രാജ്യമായിരുന്നു തായ്‌ലാൻഡ്.
പതിവ് പോലെ തായ്‌ലാൻഡ് യാത്രയുടെ വ്ളോഗും ജാസ്മിനും ഗബ്രിയും തങ്ങളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാസ്മിനെതിരെ വിമർശനവുമായി ശ്രുതി അനിൽകുമാർ രംഗത്ത് വന്നിരിക്കുന്നത്. ഇരുവരും ബസില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങള്‍ ജാസ്മിന്‍ തന്റെ വീഡിയോയില്‍ പകർത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ജാസ്മിന്റെ ഈ പ്രവർത്തിയാണ് ശ്രുതിയുടെ വിമർശനത്തിനിടയാക്കിയത്. മറ്റൊരാളുടെ അനുമതി ഇല്ലാതെ അവരുടെ ദൃശ്യങ്ങള്‍ പകർത്തുന്നത് തെറ്റാണെന്ന് ഗബ്രി പറയുന്നതും ശ്രുതി ചൂണ്ടിക്കാട്ടുന്നുണ്ട്. വിമർശനം ജാസ്മിന്‍ ശരിയായ അർത്ഥതത്തില്‍ എടുത്തു എന്നുള്ളതാണ് സന്തോഷകരമായ കാര്യം. തനിക്ക് തെറ്റുപറ്റിയെന്നും തിരുത്താൻ ശ്രമിക്കുമെന്നുമാണ് ജാസ്മിന്‍ ജാഫർ വിമർശനത്തിന് മറുപടിയായി കുറിച്ചിരിക്കുന്നത്.
'ജാസ്മിനും ഗ്രബിയും തായ്‌ലാൻഡില്‍ പോയപ്പോള്‍ എടുത്ത വീഡിയോയില്‍ നിന്നുള്ള ഒരു ക്ലിപ്പ് ഞാന്‍ കാണിച്ച് തരാം. ഇങ്ങനെ ഇവർ കാണിക്കുന്നത് കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്. ആ പെണ്‍കുട്ടിയുടെ വീഡിയോ എടുത്തത് വളരെ മോശമായിപ്പോയി. രണ്ട് പ്രാവശ്യം ആ പെണ്‍കുട്ടി ജാസ്മിന്റെ ക്യാമറയിലേക്ക് നോക്കുന്നുണ്ട്. അതായത് അവരുടെ വീഡിയോ എടുക്കുന്നുണ്ട് അവർക്ക് അറിയാം. അവരുടെ അനുമതിയില്ലാതെ വീഡിയോ എടുക്കുന്നത് ശരിയല്ലെന്ന് ഗബ്രി പറയുന്നുണ്ട്' ശ്രുതി അനില്‍കുമാർ പറയുന്നു.
ഇരുവരും ഷൂട്ട് ചെയ്ത മുഴുവന്‍ വീഡിയോയും കണ്ടു. അതില്‍ ഗബ്രി ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ മറ്റൊരാളുടെ ദൃശ്യങ്ങള്‍ വരാതെ നോക്കുന്നുണ്ട്. ചില ആളുകള്‍ക്കുള്ള സിവിക് സെന്‍സ് എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് ഇല്ലാത്തതെന്ന് അറിയില്ല. അതും ഞാന്‍ എന്റെ വീഡിയോ ആണ് എടുക്കുന്നതെന്ന നുണ പറഞ്ഞുകൊണ്ടാണ് വീഡിയോ എടുക്കുന്നത്.
പലർക്കും സിവിക്സ് സെൻസ് കുറവാണ്. മറ്റുള്ളവരുടെ വിഡിയോ അവർ അറിയാതെ പകർത്തുന്നത് മോശം കാര്യമാണ്. മറ്റു രാജ്യങ്ങളിൽ പോവുമ്പോൾ നന്നായി പെരുമാറാൻ ശ്രദ്ധിക്കണം. നിങ്ങൾ നിങ്ങളുടെ നാടിനെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നോർക്കുക. നമ്മള്‍ വിദേശ രാജ്യങ്ങളില്‍ പോയി മലയാളത്തില്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവർക്ക് മനസ്സിലാകില്ലെന്ന് വിചാരിക്കരുത്. അവർ പൊട്ടന്‍മാരല്ല മറ്റുള്ളവർക്ക് ആദരം കൊടുക്കാൻ ശ്രദ്ധിക്കണം. ജാസ്മിൻ എന്ന കണ്ടന്റ് ക്രിയേറ്ററെ ഏറെയിഷ്ടമാണ്. പക്ഷേ ഈ കാണിച്ചത് ശരിയായില്ല. അതുകൊണ്ടാണ് ഇത് പറയുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മറുപടിയുമായി ജാസ്മിനും രംഗത്ത് വന്നത്. 'നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും പൂർണമായും അംഗീകരിക്കുകയല്ല, പക്ഷേ ഈ വിഷയം എന്റെ ശ്രദ്ധയിൽപെടുത്തിയതിനു നന്ദി. ഞാൻ അതിനെ ന്യായീകരിക്കുന്നില്ല, പക്ഷേ ഞാൻ ജനിച്ചതും വളർന്നതുമായ ചുറ്റുപാടുകൾ ലോകത്തെ വിശാലമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നില്ല. ഇതെല്ലാം എനിക്ക് പുതിയ പാഠങ്ങളാണ്' ജാസ്മിന്‍ ജാഫർ മറുപടിയായി കുറിച്ചു.
ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെകളേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് ഞാനിന്ന്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരു ആരോഗ്യപരമായ വിമർശനമായി എടുക്കുന്നു. അടുത്ത തവണ മുതൽ കുറേക്കൂടി മികച്ചൊരാളാവാൻ ശ്രമിക്കുന്നതായിരിക്കുമെന്നും ജാസ്മിന്‍ ജാഫർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications