റീൽസിട്ട് എട്ടിന്റെ പണി വാങ്ങി ജാസ്മിൻ ജാഫർ, ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാലിട്ട് വീഡിയോ, പരാതി നൽകി ദേവസ്വം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് റീല്‍സ് ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിഗ് ബോസ് സീസണ്‍ 6 താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ജാസ്മിന്‍ ജാഫറിന് എതിരെ പരാതി. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിക്കൊണ്ട് ചിത്രീകരിച്ച് റീല്‍സിന് പിന്നാലെയാണ് ജാസ്മിന് പണി കിട്ടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് പോസ്റ്റ് ചെയ്തിരുന്നത്. കേരള കസവ് സാരിയില്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മുല്ലപ്പൂ ചൂടുന്നതും ക്ഷേത്ര കുളക്കടവില്‍ ഇരിക്കുന്നതും വെള്ളത്തില്‍ കാല്‍ ഇട്ടിരിക്കുന്നതുമെല്ലാം ഈ റീല്‍സിലുണ്ട്.
ഈ കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുളളതാണ്. മാത്രമല്ല ഹിന്ദുമതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ക്ഷേത്രക്കുളത്തില്‍ ഇറങ്ങുന്നതിനും അനുമതിയില്ല. ഈ പശ്ചാത്തലത്തിലാണ് ജാസ്മിന് എതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടെംപിള്‍ പോലീസിന് പരാതി നല്‍കിയത്. വിലക്ക് മറികടന്ന് റീല്‍സ് ചിത്രീകരിച്ച ജാസ്മിന്‍ മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയര്‍ത്തുന്ന നടപടിയാണ് എന്നും ആരോപിച്ചാണ് പരാതി.

വിവാദമായതിന് പിന്നാലെ ജാസ്മിന്‍ ഈ റീല്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും ജാസ്മിന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുളളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, ജാസ്മിന്‍ കുറിച്ചു.
നേരത്തെയും സമാനസംഭവം ഗുരുവായൂരില്‍ നടന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ വീഡിയോഗ്രഫി നിരോധിച്ചയിടങ്ങളില്‍ വെച്ച് വീഡിയോകള്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തയാള്‍ക്കെതിരെ ദേവസ്വം പോലീസ് പരാതി നല്‍കിയിരുന്നു.. കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്കെതിരെ ടെംപിള്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ജാസ്മിന്‍ ജാഫറിന് എതിരെയുളള പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications