'ഫൈനലി',മുകേഷ് എം നായർക്കൊപ്പം ഫോട്ടോയുമായി ബിഗ് ബോസ് താരം നാദിറ..വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ, മറുപടി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ആരാധക പിന്തുണ നേടിയ താരമാണ് ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റ് കൂടിയായ നാദിറ മെഹ്റിൻ. ഷോയിൽ തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു. ഷോയ്ക്ക് പിന്നാലെ ഇപ്പോൾ സിനിമയിലും നാദിറയെ തേടി അവസരങ്ങൾ എത്തിത്തുടങ്ങി.
സോഷ്യൽ മീഡിയയിലും സജീവമാണ് നാദിറ. തന്റെ ഫോട്ടോഷൂട്ടുകളെല്ലാം നാദിറ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവെച്ചൊരു ചിത്രം വലിയ ചർച്ചയായിരിക്കുകയാണ്. യുട്യൂബറായ മുകേഷ് എം നായർക്കൊപ്പമുള്ളതാണ് നാദിറയുടെ പുതിയ ഫോട്ടോകൾ. വിവാഹ വേഷത്തിലാണ് ഇരുവരും ഉള്ളത്. ഇതോടെ നിരവധി പേർ താരത്തിന് വിവാഹ ആശംസ അറിയിച്ച് എത്തുകയും ചെയ്തു. ഇതു സത്യമാണോയെന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ സത്യം തുറന്ന് പറഞ്ഞ് നാദിറയും എത്തിയിരിക്കുകയാണ്.

സെറ്റുമുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി വിവാഹ വേഷത്തിലാണ് ഇരുവരും ഫോട്ടോയിൽ ഉള്ളത്. 'ഫൈനലി' എന്ന കാപ്ഷനോട് കൂടിയാണ് മുകേഷ് എം നായർ നാദിറയെ ടാഗ് ചെയ്ത് ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവരും കൈകൾ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾക്ക് മാരേജ് എന്നടക്കമുള്ള ഹാഷ് ടാഗുകളാണ് നൽകിയിരിക്കുന്നത്. ഇതാണ് ആരാധകരിൽ സംശയം ജനിപ്പിച്ചത്. ചോദ്യങ്ങൾ തുടർന്നതോടെ താൻ വിവാഹിത ആയിട്ടില്ലെന്നും ഇപ്പോഴും സിംഗിൾ ലൈഫ് ആസ്വദിക്കുകയാണെന്നും മറ്റൊരു പോസ്റ്റിലൂടെ നാദിറ അറിയിച്ചു. അത് ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നുവെന്നും നാദിറ കുറിച്ചു.
ഇതിന് താഴെ അത് ഞങ്ങൾക്ക് മനസിലായതാണെന്നും ഈ ഫോട്ടോകളിലും നാദിറ അതീവ സുന്ദരിയാണെന്നുമാണ് പലരും കുറിച്ചത്. അതിനിടെ മുകേഷ് നായർക്കൊപ്പമുളള നാദിറയുടെ ചിത്രത്തിന് താഴെ താരത്തെ അധിക്ഷേപിച്ചുള്ള നിരവധി കമന്റുകളും ഉണ്ട്. രണ്ട് ചേട്ടൻമാരും അടിപൊളിയായിട്ടുണ്ട്, നജീബിന്റെ കൂടെയാണോ ഇപ്പോൾ, ചേട്ടൻമാർ രണ്ടുപേരും സൂപ്പറായിട്ടുണ്ട് എന്നിങ്ങനെയാണ് അധിക്ഷേപങ്ങൾ. എന്നാൽ ഇതിനോടൊന്നും നാദിറ പതിവ് പോലെ പ്രതികരിച്ചിട്ടില്ല. അതേസമയം അധിക്ഷേപിക്കുന്നവർക്കെതിരെ നാദിറയുടെ ആരാധകർ പോസ്റ്റിൽ പ്രതികരിക്കുന്നുണ്ട്. പച്ചമാംസത്തിൽ കൊത്തി സന്തോഷം കണ്ടെത്തുന്ന ടീമുകളാണവർ എന്നും സൈക്കോകളാണെന്നുമൊക്കെയാണ് ചിലർ കുറിച്ചത്.
ഫുഡ് വ്ലോഗിങ്ങുകളിലൂടെ താരമായ ആളാണ് മുകേഷ് എം നായർ. താൻ വിവാഹിതനാണെന്നും 13 വയസുള്ള മകൾ തനിക്കുണ്ടെന്നും താരം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ റീൽസും ഫോട്ടോഷൂട്ടുമൊക്കെ ചെയ്യുന്നത് ഭാര്യക്കും മകൾക്കുമൊക്കെ ഇഷ്ടമാണെന്നും അവരാണ് തന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നതെന്നും മുകേഷ് പറഞ്ഞിട്ടുണ്ട്. അതേസമയം നേരത്തേ തനിക്ക് പ്രൊപ്പോസലുകൾ വരുന്നുണ്ടെന്ന് നാദിറ മുൻപ് വെളിപ്പെടുത്തിയിരുന്നു.' ബിഗ് ബോസിന് ശേഷം പ്രൊപ്പോസലൊക്കെ വരുന്നുണ്ട്. എന്നാൽ വിവാഹമൊക്കെ മെല്ലെയേ ഉണ്ടാകൂ', എന്നായിരുന്നു നാദിറ വ്യക്തമാക്കിയത്.












Click it and Unblock the Notifications