മുടിയന്റെ പെണ്ണ് ഇതാ, ഡോ ഐശ്വര്യ ഉണ്ണി; 'ആറ് വർഷത്തെ പ്രണയമാണ്'; പ്രണയകഥ പറഞ്ഞ് റിഷി
ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് റിഷി എന്ന മലയാളികളുടെ മനസിൽ ഇടം നേടുന്നത്. സീരിയലിലെ കഥാപാത്രമായ 'മുടിയൻ' എന്ന പേരിൽ തന്നെയാണ് ആരാധകർ റിഷിയെ ഏറ്റെടുത്തത്. ബിഗ് ബോസ് മലയാളം സീസൺ 6 ൽ എത്തി കൂടുതൽ പേരുടെ ഇഷ്ടം പിടിച്ചുപറ്റാൻ റിഷിക്ക് കഴിഞ്ഞു. ഷോയിൽ റിയൽ ആയി നിന്ന ചുരുക്കം മത്സരാർത്ഥികളിൽ ഒരാളാണ് റിഷി എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
തന്റെ കുടുംബത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് റിഷി. അമ്മയും സഹോദരങ്ങളും അടങ്ങുന്നതാണ് റിഷിയുടെ കുടുംബം. ഇപ്പോഴിതാ റിഷിയുടെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തുകയാണ്. റിഷിയുടെ കാമുകിയെ കുറിച്ചാണ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് തന്റെ കാമുകിയെ കുറിച്ച് റിഷി ആരാധകരോട് വെളിപ്പെടുത്തിയത്. ഒരു പ്രൊപ്പോസൽ വീഡിയോ ആയിരുന്നു റിഷി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ആരാണ് കാമുകിയെന്ന് റിഷി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ കാമുകി ആരാണെന്നും എത്രവർഷത്തെ പ്രണയമാണെന്നൊക്കെയുള്ള വിശേഷങ്ങൾ അടങ്ങിയ ഫുൾ വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം. കാമുകിയെ പോലും ഞെട്ടിച്ച് കൊണ്ടുള്ള പ്രൊപ്പോസൽ രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ആ രഹസ്യം ഞാൻ വെളിപ്പെടുത്താൻ പോകുകയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് റിഷി വീഡിയോ തുടങ്ങുന്നത്. ആറ് വർഷമായുള്ള എന്റെ ഗേൾ ഫ്രണ്ട് ആയ ഐശ്വര്യയെ ഞാൻ പ്രൊപ്പോസ് ചെയ്യാൻ പോകുകയാണെന്ന് റിഷി അമ്മയോട് പറയുന്നുണ്ട്. അമ്മയ്ക്ക് ഐശ്വര്യയെ ഇഷ്ടമല്ലേയെന്ന് ചോദിക്കുമ്പോൾ എനിക്ക് ഒകെയാണ്, 100 ശതമാനം ഒകെയാണ്. എന്റെ മോൻരെ ഇഷ്ടമല്ലേ നടക്കട്ടെ. അനുഗ്രഹിച്ചിരിക്കുന്നു എന്നാണ് അമ്മ പറയുന്നത്.
പ്രൊപ്പോസൽ അവൾക്കൊരു സർപ്രൈസ് ആയിരിക്കുമെന്നും അതിന് വേണ്ട മോതിരം വാങ്ങിയതിന് ശേഷം അവളെ കാണുമെന്നും താരം പറയുന്നുണ്ട്. ഒരു ഡെയ്ലി വ്ലോഗ് ചെയ്യുകയാണെന്ന് മാത്രമാണ് അവളോട് പറഞ്ഞിരിക്കുന്നതെന്നാണ് റിഷി പറയുന്നത്.
ഇതിനിടയിൽ ഐശ്വര്യയെ റിഷിയുടെ സഹോദരൻ കാറിൽ പിക്ക് ചെയ്ത് വരികയും തുടർന്നങ്ങോട്ട് ഐശ്വര്യയെ തീർത്തും സർപ്രൈസ് ആക്കിക്കൊണ്ടുള്ള നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. നിരവധി സമ്മാനങ്ങൾ നൽകി ഏറ്റവും ഒടുവിലാണ് റിഷി മോതിരം നൽകി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നത്.
കാമുകന്റെ സർപ്രൈസിൽ ഞെട്ടി നിൽക്കുകയാണ് ഐശ്വര്യ. ശരിക്കും സന്തോഷമായെന്നും പ്രൊപ്പോസൽ ഇഷ്ടമായെന്നും ഐശ്വര്യ പറയുന്നുണ്ട്. പെട്ടെന്നായോ എന്ന ചോദ്യത്തിന് ആറ് വർഷം കാത്തിരുന്നിട്ടല്ലേയെന്ന് ഐശ്വര്യ പറയുന്നുണ്ട്. നടിയും ഡോക്ടറുമാണ് ഐശ്വര്യ ഉണ്ണി. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിൽ പൂജ വേഷമിട്ടിട്ടുണ്ട്. കുടുംബ വിളിക്ക് എന്ന സീരിയലിൽ ഐശ്വര്യ എന്ന കഥാപാത്രത്തേയും താരം അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ സുഖമോ ദേവി എന്ന സീരിയയിൽ അഭിനയിക്കുകയാണ് താരം.
അതേസമയം മുടിയന്റെ പ്രൊപ്പോസൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 'നല്ല കൊച്ചാണ്..ഓവർ റിയാക്ഷൻ ഇല്ല ഇത് പോലെ പ്രൊപ്പോസ് വേറെ ആരുടേയും കണ്ടിട്ടില്ല', 'ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് വീട്ടിൽ അനുവാദം വാങ്ങി പ്രപ്പോസൽ ചെയ്യാൻ ഒരാൾ പോകുന്ന കാണുന്നേ',
ഇത് പോലെ പ്രൊപ്പോസ് വേറെ ആരുടേയും കണ്ടിട്ടില്ല, യുനീക് ആണ്', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications