'കുത്തിത്തിരിപ്പുകളൊന്നും ഏറ്റില്ല'; ആരതി പറഞ്ഞത് പോലെ തന്നെ..; ഒടുവിൽ ആ സന്തോഷം പങ്കിട്ട് റോബിൻ
കൊച്ചി: കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു പ്രണയിനി ആരതി പൊടിയുമായുള്ള ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ വിവാഹ നിശ്ചയം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നിശ്ചയം. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നുവെങ്കിലും എന്നായിരിക്കും എന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വാർഷികത്തിൽ തങ്ങളുടെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് റോബിൻ.
വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷം ആയിട്ടും എന്തേ ഇരുവരും തമ്മിലുള്ള വിവാഹം വൈകിപ്പോകുന്നതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. അടുത്തിടെ ഇത് സംബന്ധിച്ച് ചില യുട്യൂബ് ചാനലുകൾ ആരതിയോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ വാർഷിക ദിനത്തിൽ തീയതി വെളിപ്പെടുത്തുമെന്നായിരുന്നു ആരതി പൊടി അന്ന് മറുപടി നൽകിയത്. ഇപ്പോഴിതാ ആരതി പറഞ്ഞത് പോലെ തന്നെ മറ്റൊരു ഫിബ്രവരി 16 നാണ് ഇരുവരും ആരാധകരുമായി ആ സന്തോഷ വാർത്ത പങ്കിട്ടിരിക്കുന്നത്.

ജൂൺ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു റോബിന്റെ കുറിപ്പ്. എല്ലാവരുടേയും അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണമെന്ന് റോബിൻ കുറിച്ചു. എന്തായാലും പോസ്റ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അങ്ങനെ ഏറെ കാത്തിരുന്ന ആ ദിവസം എത്തുകയാണെന്നായിരുന്നു പലരും കുറിച്ചത്. 'വലിയ സന്തോഷങ്ങളും കൊച്ച് പിണക്കങ്ങളും ആയി ഒത്തിരി ദൂരം ഒരുമിച്ച് താണ്ടണം, തളരുമ്പോൾ താങ്ങായി ഉയരുമ്പോൾ നിഴലായി ഒക്കെ കൂടെ ഉണ്ടാവണം നല്ലൊരു ഇണയായിട, ഇങ്ങനെ പോകുന്നു കമന്റുകൾ.
ബിഗ് ബോസ് സീസൺ 4 ന് പിന്നാലെയാണ് റോബിനും സംരഭക കൂടിയായ ആരതി പൊടിയും തമ്മിൽ പ്രണയത്തിലായത്. ഒരു യുട്യൂബ് ചാനലിൽ വെച്ച് റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.
റോബിൻ തന്നെയാണ് തന്നോട് പ്രണയം പറഞ്ഞിരുന്നതെന്നും തീരുമാനമെടുക്കാൻ താൻ സമയം ചോദിച്ചിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു. പരസ്പരം മനസിലാക്കിയ ശേഷം താൻ യെസ് പറയുകയായിരുന്നുവെന്നാണ് ആരതി പറഞ്ഞത്. തന്നെ വളരെ അധികം മനസിലാക്കുന്ന വ്യക്തിയാണ് റോബിനെന്നും ഒരു സ്ത്രീയെന്ന നിലയിലും പങ്കാളിയെന്ന നിലയിലും തനിക്ക് എല്ലാ ബഹുമാനവും റോബിൻ നൽകാറുണ്ടെന്നും ആരതി പറഞ്ഞു. തന്റെ ഉയർച്ചയും താഴ്ചയുമെല്ലാം മനസിലാക്കിയാണ് ആരതി തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്ന് റോബിനും പ്രതികരിച്ചിരുന്നു.
അതേസമയം തങ്ങളുടെ വിവാഹം മുടക്കാൻ പലരും ശ്രമിച്ചിരുന്നുവെന്ന് നേരത്തേ റോബിൻ ആരോപിച്ചിരുന്നു.' കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ഒരാളുടെ വിവാഹം മുടക്കാന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് എന്റേയാവും. ഇപ്പോഴും പലരും അതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്തൊക്കെ കുത്തിത്തിരിപ്പുകളാണ് വരുന്നത്. പക്ഷേ പുള്ളിക്കാരി ഭയങ്കര സ്‌ട്രോങ്ങാണ്. എന്നെ മനസിലാക്കിയ ആളുമാണ്', എന്നായിരുന്നു റോബിൻ പറഞ്ഞത്.












Click it and Unblock the Notifications