റോബിൻ ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്നത് 3 ലക്ഷം വരെ, റിൽസ് ഇടാൻ 2 ലക്ഷം, സ്റ്റോറിക്ക് 1 ലക്ഷം; തുറന്ന് പറഞ്ഞ് താരം
കൊച്ചി: ബിഗ് ബോസ് മലയാളത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഒരുപക്ഷെ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥികൾക്കും ലഭിക്കാത്തത്രയും സ്വീകാര്യത മലായാളികൾക്കിടയിൽ റോബിന് ലഭിച്ചിട്ടുണ്ട്. സീസൺ 4 ലാണ് റോബിൻ മത്സരാർത്ഥിയായി എത്തിയത്. വെറും 70 ഓളം ദിവസം മാത്രമാണ് റോബിൻ ഷോയിൽ ഉണ്ടായിരുന്നത്. എന്നാൽ ആ സീസണിലെ വിജയിക്ക് ലഭിക്കുന്നതിനെക്കാൾ സ്വീകരണവും അംഗീകാരവുമെല്ലാം റോബിന് ലഭിച്ചു.
ഷോ കഴിഞ്ഞപ്പോൾ റോബിൻ ചെയ്ത ഉദ്ഘാടനങ്ങൾക്ക് കൈയ്യും കണക്കുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ ഉദ്ഘാടനങ്ങളിൽ നിന്ന് ലഭിച്ച വരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും താരം മനസ് തുറന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഒരുപാട് പോസിറ്റീവും കുറച്ച് നെഗറ്റീവും ഉള്ള ഒരു സാധാരണക്കാരനാണ് ഞാൻ. ഞാൻ ഫേക്ക് ആയി നിന്നിട്ടില്ല. എന്റെ ഭാഗത്ത് ഒരുപാട് ശരിയുണ്ടായിരുന്നു. കുറച്ച് തെറ്റുകൾ ഉണ്ടായിരുന്നു. തെറ്റുകൾ അംഗീകരിക്കാനും അത് തിരുത്താനും തയ്യാറായ വ്യക്തിയാണ് ഞാൻ. ഇപ്പോൾ കാലം പലതും തെളിയിക്കുമ്പോൾ , ഞാൻ ശരിയായിരുന്നുവെന്ന് വരുമ്പോൾ സന്തോഷമുണ്ട്.
ബിഗ് ബോസ് കഴിഞ്ഞ് 120 ഓളം ഉദ്ഘാടനങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതിൽ 65 ഓളം ഉദ്ഘാടനങ്ങൾ ഞാൻ കാശ് വാങ്ങി ഒന്നരലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വാങ്ങിയിട്ടുണ്ട്.റീൽസൊക്കെ ഇടാൻ ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. ഒരു സ്റ്റോറി ഇടുമ്പോൾ ഒരു ലക്ഷം കിട്ടിയിട്ടുണ്ട്. അങ്ങനെ 20 ഓളം സ്റ്റോറി ഞാൻ ഇട്ടിട്ടുണ്ട്. ഇതിലൂടെയെല്ലാം ഞാൻ അത്യാവശ്യം വരുമാനം ഉണ്ടാക്കിയിട്ടുണ്ട്.
കൂടാതെ ബ്രാൻഡ് അംബാസിഡറായിട്ടും കുറച്ച് ഫണ്ട് കിട്ടിയിട്ടുണ്ട്. രണ്ടാമത് ഷോയിൽ കയറി ഷോയ്ക്ക് എതിരെ സംസാരിച്ചിച്ച ശേഷം അതേ ഷോയുടെ പേരിൽ വീണ്ടും ഉദ്ഘാടനങ്ങൾക്ക് പോകുന്നത് ശരിയല്ലെന്നത് കൊണ്ടാണ് ഞാൻ ഉദ്ഘാടനങ്ങൾ കുറച്ചത്. ഇപ്പോഴും ഉദ്ഘാടനങ്ങൾ വരുന്നുണ്ട്. എന്നാൽ ഞാൻ എടുക്കാത്തതാണ്. കാരണം ജീവിതത്തിൽ മറ്റൊരു സ്റ്റേജിലേക്ക് പോയി ആ ഒരു ടാഗിൽ അറിയപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് കൂടിയാണ് ഉദ്ഘാടനങ്ങൾക്ക് പോകാത്തത്.
എനിക്കെതിരെ ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുമ്പോഴാണ് അഖില്‍ മാരാരെ ഞാൻ ആദ്യമായി കാണുന്നത. പിന്നെ ആ സമയത്ത് കണ്ടെന്റിന് വേണ്ടി ഒരു പത്ത് മിനിറ്റ് വീഡിയോ ഞാൻ ചെയ്തിരുന്നു. പുള്ളിക്കാരൻ തന്നെ അതിനെ കുറിച്ച് പറഞ്ഞിരുന്നു, ഇവനെന്തിനാണ് മൂന്ന് മണിക്ക് എനിക്കെതിരെ വീഡിയോ ഇട്ടത് എന്നൊക്കെ. ആ സമയത്ത് അതൊക്കെ കണ്ടന്റാണ്. ഞാനും അഖിലും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. എന്നിരുന്നാലും ഞാനും അഖില്‍ മാരാരും ഞാനും ഒറ്റയ്ക്ക് ഫൈറ്റ് ചെയ്ത് വന്നവരാണ്.
ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പുളളി ഒരു ഒത്തിരി ആഗ്രഹങ്ങൾ ഉള്ള വ്യക്തിയാണ്. അതൊക്കെ അദ്ദേഹം നേടിയെടുക്കുന്നുമുണ്ട്. പുള്ളി ജീവിതത്തിൽ സന്തോഷവാനാണ്. കുടുംബവുമായിട്ടൊക്കെ നന്നായാണ് ജീവിക്കുന്നത്. ഞാൻ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്ന ആളല്ല. ആളുകൾ എന്നെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും എനിക്ക് അതൊന്നും വിഷയമല്ല. നമ്മൾ ഈ ലോകത്ത് കുറച്ച് കാലമേ ഉള്ളൂ. ആരോഗ്യകരമായ വിമർശനങ്ങൾ എനിക്ക് ഇഷ്ടമാണ്. എന്റെ ഭാഗത്തെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ ഞാൻ അത് തിരുത്തും.
ബിഗ് ബോസില്‍ നിന്നുള്ള ഫെയിം ഒന്ന് രണ്ട് മാസം വരെയേ പോകുള്ളൂ. അതില്‍ നിന്നും ഒരു വര്‍ഷം വരെ പോകണമെങ്കില്‍ നമ്മള്‍ കൂടുതൽ കണ്ടന്റ് ഉണ്ടാക്കണം. അങ്ങനെ ആളുകളിലേക്ക് എത്തണം. എന്നെ കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തട്ടെ, ഞാൻ ഇങ്ങനെയാണ്.












Click it and Unblock the Notifications