റിഷിയുടെ വിവാഹ വേദിയിൽ സിജോയോട് മാപ്പ് പറഞ്ഞ് റോക്കി; കലിപ്പിൽ സിജോ..മറുപടി ഇങ്ങനെ
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ ്താരം റിഷിയുടെ വിവാഹം. ആഘോഷിച്ച് കൊണ്ടാടിയ വിവാഹത്തിൽ ബിഗ് ബോസ് സീസൺ 6 താരങ്ങളെല്ലാവരും തന്നെ പങ്കെടുത്തിരുന്നു. ബിഗ് ബോസ് താരങ്ങളുടെ ഒരു കൂടിച്ചേരൽ കൂടിയായിരുന്നു വിവാഹ വേദി എന്ന് വേണമെങ്കിൽ പറയാം.
ഹൗസിലെ വഴക്കുകൾ എല്ലാം മറന്ന് വളരെ സൗഹൃദപരമായിട്ടായിരുന്നു താരങ്ങൾ പരസ്പരം ഇടപെട്ടതും പെരുമാറിയതും. എന്നാൽ ഇതിനിടയിലും റോക്കി-സിജോ തർക്കം വീണ്ടും ചർച്ചയായി. ഹൗസിൽ വെച്ച് സിജോയെ മർദ്ദിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട താരമാണ് റോക്കി. ആ സംഭവത്തിൽ താടിയെല്ല് തകർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമായിരുന്നു സിജോ മടങ്ങിയെത്തിയത്. അന്ന് ഹൗസിൽ വെച്ച് താൻ ആ സംഭവം മറന്നുവെന്ന് സിജോ പറഞ്ഞെങ്കിലും തനിക്കൊരിക്കലും ഇക്കാര്യത്തിൽ റോക്കിയോട് ക്ഷമിക്കാൻ സാധിക്കില്ലെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം സിജോ പ്രതികരിച്ചത്.

മാത്രമല്ല റോക്കി പല അഭിമുഖങ്ങളിലും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ ഭാഷയിൽ തന്നെ സിജോ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിഷിയുടെ വിവാഹ വേദിയിൽ വെച്ച് സിജോയോട് പരസ്യമായി ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് റോക്കി. 'ബിഗ് ബോസ് കഴിഞ്ഞ് ആദ്യമായാണ് സിജോയെ നേരിട്ട് കണ്ടത്. ഇന്ന് ഞാൻ സിജോയോട് മാപ്പ് പറഞ്ഞു. അന്നും മാപ്പ് പറഞ്ഞതാണ്. നമ്മളൊക്കെ മനുഷ്യരല്ലേ, നേരിട്ട് കാണുമ്പോൾ പ്രശ്നങ്ങളൊന്നുമില്ല. സിജോയ്ക്ക് ചെറിയ വിഷമം ഉണ്ട്. മാപ്പ് പറഞ്ഞു, ക്ഷമിക്കേണ്ടത് അവന്റെ മനസാണ്. ഇനി എന്നെ കല്ലെറിഞ്ഞവർ പിന്തുണയ്ക്കുക. ഒരാളുടെ ദേഹത്ത് കൈവെക്കുന്നത് തെറ്റായ പ്രവണത തന്നെയാണ്. അത് ചെയ്യാൻ പാടില്ല, ഏത് അവസ്ഥയിലായാലും', എന്നായിരുന്നു റോക്കിയുടെ വാക്കുകൾ.
എന്നാൽ റോക്കിയുടെ ഖേദപ്രകടനത്തെ തളളുകയാണ് സിജോ. ഇത് സംബന്ധിച്ച ചോദ്യത്തിന് ആ വിഷയം തനിക്ക് സംസാരിക്കാൻ താത്പര്യം ഇല്ലെന്നായിരുന്നു ഓൺലൈൻ ചാനലുകളോടുള്ള സിജോയുടെ മറുപടി. 'അതെന്റെ വിഷയം അല്ല, അടുത്ത ദിവസം എന്റെ വിവാഹ നിശ്ചയമാണ്. അതിനപ്പുറത്തേക്ക് മറ്റൊരു വിഷയത്തിൽ ഞാൻ ശ്രദ്ധിക്കുന്നില്ല. മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് അല്ലാതെ ഇതിന് മുൻപ് എത്രയോ അവസരങ്ങളിൽ വേണമെങ്കിൽ എന്നെ വിളിച്ച് ക്ഷമ പറയാമായിരുന്നു.ഇവിടെ വെച്ചല്ല അത് പറയേണ്ടത്.
ഞങ്ങൾ ഒരേ ഗ്രൂപ്പിലുണ്ട്. എന്റെ നമ്പർ ആൾക്ക് അറിയാം. ക്ഷമ പറയണമെങ്കിൽ എന്നെ നേരിട്ട് വിളിക്കാമായിരുന്നു. അല്ലെങ്കിൽ മെസേജ് അയക്കാമായിരുന്നു . റിഷിയുടെ വിവാഹത്തിന് വന്നിട്ട് വേദിയിൽ വെച്ച് മാപ്പ് പറയുന്നതിന്റെയൊക്കെ ഉദ്ദേശം മനസിലാകും. അതിന് മറുപടി പറയാൻ എനിക്ക് താത്പര്യമില്ല, എനിക്ക് യോജിപ്പും ഇല്ല. എന്റെ വിവാഹ നിശ്ചയം മാത്രമാണ് മനസിൽ . അതുകൊണ്ട് പരമാവധി സന്തോഷവാനായിരിക്കുകയെന്നത് മാത്രമാണ് ഉദ്ദേശം', എന്നായിരുന്നു സിജോയുടെ വാക്കുകൾ.
താടിയെല്ല് തകർന്നതോടെ രണ്ട് തവണ സിജോയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു. തന്റെ വിവാഹമടക്കം ഇതുകാരണം നീട്ടിവെയ്ക്കേണ്ടി വന്നതായി സിജോ പറഞ്ഞിരുന്നു.












Click it and Unblock the Notifications