ബിഗ് ബോസ് മത്സരാർത്ഥി അറസ്റ്റിൽ; നാടകീയ രംഗങ്ങൾ, ഞെട്ടലോടെ പ്രേക്ഷകർ..അറസ്റ്റിന് പിന്നിൽ..
ബംഗളൂരു: ബിഗ് ബോസ് ഹൗസിൽ കയറി മത്സരാർത്ഥിയെ അറസ്റ്റ് ചെയ്ത് വനം വകുപ്പ് അധികൃതർ.ബെംഗളുരു സ്വദേശി വർത്തൂർ സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്. കന്നഡ ബിഗ് ബോസ് ഹൗസിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴുത്തിൽ ധരിച്ച മാലയിൽ പുലിനഖം സന്തോഷ് അണിഞ്ഞിരുന്നു. ഇതിനാണ് വനംവകുപ്പിന്റെ നടപടി.
സന്തോഷ് അണിഞ്ഞിരിക്കുന്നത് പുലി നഖമാണെന്ന് പരാതി ലഭിച്ചതിനാലാണ് കേസെടുത്ത് അന്വേഷണം നടത്തിയതെന്നും പരിശോധനയിൽ അയാളുടെ കഴുത്തിലുണ്ടായിരുന്നത് യഥാർത്ഥ പുലിനഖമാണെന്ന് തെളിഞ്ഞുവെന്നും മംഗളൂരു അർബൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എൻ രവീന്ദ്രകുമാർ പറഞ്ഞു.

'വിവരമറിഞ്ഞ് ഞങ്ങൾ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയി. സന്തോഷിനെ പുറത്തേക്ക് അയക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും പെൻഡന്റ് പരിശോധിച്ചപ്പോൾ കടുവയുടെ നഖമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഉടൻ തന്നെ സന്തോഷിനെ കസ്റ്റഡിയിൽ എടുത്തു', ഉദ്യോഗസ്ഥൻ പറഞ്ഞു.
പുലി നഖത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് തന്റെ പൂർവ്വികരിൽ നിന്ന് ലഭിച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 3 മുതൽ 7 വർഷം വരെ കഠിനതടവും പിഴയുമാണ് പുലിനഖം വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്താലുള്ള ശിക്ഷ.വന്യജീവി (സംരക്ഷണം) നിയമം, 1972 പ്രകാരം, മൃഗങ്ങളുടെ ഏതെങ്കിലും ഭാഗങ്ങൾ ധരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്, അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ വർത്തൂരിൽ നിന്നുള്ള ബിസിനസുകാരനാണ് സന്തോഷ്. കാലിക്കച്ചവടമാണ് ഇയാളുടെ പ്രധാന തൊഴിൽ. സന്തോഷിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ബിഗ് ബോസിലേക്ക് വഴിയൊരുങ്ങുന്നത്.
അതേസമയം അറസ്റ്റിന് പിന്നാലെ കോറമംഗലയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതിയിൽ സന്തോഷിനെ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പരപ്പന അഗ്രഹാര ജയിലിലേക്കാണ് ഇയാളെ അയച്ചത്.
ഇതാദ്യമായാണ് ഇത്തരത്തിൽ കന്നഡ ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഒരു മത്സരാർത്ഥി ബിഗ് ബോസ് ഹൗസിൽ വെച്ച് അറസ്റ്റിലാകുന്നത്. കൊറമംഗല നാഷണൽ ഗെയിംസ് വില്ലേജിലാണ് ബിഗ് ബോസ് ഹൗസ് സജ്ജീകരിച്ചിരിക്കുന്നത്. നടൻ കിച്ച സുദീപാണ് കന്നഡ ബിഗ് ബോസ് അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications