കോണ്‍ഗ്രസ് എംഎല്‍എ ബിഗ് ബോസില്‍: രൂക്ഷ വിമർശനം, പുറത്താക്കണമെന്ന് ഡികെയോട് പ്രവർത്തകർ
കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള പലരും വിവിധ ഭാഷകളിലെ ബിഗ് ബോസില്‍ ഇതിനോടകം മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ നേതാവോ ഏതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ ഇതുവരെ ബിഗ് ബോസ് വീടിനുള്ളിലേക്ക് മത്സരാർത്ഥിയായി എത്തിയിട്ടില്ല. എന്നാല്‍ കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ പ്രദീപ് ഈശ്വർ ബിഗ് ബോസ് കന്നഡ ഹൗസിനുള്ളിലേക്ക് എത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്.
എം എല്‍ എ കൂടിയായ പ്രദീപ് ഈശ്വർ ബിഗ് ബോസിലേക്ക് എത്തുന്നുവെന്നത് വലിയ വിമർശനങ്ങള്‍ക്കാണ് ഇടംനല്‍കിയിരിക്കുന്നത്. എം എല്‍ എ ബിഗ് ബോസില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രമോഷനല്‍ വീഡിയോകളിലൂടെ പുറത്ത് വന്നതോടെയാണ് വിമർശനം കനത്തത്. ഒരു മത്സരാർത്ഥിയായിട്ടാണ് കോണ്‍ഗ്രസ് എം എല്‍ എ റിയാലിറ്റി ഷോയിൽ പ്രവേശിച്ചതെന്ന ഊഹാപോഹങ്ങളാണ് വിമർശനങ്ങള്‍ കടുപ്പിച്ചത്.

ഇതോടെ വിഷയത്തില്‍ ആശങ്കകൾ ഉന്നയിച്ച് വന്ദേമാതരം എന്ന സോഷ്യൽ സർവീസ് ഓർഗനൈസേഷൻ കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദറിന് എം എല്‍ എയ്ക്കെതിരെ പരാതിയുമായി രംഗത്ത് വരികയും ചെയ്തു. നിയമസഭാംഗമായ പ്രദീപ് ഈശ്വർ തന്റെ മണ്ഡലത്തോടുള്ള ഉത്തരവാദിത്തം മറക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം.
എന്നാൽ തിങ്കളാഴ്‌ച പ്രദീപ് ഈശ്വർ അതിഥിയായാണ് ഷോയിലേക്ക് എത്തിയതെന്ന് ബിഗ് ബോസ് ടീം വ്യക്തമാക്കിയതോടെയാണ് വിവാദം അടങ്ങിയത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം, അതിഥിയായി പോയതിന് ലഭിച്ച തുക അനാഥാലയത്തിന് നൽകുമെന്നും പ്രദീപ് എംഎൽഎ പറഞ്ഞു. എന്തായാലും കന്നഡ് ബിഗ് ബോസിന് വലിയ രീതിയിലുള്ള പ്രമോഷനാണ് പ്രദീപ് ഈശ്വറിന്റെ വരവോടെ ലഭിച്ചിരിക്കുന്നത്.
അതേസസമയം എം എല്‍ എയ്ക്കെതിരെ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വിമർശനം ശക്തമാണ്. ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് പോകുന്നത് നമ്മുടെ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.
"ഞാൻ കോൺഗ്രസുകാരനാണ് പ്രിയ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, ഈശ്വർ ഖന്ദ്രേ. ബിഗ് ബോസ് കന്നഡയിലേക്ക് പോയ ചിക്കബെല്ലാപൂർ എം എൽ എ പ്രദീപ് ഈശ്വറിനെതിരെ നടപടിയെടുക്കൂ. ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തത് അവരുടെ സേവനത്തിനാണ്. എങ്ങനെയാണ് അദ്ദേഹം ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നത്? കളേഴ്സ് കന്നഡ, കിച്ച സുധീപ് നിങ്ങള്‍ ഇതിന് കൂട്ടനില്‍ക്കരുത്."
എന്നാണ് നേതാവിനെതിരെ നടപടിയെടുക്കണമെന്ന് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications