ഇതാണ് അഖില്‍ മാരാരുടെ ബിസിനസ് തന്ത്രം: എങ്ങനെ ലാഭം ഉണ്ടാക്കാന്‍ സാധിക്കും, തുടക്കം മാങ്ങയില്‍
ജീവിതത്തില്‍ ഒരുവിധപ്പെട്ട എല്ലാ ജോലികളും ചെയ്തിട്ടുള്ള വ്യക്തിയാണ് താനെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാർ. നിർമ്മാണ മേഖലയില്‍ അറിവുണ്ട്. വസ്തു കച്ചവടുമായി ഒരുപാട് കാലം നടന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയും അറിയാം. മീന്‍ കച്ചവടവും മാങ്ങാ കച്ചവടവും നടത്തിയിട്ടുണ്ട്. തേങ്ങ വില്‍പ്പന നടത്തിയിട്ടുണ്ട്. അതുപോലെ ജ്യൂസ് കട തുടങ്ങിയ മറ്റ് ജോലികളും ചെയ്തിട്ടുണ്ടെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാർ പറയുന്നു.
ജീവിതത്തില്‍ തനിക്ക് ലാഭമുണ്ടാക്കി തന്ന ഏക ബിസിനസ് മാങ്ങാ കച്ചവടമാണ്. തെങ്കാശിയില്‍ നേരിട്ട് പോയി മാങ്ങ എടുത്തുകൊണ്ടുവന്ന് വില്‍ക്കുകയായിരുന്നു. ആദ്യമൊന്നും കച്ചവടത്തിനായി പോയതായിരുന്നു. നമ്മള്‍ ഓരോ സ്ഥലത്തേക്കും യാത്ര പോകുമായിരുന്നല്ലോ. അപ്പോള്‍ അവിടെ വിലകുറച്ച് കിട്ടുന്ന ചില സാധനങ്ങളുണ്ട്. അതിന് നമ്മുടെ നാട്ടില്‍ വില കൂടുതലുമായിരിക്കും.

തെങ്കാശി വല്ലം എന്ന മേഖലയില്‍ നിറയെ മാവിന്‍ തോട്ടങ്ങളാണ്. അന്ന് അവിടെ ഒരു കിലോ മാങ്ങയ്ക്ക് 15 രൂപയാണ് വില. നാട്ടില്‍ 50 രൂപയും. അങ്ങനെയാണ് കൂടെയുള്ളവനോട് ചോദിക്കുന്നത്, നമ്മള്‍ ഈ മാങ്ങ എടുത്തുകൊണ്ട് നാട്ടില്‍ പോയി വിറ്റാല്‍ യാത്രയുടെ ചിലവെങ്കിലും കിട്ടില്ലേയെന്ന് കൂട്ടുകാരനോട് ചോദിക്കുന്നത്. അങ്ങനെയാണ് മാങ്ങാ കച്ചവടം തുടങ്ങുന്നത്.
മറ്റ് കടകളില്‍ 50 രൂപ വിലയുള്ള മാങ്ങ നമ്മള്‍ 30-35 രൂപയ്ക്ക് വില്‍ക്കുന്നു. രണ്ട് കിലോ മാങ്ങ 100 രൂപയ്ക്ക് മറ്റുള്ളവർ വില്‍ക്കുമ്പോള്‍ നമ്മള്‍ മൂന്ന് കിലോ മാങ്ങ 100 രൂപയ്ക്ക് നല്‍കും. അതോടെ സാധനങ്ങള്‍ വളരെ പെട്ടെന്ന് തീരും. ആളുകള്‍ റോഡിലൂടെ പോവുമ്പോള്‍ 'ചേച്ചീ... ചേട്ടാ ഇങ്ങോട്ട് വാ..' എന്ന് പറഞ്ഞ്. ഒരു പീസ് കട്ട് ചെയ്ത് കൊടുത്തിട്ട് എങ്ങനെയുണ്ടെന്ന് ചോദിക്കും. ആ നല്ല മധുരം ഉണ്ടെന്ന് പറയുമ്പോള്‍ എന്നാല്‍ മേടിച്ചോണ്ട് പോ എന്ന് പറയും.
'ഡാ.. അഖിലെ വേണ്ടാ' എന്ന് പറഞ്ഞാലും ചുമ്മാ കണാകുണാ പറയാതെ മാങ്ങ മേടിക്ക് ചേട്ടായെന്ന് പറയും. അങ്ങനെ അയാള്‍ക്ക് മൂന്ന് കിലോ മാങ്ങയൊക്കെ കൊടുക്കും. രണ്ടര മണിക്കൂർ കൊണ്ടാണ് നമ്മുടെ പരിപാടി. ഇതിനിടയില്‍ 300 കിലോ മാങ്ങയൊക്കെ വില്‍ക്കും. വിളിച്ച് അടുത്ത് വരുത്തി വില്‍ക്കുന്നതാണ് തന്റെ രീതിയെന്നും അഖില്‍ മാരാർ പറയുന്നു.
ഞാന്‍ എന്തുകൊണ്ട് ഈ ജോലികള്‍ ചെയ്യുന്നുവെന്ന് ചോദിച്ചാല്‍ അതിന് പിന്നിലും ചില ലക്ഷ്യങ്ങളുണ്ട്. ആരും വൈറ്റ് കോളർ ജോലികളിലേക്ക് മാത്രം തിരിയരുത്. എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായിരിക്കണം. നമുക്ക് ഈ നാട്ടില്‍ ജീവിക്കുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും ഈ നാട്ടില്‍ തന്നെയുണ്ട്. ഈ അനാവശ്യ ദുരഭിമാനമാണ് പലതും നമ്മളെകൊണ്ട് ചെയ്യിക്കുന്നത്.
ഒരു കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് പോകുന്നവർ അവിടെ എല്ലാ പണികളും ആളുകളും ചെയ്യുമായിരുന്നു. താന്‍ എന്താണ് ചെയ്യുന്നതെന്ന് തന്റെ അയല്‍ക്കാരന്‍ അറിയുന്നില്ല എന്നത് കൊണ്ടാണ് ആ ജോലികള്‍ ആളുകള്‍ ചെയ്യുന്നത്. അറിഞ്ഞ് കഴിഞ്ഞാല്‍ അയല്‍ക്കാർ മാത്രമല്ല, ബന്ധുക്കള്‍ വരെ അവനെ പുച്ഛിക്കും. ആ പുച്ഛത്തെ ഭയന്നാണ് ആരും അറിയാതെ ജോലി ചെയ്യുന്നത്.
ആ സമയത്ത് ഞാന്‍ അത്യാവശ്യം ട്യൂട്ടോറിയല്‍ കോളേജിലൊക്കെ പഠിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിലും സജീവമാണ്. അങ്ങനെയുള്ള അയാള്‍ക്ക് ഈ ജോലി ചെയ്യാമെങ്കില്‍ ഞങ്ങള്‍ക്കും ഇത് ചെയ്തൂടെയെന്ന് ആളുകള്‍ ചിന്തിക്കും. എന്റെ കൂടെയുള്ളവർക്ക് പോലും ഇതിനൊന്നും തയ്യാറായിരുന്നില്ല. അവർക്ക് ഞാനൊരു വഴികാട്ടിയായിട്ടുണ്ട്. അതിനും കൂടെ വേണ്ടിയായിരുന്നു ആ കച്ചവടം. അല്ലാതെ വലിയ ലാഭം മാത്രം ലക്ഷ്യമിട്ടായിരുന്നില്ലെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications