'ശോഭയെ വെച്ച് ഞാൻ സിനിമ ചെയ്യില്ല'; ഒടുവിൽ കാരണം തുറന്നുപറഞ്ഞ് അഖിൽ മാരാർ
അഖിൽ മാരാർ-ശോഭ വിശ്വനാഥ് കോമ്പോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും തമാശകളും തർക്കങ്ങളും പിണക്കങ്ങളുമെല്ലാം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ കോമ്പോയ്ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല സീസൺ 5 ലെ വലിയ ശത്രുക്കൾ ആയി ഇരുവരും മാറുകയും ചെയ്തു.
പിന്നീട് സീസൺ 5 അവസാനിക്കുന്നത് വരേയും പരസ്പരം കൊമ്പ് കോർക്കുന്ന അഖിലിനേയും ശോഭയയേയുമായിരുന്നു പ്രേക്ഷകർ കണ്ടത്. പല അവസരങ്ങളിലും ഇരുവരും തമ്മിലുള്ള വാഗ്ദവാദങ്ങൾ അതിരുവിടുകയും അത് ഹൗസിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം ഫിനാലേയ്ക്ക് തൊട്ട് മുൻപ് ഇരവരും പ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചു. പരസ്പരം വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ പുറത്തിറങ്ങിയാൽ ഇരുവരും വലിയ സൗഹൃദം പുലർത്തുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ചാനൽ ഷോകളിൽ അല്ലാതെ ഒരിക്കൽ പോലും ഇരുവരേയും പ്രേക്ഷകർ ഒരുമിച്ച് കണ്ടിട്ടേ ഇല്ല.
എന്നിരുന്നാലും ഇതിനിടയിൽ അഖിൽ മാരാർ ചെയ്യാനിരിക്കുന്ന പുതിയ സിനിമയിൽ ശോഭ വിശ്വനാഥിന് അവസരം നൽകിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് അഖിൽ മാരാർ. ഒരു ഉദ്ഘാടന പരിപാടിക്കിടെയാണ് അഖിൽ മാരാരിന്റെ പ്രതികരണം.
ശോഭ ചേച്ചിയെ വെച്ച് സിനിമ ചെയ്യുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതിന് ഉത്തരമായി ഒരിക്കലും ഇല്ല എന്നായിരുന്നു അഖിലിന്റെ മറുപടി. ഇതിന് അഖിൽ പറയുന്ന കാരണം ഇങ്ങനെയാണ്-' ഒരു സിനിമയ്ക്ക് ആത്യന്തികമായി ആവശ്യം കഥാപാത്രങ്ങൾക്ക് അനുയോജ്യരായി വരുന്ന അഭിനേതാക്കളെയാണ്. ശോഭയെ വെച്ചൊരു സിനിമയൊന്നും ചിന്തിക്കുന്നേ ഇല്ല.
എന്റെ മനസിൽ ഉള്ള കഥകളൊക്കെ രണ്ട് മൂന്ന് വർഷം മുൻപേ തന്നെ ഉള്ളതാണ്. ഈ കഥകളിലെല്ലാം സ്ത്രീ പ്രാധാന്യം കുറവാണ് എന്നതാണ് സത്യം. എന്റെ സഹകരണം കൂടുതലും മെയിൽ ഓറിയന്റഡ് സമൂഹത്തിലായിരുന്നു. അതൊരിക്കലും പുരുഷാധിപത്യ മേഖലയല്ല.
അതുകൊണ്ട് ഞാൻ എഴുതുന്ന കഥയിൽ ഉണ്ടാവില്ല. എന്നാൽ മറ്റാരെങ്കിലും എഴുതുന്ന കഥയിൽ ശോഭയ്ക്ക് ഒരു വേഷം കൊടുക്കേണ്ടി വന്നാൽ ഓഡിഷൻ ചെയ്ത് കഥാപാത്രത്തിന് ഒകെയാണെങ്കിൽ ചെയ്യും. അതുകൊണ്ട് ശോഭയ്ക്ക് റോൾ കൊടുക്കുമോ ഇല്ലയോ എന്ന് ചോദിച്ചാൽ ഇല്ലെന്നേ പറയാൻ പറ്റുകയുള്ളൂ. യെസ് പറഞ്ഞാൽ അത് കമ്മിറ്റ്മെന്റ് ആകും', അഖിൽ പറഞ്ഞു.
ഉടൻ തന്നെ നടൻ ജോജു ജോർജുമായി ചേർന്ന് താനൊരു സിനിമ ചെയ്യുമെന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു. ബിഗ് ബോസ് താരങ്ങളായ സാഗർ സൂര്യ, ജുനൈസ് എന്നിവരായിരിക്കും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ എന്നാണ് അഖിൽ വെളിപ്പെടുത്തിയത്. സിനിമയിൽ ഇരുവരും ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന നിലയ്ക്ക് തന്നെയായിരിക്കും എത്തുകയെന്നും അഖിൽ അറിയിച്ചിരുന്നു.












Click it and Unblock the Notifications