ബിഗ് ബോസ് മലയാളം പൂട്ടിക്കെട്ടുമോ?: പൊലീസില്‍ മാത്രമല്ല, കേന്ദ്രത്തിനും പരാതി, എല്ലാത്തിനും കാരണം
ചുരുങ്ങിയ സീസണുകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ടിവി ഷോയാണ് ബിഗ് ബോസ്. നിലവില്‍ ആറാം സീസണിലേക്ക് കടന്നിരിക്കുന്ന ബിഗ് ബോസ് മലയാളം നിരവധി തവണ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഷോയ്ക്ക് അകത്ത് നടത്തിയ പരാമർശങ്ങളുടെ പേരില്‍ പുറത്ത് മത്സരാർത്ഥികളുടെ പേരില്‍ പൊലീസ് കേസ് വരെ ഉണ്ടായിട്ടുണ്ട്. എങ്കില്‍ ഇപ്പോഴിതാ ഷോയ്ക്ക് എതിരെ തന്നെ പൊലീസില്‍ പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു അഭിഭാഷകന്‍.
ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് ആണ് ബിഗ് ബോസ് നിരോധിക്കണമെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അസി റോക്കി സിജോയെ മർദ്ദിച്ച രംഗം സംപ്രേക്ഷണം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്റെ പരാതി. പ്രോഗ്രാം കോഡ്സ് ലംഘിച്ചെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കമാണ് പരാതി നല്‍കിയിരിക്കുന്നതെന്നും ആദർശ് എസ് വ്യക്തമാക്കുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 320, 325 വകുപ്പുകൾ പ്രകാരം അസി റോക്കിയുടെ പ്രവർത്തനങ്ങൾ കുറ്റകരമായ നടപടിയാണ്. മാത്രവുമല്ല ഈ മർദ്ദന രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തലിലൂടെ ഏഷ്യാനെറ്റ് ചാനൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകൾ (റെഗുലേഷൻ) ആക്‌ട് - 1995, ദി സിനിമാറ്റോഗ്രാഫ് ആക്‌ട് - 1952 എന്നിവയിൽ പറഞ്ഞിരിക്കുന്ന പ്രോഗ്രാം കോഡിൻ്റെ ലംഘിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രമോഷന് വേണ്ടി ഏഷ്യാനെറ്റ് പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.
ആരോപണവിധേയമായ ഇത്തരം നിയമ ലംഘനങ്ങളിൽ പ്രോഗ്രാമിൻ്റെ അവതാരകനും ചലച്ചിത്ര നടനുമായ മോഹൻലാലിൻ്റെ പങ്കാളിത്തവും വളരെ പ്രധാനമാണ്. കുട്ടികള്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ള വ്യക്തികൾ കാണുന്ന ഒരു ടെലിവിഷന്‍ എന്ന നിലയില്‍ അത്തരം വിവാദപരമായ ഉള്ളടക്കത്തിൻ്റെ നിർമ്മാണവും സംപ്രേക്ഷണവും സാധാരണ പ്രേക്ഷകർക്ക് അനുയോജ്യമായ കാര്യമല്ലെന്നും പരാതിയില്‍ ആദർശ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ എൻഡെമോൾ ഷൈൻ ഇന്ത്യയ്ക്കും ബനിജയ്ക്കും എതിരെ നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കുന്നതിൽ പങ്കാളികളായതിന് ഉചിതമായ നിയമനടപടി സ്വീകരിക്കാൻ അധികാരികളോട് പരാതി ആവശ്യപ്പെടുന്നു. പരിപാടി സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ്, മാതൃ കമ്പനിയായ ഡിസ്നി സ്റ്റാർ, അവതാരകൻ മോഹൻലാൽ അസി റോക്കി എന്നിവർക്കെതിരേയും നടപടി വേണെമെന്നും ആദർശ് ആവശ്യപ്പെടുന്നുണ്ട്.
പ്രോഗ്രാം തന്നെ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഈ പ്രോഗ്രാം ഇനി സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല. വലിയ നിയമ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഏത് വലിയ ഗ്രൂപ്പാണ് ഇതിന് പിന്നില്‍ എന്ന് പറഞ്ഞിട്ടും കാര്യമില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. ആര് നിയമവിരുദ്ധത നടപടി സ്വീകരിച്ചാലും നടപടി വേണമെന്നും അദ്ദേഹം പറയുന്നു.
ബിഗ് ബോസ് എന്നല്ല, ഒരു ടിവി പ്രോഗ്രാമും കാണാന്‍ സമയം കിട്ടാത്ത വ്യക്തിയാണ് ഞാന്‍. ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞിട്ടാണ് ഞാന്‍ ഈ സംഭവത്തെക്കുറിച്ച് അറിയുന്നത്. എവിടെയാണ് ഈ പരിപാടി നടക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് ഏത് പൊലീസ് സ്റ്റേഷന്റെ പരിതിയിലാണ് വരുന്നതെന്ന് അറിയില്ല. അതുകൊണ്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സിജോ പരാതി നല്‍കാത്തത് ഈ പരാതിയെ ബാധിക്കുന്ന കാര്യം അല്ലെന്നും ആദർശ് എസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, അസി റോക്കിയുടെ മർദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിജോ ജോണ്‍ ഇതുവരെ ഷോയിലേക്ക് മടങ്ങിയെത്തിയിട്ടില്ല.












Click it and Unblock the Notifications