'ഏഴിന്റെ പണി കിട്ടും': ബിഗ് ബോസ് വിവരങ്ങള്‍ പുറത്തുവിടുന്നവർക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എപ്പിസോഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, പ്രത്യേകിച്ച് എവിക്ഷൻ വിശദാംശങ്ങൾ, ടെലികാസ്റ്റിന് മുമ്പ് ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ചോർത്തുന്നുവെന്ന ആരോപണം കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ഇപ്പോഴിതാ ശക്തമായ മുന്നറിയിപ്പുമായി സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെ രംഗത്ത് വന്നരിക്കുകയാണ്.
വീക്കെൻഡ് എപ്പിസോഡിന് മുന്നോടിയായി പുറത്തിറക്കിയ പ്രൊമോയിലാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്. "ഒരു സസ്പെൻസ് ത്രില്ലർ സിനിമ കാണുമ്പോൾ അതിന്റെ ക്ലൈമാക്സ് വെളിപ്പെടുത്തി ആസ്വാദനം നശിപ്പിക്കുന്നവരെപ്പോലെയാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. നിരവധി പ്രേക്ഷകർ ബിഗ് ബോസ് ഷോയെ ആവേശത്തോടെ കാത്തിരിക്കുന്നു. എന്നാൽ, ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഊഹാപോഹങ്ങളും ചോർത്തിയ വിവരങ്ങളും വച്ച് ടെലികാസ്റ്റിന് മുൻപ് വിശദാംശങ്ങൾ പുറത്തുവിടുന്നു. ഇത് പ്രേക്ഷകരുടെ ആസ്വാദനം തകർക്കുന്നു," മോഹൻലാൽ തുറന്നടിച്ചു.

"പ്രേക്ഷകരുടെ പരാതികൾ തീർത്തും ന്യായമാണ്. എന്നാൽ, ഈ ഷോയെ ഉപജീവനമാർഗമാക്കുന്നവർ തന്നെ അതിനെതിരെ പ്രവർത്തിക്കുന്നു എന്നതാണ് യാഥാർഥ്യം. ആധുനിക സാങ്കേതികവിദ്യകളുടെ ഈ യുഗത്തിൽ, ഇത്തരം ചോർച്ചകൾ നിയന്ത്രിക്കാനും തടയാനും ഞങ്ങൾക്ക് കഴിയും. ഞങ്ങൾ അത് ഉറപ്പാക്കും. കാത്തിരിപ്പിന്റെ ആനന്ദം നശിപ്പിക്കാതിരിക്കാം." എന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ ഈ പ്രസ്താവന, സോഷ്യൽ മീഡിയയിലെ അനധികൃത വിവര ചോർച്ചയ്ക്കും ഊഹാപോഹങ്ങൾക്കുമെതിരെ ശക്തമായ താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. ബിഗ് ബോസ് മലയാളം ടീം ഈ വിഷയത്തിൽ കർശന നടപടികൾ പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications