'പ്രകോപിതനാകാതെ കെട്ടിപിടിച്ച് ഉമ്മ വെയ്ക്കണോ?അങ്ങനെ പറയാൻ എന്ത് അവകാശം'; അഖിൽ മാരാർ
'പണി'യെന്ന സിനിമയെ കുറിച്ച് റിവ്യൂ പങ്കുവെച്ച വ്യക്തിയെ സിനിമയുടെ സംവിധായകനും നടനുമായ ജോജു ജോർജ് ഭീഷണിപ്പെടുത്തിയ സംഭവം വലിയ ചർച്ചയായിരുന്നു. എച്ച്‌എസ് ആദർശ് എന്നയാളെയാണ് ജോജു ഫോണിൽ വിളിച്ചത്. സിനിമയിലെ ചില രംഗങ്ങൾ പ്രേക്ഷകന് അരോചകമായ രീതിയിലാണ് ജോജു എടുത്തിരിക്കുന്നതെന്നായിരുന്നു ആദർശിന്റെ വിമർശനം. ഇതിൽ പ്രകോപിതനായാണ് ജോജുവിന്റെ ഭീഷണി . ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പിന്നീട് ആദർശ് പുറത്തുവിടുകയായിരുന്നു.
വിഷയത്തിൽ കടുത്ത വിമർശനമാണ് ജോജുവിന് നേരിടേണ്ടി വന്നത്. അനാവശ്യമായി പ്രകോപിതനായി ആദർശിനെ ഭീഷണിപ്പെടുത്തുകയായിരുന്നു ജോജു എന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. എന്നാൽ തന്റെ സിനിമയെ കുറിച്ച് മോശം പറയുന്ന വ്യക്തിയോട് ഇങ്ങനെയല്ലാതെ ഏത് രീതിയിലാണ് ജോജു സംസാരിക്കേണ്ടതെന്ന് ചോദിക്കുകയാണ് ബിഗ് ബോസ് മലയാളം താരവും സംവിധായകനുമായ അഖിൽ മാരാർ. 'ചോദ്യം ശരിയല്ല' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഖിലിന്റെ വാക്കുകൾ ഇങ്ങനെ

'ജോജു ചേട്ടൻ മര്യാദക്ക് തന്നെയാണ് സംസാരിച്ച് തുടങ്ങിയത്. നിങ്ങൾ പീഡനം ഇങ്ങനെയൊന്നും അല്ല എടുക്കേണ്ടത് എന്ന് പറയുമ്പോൾ എന്നാ നീ എടുത്തിട്ട് കാണിക്കെടാ എന്നല്ലേ പറയുക. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് പറയാം. അങ്ങനെ എടുക്കരുതെന്ന് പറയാൻ പ്രേക്ഷകൻ ആരാണ്. ഫോൺ വിളിച്ചവൻ ഇങ്ങനെയൊക്കെയാണ് പറയുന്നത്. നിങ്ങൾ എന്തിനാണ് പ്രകോപിതൻ ആകുന്നതെന്നാണ് ജോജു ചേട്ടനോട് അവൻ ചോദിക്കുന്നത്. അതായത് കോടിക്കണക്കിന് രൂപ മുടക്കിയെടുത്ത സിനിമയാണ്, അതിനെ കുറിച്ച് മോശം റിവ്യൂ പല ഗ്രൂപ്പുകളിലും കൊണ്ടുപോയി ഇടുകയാണ്, കാണരുതെന്ന് ആൾക്കാരോട് പറയുന്നു, അങ്ങനെ ഒരാളോട് സംസാരിക്കുമ്പോൾ പ്രകോപിതനാകാതെ കെട്ടിപിടിച്ച് ഉമ്മ വെയ്ക്കുകയാണോ വേണ്ടത്.
നമ്മുടെ വേണ്ടപ്പെട്ടവരെ കുറിച്ച് പറഞ്ഞാൽ നമ്മൾ ചൂടാകില്ലേ. മനുഷ്യന്‌റെ പ്രശ്നം ഇതൊക്കെയാണ്, ചിലർക്ക് ഉച്ചനീചത്വങ്ങൾ എന്താണെന്ന് തിരിച്ചറിയില്ല. വലുതെന്ന് തോന്നുന്നൊരുത്തൻ ചെറുതൊന്ന് തോന്നുന്നൊരുത്തനെ എന്തെങ്കിലും പറഞ്ഞാൽ ശരിതെറ്റുകൾ എന്തെന്ന് വിലയിരുത്തില്ല. ജോജു ഫോൺ വിളിച്ചപ്പോൾ അവൻ നല്ല വാക്ക് പറയുമെന്നായിരുന്നു ജോജു പ്രതീക്ഷിച്ച് കാണുക. അപ്പുറത്ത് നിന്ന് പുച്ഛം നിറഞ്ഞ സംസാരം വരുമെന്ന് പ്രതീക്ഷിച്ച് കാണില്ല. നമ്മൾ ആഗ്രഹിക്കുന്ന കാര്യം അപ്പുറത്ത് നിന്ന് വരാതിരുന്നാൽ , അതായത് നമ്മുടെ പദവിയേയോ അപ്പുറത്തുള്ള നേട്ടങ്ങളെയോ അംഗീകരിക്കാത്ത ഒരുത്തനാണ് അപ്പുറത്ത് ഉള്ളതെങ്കിൽ അവനോട് മിണ്ടാതിരിക്കുക, അല്ലെങ്കിൽ മാറ നിൽക്കുക. നമ്മുക്ക് വില തരാത്ത സ്ഥലത്ത് പോകാതിരിക്കുക, അവരോട് സഹകരിക്കാതിരിക്കുക.
എന്നെ ആരെങ്കലും ബഹുമാനിക്കണമെന്നോ ഇഷ്ടപ്പെടണമെന്നോ ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരക്കാരോട് സഹകരിക്കാതിരിക്കുന്നതാണ് നല്ലത്. അംഗീകാരം കിട്ടുന്നിടത് പോകുക, ക്രീയാത്മകമായി വിമർശിക്കുന്നവരുമായി കൂടുതൽ ഇടപെടുക. നമ്മളെ പുകഴ്ത്തുന്നവരുമായി അടുക്കണമെന്നല്ല പറയുന്നത്. മറിച്ച് നമ്മളെ വിമർശിക്കുമ്പോൾ അത് ക്രീയാത്മകമായിരിക്കണം. കഴിവില്ലാത്ത ഒരുവൻ എവിടെയെങ്കിലും എത്തിച്ചേരണമെന്ന് പരിശ്രമിക്കുന്നു, അവന് കഴിവില്ലാത്ത മേഖലയിലാണ് എത്തിപ്പെടാൻ ശ്രമിക്കുന്നതെങ്കിൽ നിന്നെക്കൊണ്ട കഴിയില്ല എന്ന് പറയണം, നിന്റെ യഥാർത്ഥ കഴിവ് മറ്റൊന്നില്ലാണ് എന്ന് പറഞ്ഞ് മനസിലാക്കിക്കൊടുക്കണം', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications