'ജോജു എന്നെ വാട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തു, പിന്നീട് സംഭവിച്ചത്'; വെളിപ്പെടുത്തി അഖിൽ മാരാർ
നടനും സംവിധായകനുമായ ജോജു ജോർജുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. അഖിൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'താത്വിക അവലോകന'ത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും നടൻ ജോജു ആയിരുന്നു. ഇതിന് ശേഷമാണ് ഇരുവരുടേയും സൗഹൃദം വളർന്നത്. എന്നാൽ തന്നോട് ജോജു പിണങ്ങിയെന്ന് അടുത്തിടെ അഖിൽ വെളിപ്പെടുത്തി. ജോജു സംവിധാനം ചെയ്ത പണി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയായിരുന്നു അഖിലിന്റെ വെളിപ്പെടുത്തൽ.
സിനിമയ്ക്കെതിരെ ഗവേഷക വിദ്യാർത്ഥിയായ ആദർശ് എന്നയാൾ നടത്തിയ വിമർശനത്തിൽ ജോജുവിനെ പിന്തുണച്ച് സംസാരിച്ചപ്പോഴായിരുന്നു ജോജുവുമായി ഇപ്പോൾ ബന്ധമില്ലെന്ന് അഖിൽ തുറന്നുപറഞ്ഞത്. എന്താണ് പ്രശ്നം എന്ന് അറിയില്ലെന്നും താനും ജോജുവും തമ്മിൽ ഇപ്പോൾ ബന്ധമില്ല എന്നുമായിരുന്നു അഖിൽ പറഞ്ഞത്. ഇപ്പോഴിതാ തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് അഖിൽ. അഖിലിന്റെ വാക്കുകളിലേക്ക്

'ജോജു ചേട്ടൻ ചെറിയ പിണക്കത്തിലായിരുന്നു ഇടക്ക്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല, ആളുടെ ടെൻഷൻ കാരണം പലരേയും ബ്ലോക്ക് ചെയ്യുന്ന കൂട്ടത്തിൽ എന്നേയും ബ്ലോക്ക് ചെയ്തു, അറിഞ്ഞോ അറിയാതെയോ. പിന്നെ ഞാൻ വിളിച്ചപ്പോൾ എടാ എന്റെ കഷ്ടപ്പാടും ടെൻഷനും നിനക്ക് അറിയാമല്ലോ എന്ന് പറഞ്ഞു. ശരിയാണ്, അദ്ദേഹം എടുത്ത കഷ്ടപ്പാടും കഠിനാധ്വാനവും ഞാൻ കണ്ടതാണ്. ജോജു ചേട്ടനെ പോലെ മലയാള സിനിമയിൽ കഷ്ടപ്പെടുന്ന മറ്റാരും ഇല്ല. ആ സിനിമയ്ക്ക് മോശമൊന്നും സംഭവിക്കല്ലേയെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ സിനിമ കണ്ട ആർക്കെങ്കിലും സ്ത്രീ വിരുദ്ധമായി എന്തെങ്കിലും കാണാൻ സാധിച്ചോ? ഇല്ല, വെറുതെ വിവാദം ഉണ്ടാക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. എന്നാൽ അഭിപ്രായം പറയുന്നതും തെറിവിളിക്കുന്നതും രണ്ടും രണ്ടാണ്. ബോധപൂർവ്വം സിനിമയെ നശിപ്പിക്കാൻ വേണ്ടിയാണ് വിളിച്ചത്. അവൻ പറയുകയാണ് പീഡന സീൻ ഇങ്ങനെയല്ല ചിത്രീകരിക്കേണ്ടതെന്ന്. അങ്ങനെ പറയാൻ ആർക്കാണ് അവകാശം. ഒരു സംവിധായകന്റെ അടുത്ത് ഇങ്ങനെയല്ല പടം എടുക്കേണ്ടതെന്ന് പറയാമോ? നമ്മുക്ക് സിനിമ ഇഷ്ടമായില്ലെന്ന് വേണമെങ്കിൽ പറയാം. ഓരോരുത്തരുടേയും സൃഷ്ടി വ്യത്യാസമായിരിക്കും. ജോജു ചേട്ടൻ അങ്ങനെയൊരു കോൾ ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. അത് ഞാൻ പറഞ്ഞതാണ്. പുള്ളിയും അത് പറഞ്ഞിട്ടുണ്ട്.
നമ്മുക്ക് രണ്ട് രീതിയിൽ രക്ഷപ്പെടാം. കുറെ നാൾ കഷ്ടപ്പെട്ട്, അധ്വാനിച്ച്, പരിശ്രമിച്ച്, വല്ലവരുടേയും വായിലുള്ളത് കേട്ട് അവഗണന നേരിട്ട്, സഹിച്ച് സ്വന്തം കഴിവ് കൊണ്ട് രക്ഷപ്പെടാം. രണ്ടാമത്തേത് ഇങ്ങനെ രക്ഷപ്പെട്ടവനെ വിളിച്ച് അവന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചാൽ മതി.അങ്ങനേയും രക്ഷപ്പെടാം.ഈ സംഭവങ്ങൾക്ക് ശേഷം ഞാനും ജോജു ചേട്ടനും സംസാരിച്ചിരുന്നു അതിന് ശേഷം. പ്രശ്നങ്ങളൊന്നുമില്ല, നമ്മളെയൊക്കെ വെച്ച് അടുത്തൊരു സിനിമ ആലോചിക്കുന്നുണ്ടെന്നൊക്കെ പറഞ്ഞു', അഖിൽ വ്യക്തമാക്കി.
ജനകീയ കോടതി എന്ന പരിപാടിയിൽ പങ്കെടുത്തതോടെ തനിക്ക് വലിയ പിന്തുണയാണ് കിട്ടിയതെന്നും അഖിൽ പറഞ്ഞു. ' മാധ്യമങ്ങൾക്ക് നിഷ്പക്ഷരുടെ പിന്തുണ കിട്ടും. 24 ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിക്ക് ശേഷം അവതാരകനായ ഹാഷ്മിക്ക് വളരെ അധികം ഹേറ്റും എനിക്ക് ആളുകളുടെ വലിയ സ്നേഹവും ലഭിച്ചു. അത് എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല അവിടെ ഹാഷ്മി കൈക്കൊണ്ട നിലപാട് ജനവിരുദ്ധമായിരുന്നു. ജനപക്ഷത്ത് നിന്ന് ഞാൻ സംസാരിച്ചപ്പോൾ മാധ്യമങ്ങൾ ജനപക്ഷത്ത് നിന്ന് മാറി.അതിനെയാണ് ഞാൻ എതിർക്കുന്നത്', അഖിൽ പറഞ്ഞു.












Click it and Unblock the Notifications