'നൻമയുള്ള ലോകമേ വെച്ച് അൽപ്പത്തരം കാണിക്കുന്നവരാണ്, ആ വീഡിയോ എവിടെ, അത് പുറത്തുവിടൂ'; അഖിൽ മാരാർ
വിനായകൻ വിഷയത്തിൽ കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് സീസൺ 5 വിജയിയും സംവിധാകനുമായ അഖിൽ മാരാർ. വിനായകൻ പ്രശ്നക്കാരനാണ്, കഞ്ചാവ് അടിക്കുന്ന ആളാണ് മയക്കുമരുന്നിന് അടിമയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ നിൽക്കുന്ന സാഹചര്യത്തിൽ പോലീസ് തങ്ങളുടെ ഭാഗം വളരെ എളുപ്പത്തിൽ ന്യായീകരിച്ച് വിശദീകരിക്കുകയാണ് ചെയ്തതെനന് അഖിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണം വായിക്കാം.
'ഞാൻ ഏത് രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിച്ചാലും എന്റെ എതിർ രാഷ്ട്രീയത്തിലുള്ളയാൾ ചെയ്യുന്ന ശരികളെ ശരിയെന്ന് പറയാൻ താത്പര്യപ്പെടുന്ന ആളാണ് ഞാൻ. വിനായകൻ വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റ് എന്തുമായിക്കോട്ടെ പക്ഷേ പോലീസ് എന്താണ് ഇവിടെ ചെയ്തത്. പോലീസിന്റെ മുൻകൂർ ജാമ്യമെന്ന പോലെയാണ് അവർ ആ വീഡിയോ പുറത്ത് വിട്ടത്. നമ്മൾ കണ്ടത് വിനായകൻ സ്റ്റേഷനിൽ എത്തി വലിയ രീതിയിൽ പ്രതികരണം നടത്തുകയാണ്. വിനായകൻ പ്രശ്നക്കാരനാണ്, കഞ്ചാവ് അടിക്കുന്ന ആളാണ് മയക്കുമരുന്നിന് അടിമയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ നിൽക്കുന്ന സാഹചര്യത്തിൽ പോലീസ് തന്റെ ഭാഗം വളരെ എളുപ്പത്തിൽ ന്യായീകരിച്ച് വിശദീകരിക്കുകയാണ്.

തലമുടി നീട്ടി വളർത്തിയതിന്റെ പേരിൽ ഒരു ദളിതനെ തല്ലിക്കൊന്ന , പേര് മാറി ആളെ അടിച്ച് കൊന്ന, പരാതി പറയാൻ വന്ന സൈനിക മർദ്ദിച്ച, ഇന്നും അധികാരത്തിന്റെ ലാത്തി ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുള്ള ഈ നാട്ടിൽ ഉദ്യോഗസ്ഥർ വിനായകനെതിരെ നടത്തിയ ആക്ഷനും റിയാക്ഷനും ഞങ്ങൾക്ക് അറിയണം. വിനായകനോട് പോലീസ് കാണിച്ച ആക്ഷന്റെ വീഡിയോ എവിടെ?
നാളെ സ്റ്റേഷനിൽ എത്തുന്ന പൗരന് പോലീസ് ചെയ്യുന്ന എല്ലാ നടപടികളുടേയും വീഡിയോ ഷൂട്ട് ചെയ്ത് പുറത്തുവിടാൻ പോലീസ് അനുവദിക്കുമെങ്കിൽ വിനായകന്റേതായി ഇപ്പോൾ പുറത്തുവന്ന വീഡിയോ ഞാൻ അനുകൂലിക്കും. അതല്ലെങ്കിൽ അംഗീകരിക്കാനാകില്ല. ഒരാളുടെ അനുമതി ഇല്ലാതെ പൊതുമധ്യത്തിൽ ഇങ്ങനെ അപമാനിക്കുന്നതിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനുള്ള സാധ്യത ഉണ്ടെങ്കിൽ അത് ചെയ്യാവുന്നതാണ്.
തെന്നിന്ത്യയിൽ അറിയപ്പെടുന്ന, സംസ്ഥാന അവാർഡ് നേടിയ തന്റെ സമൂഹത്തിന് വേണ്ടി നെഞ്ച് വിരിച്ച് മുന്നിൽ നിന്ന വ്യക്തിയാണ് വിനായകൻ. അഭിനേതാവെന്ന നിലയിൽ വളരെ ആദരവുള്ള ആളാണ് വിനായകൻ. വ്യക്തി എന്ന നിലയിൽ പലപ്പോഴും എതിർക്കപ്പെടേണ്ടി വന്ന വ്യക്തിയാണ് വിനായകൻ എന്ന് പറഞ്ഞ് കൊണ്ട് തന്നെ ഈ വിഷയത്തിൽ വിനായകൻ തെറ്റുകാരനായി തോന്നുന്നില്ല.
പോലീസ് തന്നോട് മോശമായി പെരുമാറിയെന്ന് വിനായകൻ പ്രസ്താവന നടത്തിയാൽ വേണമെങ്കിൽ താങ്കളും ഞങ്ങളോട് മോശമായി പെരുമാറി അതിന്റെ റെക്കോഡ് ഉണ്ടെന്ന് പറഞ്ഞ് പോലീസിന് വീഡിയോ പുറത്തുവിടാമായിരുന്നു. അതിനൊരു മര്യാദയുണ്ടായിരുന്നു. അതല്ല പക്ഷേ പോലീസ് ചെയ്തത്. കാമറയും കൊണ്ട് നടന്ന് ആൾക്കാരുടെ മുന്നിൽ നല്ല പിള്ള ചമയുന്ന പോലീസുകാരെ ഞങ്ങൾക്ക് വലിയ താത്പര്യമില്ല. കാമറ എപ്പോൾ കട്ടാവുന്നോ അപ്പോൾ ഇവരുടെ കൊണം മാറുന്നത് നമ്മുക്ക് അറിയാം.
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പല വീഡിയോകളും പോലീസുകാർ തന്നെ ഷൂട്ട് ചെയ്ത് പുറത്തുവിടും. റോഡിൽ ആർക്കെങ്കിലും ചോറ് കൊണ്ടുകൊടുക്കുന്നതോ എഴുന്നേൽക്കാൻ കഴിയാത്ത ആളെ എണീപ്പിക്കുകയോ ഒക്കെ ചെയ്ത് നൻമയുള്ള ലോകമേ എന്ന പറഞ്ഞ പാട്ടും തൊലിച്ച് കൊണ്ട് അൽപ്പത്തരം കാണിക്കുന്നവരാണ് പോലീസ്. എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല, നല്ല ഉദ്യോഗസ്ഥരും സേനയിൽ ഉണ്ടെന്ന് അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്', അഖിൽ പറഞ്ഞു.












Click it and Unblock the Notifications