റിയാസിന്റെ അച്ഛനും അമ്മയും കൃമികളാണോ? പെരുമാറ്റം കാണുമ്പോൾ അറപ്പുളവാവുന്ന അവസ്ഥ വരരുത്'; അഖിൽ മാരാർ
ബിഗ് ബോസ് സീസൺ 7 ൽ ഹോട്ടൽ ടാസ്കിന്റെ ഭാഗമായി മുൻ ബിഗ് ബോസ് താരം കൂടിയായ റിയാസ് സലീം ഹൗസിലേക്ക് കയറിയിരിക്കുകയാണ്. ഹൗസിലേക്ക് കയറി വന്ന റിയാസ് പ്രധാനമായും ഉന്നം വെച്ചത് ലക്ഷ്മിയെ ആണ്. ആദിലയ്ക്കും നൂറയ്ക്കുമെതിരെ ലക്ഷ്മി കൈക്കൊണ്ട നിലപാട് തന്നെയാണ് റിയാസ് ചോദ്യം ചെയ്യുന്നത്. എന്നാൽ റിയാസ് ലക്ഷ്മിയെ ലക്ഷ്യം വെയ്ക്കുന്നതിനെ രൂക്ഷമായി വിമർശിക്കുകയാണ് സീസൺ 5 വിജയി കൂടിയായ അഖിൽ മാരാർ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അഖിൽ റിയാസിനെതിരെ രംഗത്തെത്തിയത്. അഖിലിന്റെ വാക്കുകളിലൂടെ
'ലക്ഷ്മിയെ പിന്തുണയ്ക്കുന്നത് സമൂഹത്തിൽ പരാജയപ്പെട്ടവർ എന്ന് റിയാസ്.സമാനമായ പരാമർശം സീസൺ 5 ഇൽ എന്റെ നേർക്കും നടത്തി പുറത്തുള്ള കൃമികളുടെ പിന്തുണ നിങ്ങൾക്ക് കിട്ടും. സത്യത്തിൽ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ആണോ നാറ്റിക്കാൻ ആണോ റിയാസ് ബിഗ് ബോസിൽ പോയത്.

ബിഗ് ബോസ് വീട്ടിലേക്ക് കയറിയ റിയാസ് സ്വതസിദ്ധമായ രീതിയിൽ ലക്ഷ്മിയെ അറ്റാക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്. റിയാസിനോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ചിന്തകളെ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്, നിങ്ങളുടെ സമൂഹത്തെ സ്വീകരിക്കാൻ സമൂഹം മടിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് സ്വീകരിക്കണമെന്ന് പറഞ്ഞ് മനസിലാക്കിക്കൊടുക്കുകയാണ് വേണ്ടത്. എന്റെ സീസണിൽ വന്നപ്പോൾ റിയാസ് പറഞ്ഞു, പുറത്തുള്ള കുറച്ച് കൃമികളുടെ പിന്തുണയ്ക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചതെന്ന്. ഞാൻ ഈ സമൂഹത്തിലുള്ളവരെ ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ.
പുറത്തുള്ള ഒരു വിഭാഗത്തിന്റെ പിന്തുണയ്ക്ക് വേണ്ടി ലക്ഷ്മി ഇങ്ങനെ സംസാരിക്കരുതെന്ന് റിയാസ് പറഞ്ഞു. അപ്പോൾ പുറത്ത് നിൽക്കുന്ന റിയാസിന്റെ അച്ഛനും അമ്മയുമൊക്കെ കൃമികളാണോ? റിയാസ് മുന്നോട്ട് വെയ്ക്കുന്ന ആശയം ലോകം നിലനിൽക്കുന്ന ആശയമൊന്നും അല്ലല്ലോ. പക്ഷെ റിയാസിന് ഇങ്ങനെ ഈ രാജ്യത്ത് ജീവിക്കാൻ തടസമൊന്നുമില്ല. പക്ഷെ മറ്റുള്ള രാജ്യത്ത് പറ്റില്ല, അവിടെയുള്ളവരേയും റിയാസ് പ്രബുദ്ധരാക്കേണ്ടി വരും.
ലക്ഷ്മി ആദിലയുടേയും നൂറയുടേയും വിഷയത്തിൽ പറഞ്ഞതിലെ തെറ്റ് കൃത്യമായി ചൂണ്ടിക്കാട്ടിയുണ്ട്. ആദിലയ്ക്കും നൂറയ്ക്കും അവർ ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാം. പക്ഷെ ആദിലയുടേയും നൂറയുടേയും രീതി എല്ലാവരും ഫോളോ ചെയ്യണമെന്ന് അതിനർത്ഥമില്ല. റിയാസ് ലക്ഷ്മിയെ ജയിപ്പിച്ചേ അടങ്ങൂവെന്ന രീതിയിലാണ് പോകുന്നത്. സ്വയം പരാജയപ്പെട്ടവനായി മാറാതിരിക്കുക. മറ്റുള്ളവരെ വിലക്കെടുക്ക. ആരോടും ഡിമാന്റ് ചെയ്യാതിരിക്കുക.
ലക്ഷ്മി പറഞ്ഞത് ലക്ഷ്മിയുടെ സ്റ്റാന്റ് ആണ്. അതാണ് അവളുടെ വ്യക്തിത്വം. മാംസം ഭക്ഷിക്കാൻ താത്പര്യം ഇല്ലാത്ത ആളെ കുറ്റപ്പെടുത്താൻ പറ്റുമോ? ലക്ഷ്മി ഇവരെ അംഗീകരിച്ചേ പറ്റൂവെന്ന് വാശിപിടിക്കാൻ റിയാസിന് പറ്റില്ല. നിങ്ങളെ സമൂഹം മാറ്റി നിർത്തുന്നത് കൈയ്യിലിരിപ്പ് കൊണ്ടാണോയെന്ന് ആദ്യം ആലോചിക്കണം. പല ആളുകളും കാണിക്കുന്ന പ്രവർത്തിയാണ് നിങ്ങളെ അകറ്റി നിർത്താൻ കാരണം എന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം. നിങ്ങൾ വൃത്തികേട് കാണിച്ച് നടക്കുമ്പോൾ സ്വാഭാവികമായും ആളുകൾ തള്ളിപ്പറയും.
സ്വന്തം കമ്മ്യൂണിറ്റിക്ക് വേണ്ടി സംസാരിക്കുമ്പോൾ, റിയാസിന്റെ പെരുമാറ്റം കാണുമ്പോൾ തന്നെ ആളുകൾക്ക് അറപ്പ് ഉണ്ടാവുന്ന അവസ്ഥ വരരുത്. റിയാസിന്റെ എല്ലാ പെരുമാറ്റവും ഓവറാണെന്ന് റിയാസ് മനസിലാക്കിയാൽ തന്നെ റിയാസിന്റെ കമ്മ്യൂണിറ്റിയോടുള്ള ദേഷ്യം കുറയും. റിയാസ് വന്നപ്പോൾ തന്നെ ലക്ഷ്മി ജയിക്കാൻ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കിയത് തന്നെയാണ് റിയാസിന്റെ പരാജയം. ആ ബിഗ് ബോസ് വീട്ടിൽ റിയാസ് പറയുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാൻ ആരും തന്നെ ഇല്ല', അഖിൽ പറഞ്ഞു.












Click it and Unblock the Notifications