'സന കഥ വന്ന വഴി ഇങ്ങനെ..', ഒടുവിൽ യാഥാർത്ഥ്യം വെളിപ്പെടുത്തി അനിയൻ മിഥുൻ..'അഖിലേട്ടൻ വരെ ചോദിച്ചു'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ മത്സരാർത്ഥിയായ അനിയൻ മിഥുൻ പറഞ്ഞ തന്റെ പ്രണയകഥ വലിയ വിവാദത്തിനായിരുന്നു വഴിവെച്ചത്. സൈന്യത്തിലെ ഉദ്യോഗസ്ഥയായ സന എന്ന പെൺകുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും അവർ തീവ്രവാദി ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു അനിയൻ പറഞ്ഞത്. എന്നാൽ കഥയിലെ കള്ളത്തരം പൊളിച്ചടുക്കി മേജർ രവി അടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു. ഒടുവിൽ ഷോ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ മാത്രമായിരുന്നു കഥ തിരിച്ചടിച്ചത് അനിയൻ മിഥുൻ തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ അന്നത്തെ ആ വിവാദ കഥ വന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് അനിയൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‌റെ വെളിപ്പെടുത്തൽ.
'സനയുടെ കഥ നേരത്തേ പ്ലാൻ ചെയ്ത് സെറ്റ് ചെയ്ത് വെച്ചതാണ്. ഓഡിഷൻ സമയത്തൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്റെ ജീവിത കഥ പറയുമ്പോ ഒരു പ്രണയ കഥ കിടക്കട്ടെ എന്ന് കരുതി. ആർമി ഇഷ്ടമായത് കൊണ്ട് കഥയല്ലേ എന്നാൽ ആർമ്മിക്കാരി തന്നെ ഇരിക്കട്ടെ എന്ന് കരുതി. ഒരു കഥ എന്ന നിലയ്ക്കേ പറഞ്ഞുള്ളൂ. ബിഗ് ബോസ് ഷോയിൽ പലതവണ ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. പക്ഷേ വന്നിരുന്നില്ല. ഈ കഥ പറയുമ്പോൾ ആളുകൾ വിശ്വസിക്കണോയെന്ന് അറിയണമല്ലോ, അതിന് ഞാൻ ആദ്യം പറയുന്നത് ഷിജു ചേട്ടനോടാണ്. ഷിജു ചേട്ടന്റെ കണ്ണൊക്കെ നിറഞ്ഞു. മറ്റുള്ളവരൊക്കെ കാര്യമായി കേട്ടിരുന്നു. അപ്പോ എനിക്ക് മനസിലായി കാര്യങ്ങൾ വർക്കാവുന്നുണ്ടെന്ന്.

അതിനിടയിൽ ഒരു ദിവസം അഖിലേട്ടൻ ചോദിച്ചു, എടാ എനിക്ക് ഈ കഥ തരുമോ ഞാൻ സിനിമയാക്കിക്കൊള്ളാം, അങ്ങനെയെങ്കിൽ ഞാൻ 70ാം ദിവസം ഇവിടെ നിന്ന് ഇറങ്ങിപ്പോയിക്കോളാം എന്ന് പറഞ്ഞു. അപ്പോ ഞാൻ മനസിലാക്കി ഇത് വല്ലാതെ കയറി കൊളുത്തിയെന്ന്. ഈ കഥ പിന്നെ ഞാൻ കൂടുതൽ പറഞ്ഞത് റിനോഷിന്റെ അടുത്താണ്.
ഇതെന്റെ ഗെയിം സ്ട്രാറ്റജിയായിരുന്നു. ഒരു ദിവസം റിനോഷിനോട് സന മരിച്ച കഥ ഞാൻ പറഞ്ഞപ്പോൾ റിനോഷ് പൊട്ടിക്കരഞ്ഞു. എനിക്ക് വിഷമായിപ്പോയി. എനിക്ക് അപ്പോൾ യാഥാർത്ഥ്യം വെളിപ്പെടുത്താനാകില്ലായിരുന്നു. കാരണം ഇത് പുറത്ത് പോകില്ലേ. ഇതൊക്കെ കഴിഞ്ഞിട്ട് പറയാം എന്ന് ഞാൻ കരുതി. എല്ലാവരേയും വട്ടാക്കാം എന്ന് മാത്രമാണ് കരുതിയത്. ലാലേട്ടൻ വന്ന ചോദിച്ചപ്പോൾ ഇതുപോലെ ഈ കഥ വിവാദമാകുമെന്ന് കരുതിയില്ല.
ലാലേട്ടൻ ചോദിച്ചപ്പോൾ ഞാൻ കള്ളത്തരം ഇല്ലെന്ന് പറഞ്ഞു. അങ്ങനെയല്ലേ പിടിച്ച് നിൽക്കാൻ പറ്റുള്ളൂ, സത്യം പറഞ്ഞാൽ മറ്റ് മത്സരാർത്ഥികൾ എന്നെ എങ്ങനെ കാണും?
ബോധം കെട്ടതൊക്കെ എന്റെ ഗെയിമിന്റെ ഭാഗമാണ്', അനിയൻ പറഞ്ഞു.












Click it and Unblock the Notifications