പോലീസല്ല, പക്ഷേ സർക്കാർ ഉദ്യോഗസ്ഥ ആവും; അപ്സരയുടെ പുതിയ വിശേഷം
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ട് കുറച്ച് നാളുകളായെങ്കിലും മത്സരാർത്ഥികളുടെ വിശേഷങ്ങളറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. സീസൺ 6 ൽ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. സീസൺ തുടങ്ങിയപ്പോൾ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ അപ്സര നേടിയിരുന്നു. ഫൈനൽ 5 വരെ ഉണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും അതിന് മുൻപ് തന്നെ അപ്സര പുറത്താവുകയായിരുന്നു. പുറത്താകൽ അപ്സരയ്ക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
സീരയിൽ നടി കൂടിയായിരുന്ന അപ്സരയ്ക്ക് ധാരാളം ആരാധകരുണ്ട്. ബിഗ് ബോസിൽ നിന്ന് പുറത്തായാലും അപ്സരയെ സീരിയലുകളിൽ സജീവമായി കാണാമല്ലോ എന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവെച്ചത്. ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത പങ്കുവെയ്ക്കുകയാണ് അപ്സര. അഭിനയ രംഗത്ത് നിന്ന് അപ്സര ഉടൻ സർക്കാർ സർവീസിലേക്ക് പ്രവേശിക്കും.

നേരത്തെ അപ്സര പോലീസ് സർവീസിൽ ചേരുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഒരു ഉദ്ഘാടനത്തിനിടെ സർക്കാർ സർവീസിലേക്ക് എത്തിയേക്കുമെന്ന് അപ്സര സൂചന നൽകിയിരുന്നു. ഇതിന് പിന്നെലായണ് സംഭവം ചർച്ചയായത്. ഇപ്പോൾ ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് താരം.
അടുത്തിടെ ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. അവിടെയാണ് ഞാൻ അഭിനയം ഇഷ്ടമുള്ള ജോലിയാണെങ്കിലും ചിലപ്പോൾ അടുത്ത് മറ്റൊരു ജോലിയിൽ പ്രവേശിക്കേണ്ടി വന്നേക്കും എന്ന് സൂചിപ്പിച്ചിരുന്നു. എന്റെ പിതാവ് പോലീസിൽ ആയിരുന്നു. സർവീസിൽ ഇരിക്കുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത്. അതിനാൽ ആശ്രിത നിയമനത്തിന് അപേക്ഷ നൽകിയിരുന്നു.
അടുത്തിടെയാണ് അതിൽ സർക്കാർ ഉത്തരവ് ഇറങ്ങിയത്. അതിനാലാണ് ഇത്തരം പരമാർശം അന്ന് ഉദ്ഘാടനത്തിന് നടത്തിയത്. എന്നാൽ അച്ഛൻ പോലീസിൽ ആയിരുന്നതിനാൽ ഞാൻ പോലീസിൽ ചേരുന്നു എന്ന രീതിയിലാണ് വാർത്ത വന്നത്. എന്നാൽ പോലീസിൽ ആയിരിക്കില്ല മിക്കവാറും ഞാൻ എത്തുക എന്നാണ് കരുതുന്നതെന്ന് അപ്സര ഏഷ്യാനെറ്റ് ന്യൂസ്. കോമിനോട് പറഞ്ഞു.
ഇപ്പോൾ ഉത്തരവ് ഇറങ്ങയതേയുള്ളൂ. ബാക്കി കാര്യങ്ങൾ നടക്കുന്നുണ്ട്. അതും ഉടൻ സംഭവിക്കും എന്ന് കരുതാമെന്നും അപ്സര പറഞ്ഞു. ബിബിയിൽ എത്തുന്നതിന് മുമ്പ് സാന്ത്വനം എന്ന് ഹിറ്റ് സീരിയലിലെ ജയന്തി എന്ന കഥാപാത്രമായാണ് അപ്സര എത്തിയത്. കുറച്ച് നെഗറ്റീവ് ഷേയ്ഡ് ഉള്ള വില്ലത്തി കഥാപാത്രമായിരുന്നു ജയന്തി.
ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ അപ്സരയ്ക്ക് ആരാധകർ വർദ്ധിച്ചു. തുടക്കം മുതൽ തന്നെ നിലപാടിൽ ഉറച്ച് നിന്ന് കൊണ്ടായിരുന്നു അപ്സര കളിച്ചിരുന്നത്. ക്യാപ്റ്റനും ആയിരുന്നു. ഫൈനൽ വരെ ഉണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും അപ്സരയുടെ പുറത്താകൽ അപ്രതീക്ഷിതമായിരുന്നു.












Click it and Unblock the Notifications