'ജാസ്മിൻ ലോണെടുത്തോ'; പിറന്നാൾ സമ്മാനങ്ങളിൽ ഞെട്ടി ഗബ്രി, 'ആരും ആർക്ക് വേണ്ടിയും ഇങ്ങനെയൊക്കെ ചെയ്യില്ലെന്ന്'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് സുഹൃത്തുക്കളായവരാണ് ജാസ്മിൻ ജാഫറും ഗബ്രിയേൽ ജോസും. ഈ സൗഹൃദത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറെ കേട്ടവരാണ് ഇരുവരും. ജാസ്മിന്റെ വ്യക്തി ജീവിതത്തെ അടക്കം മോശമായ രീതിയിൽ ഈ സൗഹൃദം ബാധിച്ചിരുന്നു. എന്നാൽ ഒരുഘട്ടത്തിൽ പോലും ഇരുവരും ഈ അവസാനിപ്പിച്ചില്ലെന്ന് മാത്രമല്ല ബിഗ് ബോസിൽ ഉണ്ടായിരുന്നതിനേക്കാൾ സ്നേഹവും അടുപ്പവും പുറത്തുവന്നപ്പോൾ സൂക്ഷിച്ചു. ജാസ്മിന്റേയും ഗബ്രിയുടേയും സന്തോഷ നിമിഷങ്ങളിലെല്ലാം ഇരുവരും പരസ്പരം ഉണ്ടാകാറുണ്ട്. ഈ സന്തോഷങ്ങളെല്ലാം ആരാധകരുമായി താരങ്ങൾ പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ. ഗബ്രിയുടെ പിറന്നാളിന് ജാസ്മിൻ സർപ്രൈസ് നൽകിയതാണ് വീഡിയോ. നേരത്തേ ജാസ്മിന്റെ പിറന്നാളിന് ഗബ്രി സർപ്രൈസ് ഒരുക്കിയിരിക്കുന്നു. എന്നാൽ അതിനേക്കാൾ വലിയൊരു സർപ്രൈസ് ആണ് ജാസ്മിൻ ഇപ്പോൾ തനിക്ക് നൽകിയിരിക്കുന്നതെന്നാണ് ഗബ്രി വീഡിയോയിൽ പറയുന്നത്.

ഗബ്രിയുടെ വാക്കുകൾ ഇങ്ങനെ-'ഇതുപോലെ സ്പീച്ച്ലെസ് ആയ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം എന്റെ പിറന്നാളിന് ഞാൻ കേക്ക് പോലും മുറിച്ചിരുന്നില്ല. ജാസ്മിനും സായിയും സിജോയുമൊക്കെ നന്നായ അഭിനയിച്ചു. എനിക്ക് മനസിലായില്ല. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലാണ് ഞാൻ നിൽക്കുന്നത്', താരം പറഞ്ഞു. ജാസ്മിൻ നൽകിയ സമ്മാനങ്ങൾ കണ്ട് ഗബ്രിയും പരിപാടിക്കെത്തിയ ബിഗ് ബോസ് താരങ്ങളും അക്ഷരാർത്ഥത്തിൽ ഞെട്ടി.
വാച്ച്, ഒരു കുരങ്ങ് ബൊമ്മ, ജെൽ ബ്ലാസ്റ്റ് റൈഫിൾ കളിപ്പാട്ടം, ഗൂച്ചിയുടെ സൺഗ്ലാസ് ,പ്ലേസ്റ്റേഷൻ 5 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ജാസ്മിൻ ഗബ്രിയ്ക്കായി ഒരുക്കിയിരുന്നു. സമ്മാനങ്ങളെ കുറിച്ച് ഗബ്രി പറഞ്ഞത് ഇങ്ങനെ-' ഞാൻ നമ്മുക്കിടയിൽ സംസാരിച്ച കാര്യങ്ങളിൽ പലതുമാണ് അവൾ എനിക്കായി തന്നത്. എനിക്ക് ജീവിതത്തിൽ ഒരാൾക്ക് വേണ്ടി ഇങ്ങനെ ചെയ്ത് കൊടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. വളരെ അധികം നന്ദിയുള്ളവനാണ്. ഒരാളെ പരിചയപ്പെടാൻ പറ്റുന്നതും, അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതും നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ കൈപിടിച്ച് നിൽക്കുന്നതും നമ്മുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുകയെന്നതൊക്കെ വലിയ ഭാഗ്യമാണ്. ഇതിൽ കൂടുതലൊന്നും കിട്ടാനില്ല.
നമ്മൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ കുറേ പേർ കുറേക്കാലം നടന്നതൊക്കെയാണ്. പക്ഷെ ആ ബന്ധം ഡിഫൈൻ ചെയ്യേണ്ട ആവശ്യമില്ല. ഇറ്റ് ഈസ് സംതിങ് സെപ്ഷ്യൽ. എക്സ്ട്രീമിലി ഗ്രേറ്റ്ഫുൾ ഫോർ ജാസ്മിൻ. ഞാൻ സാധരണ എന്റെ പിറന്നാളിന് എനിക്ക് വേണ്ടി പല ഗിഫ്റ്റുകളും വാങ്ങാറുണ്ട്. കഴിഞ്ഞ തവണ ഞാൻ സ്വന്തമായി ഒരു വാച്ച് വാങ്ങി. ഇത്തവണ ഇങ്ങോട്ട് വരുമ്പോൾ ഒരു കടയിൽ വിളിച്ച് പിഎസ് 5 വേണമെന്നൊക്കെ വിളിച്ച് പറഞ്ഞിരുന്നു. അപ്പോഴാണ് എനിക്ക് പിഎസ് 5 കിട്ടിയത്', താരം പറഞ്ഞു.
ഡിജെ പാർട്ടിയും ഭക്ഷണവിരുന്നുമൊക്കെ പരിപാടിയിൽ ഒരുക്കിയിരുന്നു. സിജോ, അഭിഷേക്, നന്ദന, സീക്രട്ട് ഏജന്റ്, സിബിൻ തുടങ്ങി ബിഗ് ബോസ് സീസൺ 6 ലെ താരങ്ങളെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഗബ്രിക്ക് ആശംസ അറിയിച്ചും ജാസ്മിൻ-ഗബ്രി സൗഹൃദത്തെ വാഴ്ത്തിയുമെല്ലാം കമന്റ് ചെയ്യുന്നത്. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂവെന്നും എന്നും ജീവിതത്തിൽ പരസ്പരം ഇങ്ങനെ ഉണ്ടാകട്ടെയെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. ജാസ്മിന്റെ സ്നേഹം വിലമതിക്കാനാകാത്തതാണെന്നും ജീവിതത്തിൽ ഒരിക്കലും ജാസ്മിനെ കൈവിടരുതെന്നും ചിലർ കുറിക്കുന്നു.












Click it and Unblock the Notifications