ബിഗ് ബോസ് താരം ജിന്റോയെ അറസ്റ്റ് ചെയ്തോ? എന്താണ് കേസിൽ സംഭവിച്ചത്?; താരത്തിന് പറയാനുള്ളത്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നിരവധി പ്രമുഖരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. നടൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും കൂടാതെ ബിഗ് ബോസ് താരം ജിന്റോയേയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നാണ് റിപ്പോർട്ട്. മറ്റൊരു മോഡലിനും നോട്ടീസ് നൽകിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജിന്റോ. പത്രസമ്മേളനത്തിലാണ് മറുപടി. വായിക്കാം
'നമ്മളെക്കുറിച്ച് കുറേ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ബിഗ് ബോസില്‍ ആയിരുന്ന സമയത്ത് നമ്മളെ പറ്റി ഒരുപാട് ട്രോളും കാര്യങ്ങളുമൊക്കെ വന്നായിരുന്നു. പുറത്തിറങ്ങിയപ്പോൾ അതിനോടൊന്നും പ്രതികരിക്കാൻ ഞാൻ വന്നിട്ടില്ല. കാരണം അതിനെ ഒരു ഗെയിമിന്റെ ഭാഗമായിട്ടേ ഞാൻ കണ്ടിരുന്നുള്ളൂ. ജയിക്കാൻ വേണ്ടി കളിച്ചതായിരിക്കാം എന്ന് തന്നെയാണ് കരുതിയത്. എന്നാൽ അത് കഴിഞ്ഞിട്ടും നമ്മളെ കുറിച്ച് മോശം പറഞ്ഞ് നടന്നിട്ടുണ്ട്. അതിനോടും ഞാൻ മിണ്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ എന്നെ കുറിച്ചിറങ്ങുന്ന ഒരു വ്യാജപ്രചരണം നടക്കുന്നുണ്ട്. എന്റെ സ്ഥാപനത്തേയും കുടുംബത്തേയുമൊക്കെ ബാധിക്കുന്ന പ്രചരണമാണ്.

കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ വിളിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് എന്നേയും വിളിപ്പിച്ചത്. എന്നാൽ കുറെ മാധ്യമപ്രവർത്തകരും ബിഗ് ബോസിൽ ഉള്ള ആളുകൾ അടക്കവും എന്നെ അറസ്റ്റ് ചെയ്തു എന്ന് വരെ പറഞ്ഞുണ്ടാക്കുന്നുണ്ട്. അറസ്റ്റ് ചെയ്യാൻ മാത്രം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പോലീസ് വിളിപ്പച്ചപ്പോൾ ഞാൻ എന്റെ സ്ഥാപനത്തിൽ നിന്ന് തന്നെയാണ് പോയത്. വ്യക്തിവൈരാഗ്യം തീർക്കുന്നത് പോലെയുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. ലഹരി കേസിൽ പെടുന്ന ആളല്ല ഞാൻ. ആകെ ഞാൻ ചെയ്തത് പുകവലിക്കുക മാത്രമാണ്, അത് ലോകമെമ്പാടും കാൺകെ ബിഗ് ബോസിൽ വെച്ച് തന്നെ വലിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ വലിക്കുന്നുണ്ട്. അല്ലാതെ ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
മദർ തെരേസ അവാർഡ് കിട്ടിയ ആളാണ് ഞാൻ, പലരേയും സഹായിക്കുന്ന ആളാണ്. അതിന്റെ പേരിൽ പലർക്കും ഞാൻ പൈസ അയച്ച് കൊടുത്തിട്ടുണ്ടാകും. പിതാവിന് ചികിത്സക്കാവശ്യം എന്നൊക്കെ പറഞ്ഞ് ചോദിക്കുമ്പോൾ പൈസ കൊടുത്തിട്ടുണ്ട്. പലരും പല ആവശ്യം പറഞ്ഞ് പറ്റിക്കാറുമുണ്ട്. വീടിന് വാടക കൊടുക്കാൻ ഇല്ലെന്നൊക്കെ പറഞ്ഞ് പണം ചോദിച്ചവരുണ്ട്. ഭക്ഷണം കഴിക്കാൻ പൈ ചോദിച്ചവരുണ്ട്. 500 ചോദിച്ചാൽ ആയിരം കൊടുക്കാറുണ്ട്. ബിഗ് ബോസിൽ പോകും മുൻപേ ഞാൻ അങ്ങനെയാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരും എന്നോട് വിജയിച്ചതിന്റെ ചിലവ് ചോദിച്ചു. ചോദിക്കുമ്പോ ചോദിക്കുമ്പോ ഞാൻ പണം അയച്ചിട്ടുണ്ട്. കാരണം ജനങ്ങളയിരു്നനു എന്റെ പിആർ. അപ്പോൾ അവർ ചോദിക്കുമ്പോൾ പൈസ കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആർക്കാണ് എന്താണ് ഈ പൈസയൊക്കെ പോയത് എന്ന് അറിയില്ല. അതിനാൽ ഞാൻ പണം കൊടുത്തുവെന്ന ആരോപണമൊക്കെ പോലീസ് അന്വേഷിക്കട്ടെ. അല്ലാതെ എന്നെ കരിവാരി തേച്ച് ആരും മുന്നോട്ട് പോകാൻ നോക്കണ്ട. ഇതിനെതിരെ ശക്തമായ നിയമനടപടിയുമായി ഞാൻ മുന്നോട്ട് പോകും. എന്റെ സ്ഥാപനത്തെ പോലും ബാധിക്കുന്ന രീതിയിൽ ആയതിനാൽ വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിയുനായി എനിക്ക് മുന്നോട്ട് പോയേ പറ്റൂ.
പോലീസിനെ ഇന്നലെ ഞാൻ ബന്ധപ്പെട്ടിരുന്നു. വ്യാജപ്രചരണം എന്നെ കുറിച്ച് നടക്കുന്നുണ്ടെന്ന് പറഞ്ഞു, അദ്ദേഹം പറഞ്ഞത് അവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന എല്ലാവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ്. എന്റെ കോൺടാക്ട് നമ്പർ ഇല്ലാത്തവർ കേരളത്തിൽ കുറവാണ്. എന്ന് വെച്ച് ഇവരെയൊക്കെ കേസിൽ പിടിക്കുമ്പോൾ എന്റെ കോൺടാക്ട് നമ്പർ ഉണ്ടെന്ന് കരുതി ഞാൻ പ്രതിയായിരിക്കുമോ? ഇപ്പോഴത്തെ കേസിനെ ഞാൻ നേരിടും, ഓടി ഒളിക്കില്ല. തെറ്റ് ചെയ്തെങ്കിൽ ഞാൻ ഓടി ഒളിക്കില്ല. എപ്പോൾ ആവശ്യമുണ്ടെങ്കിലും വിളിച്ചോയെന്ന് ഞാൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വേറൊരു രീതിയിലുള്ള നോട്ടീസല്ല എനിക്ക് കിട്ടിയത്. ഒരുപാട് പേർ എന്നെ കല്ലെറിയുന്നുണ്ട്. ഞാൻ ചെയ്യാത്ത കാര്യത്തിനാണെങ്കിൽ തീർച്ചയായും നിയപരമായി പോകും.
ഹൈബ്രിഡ് കേസിൽ അറസ്റ്റിലായ പെൺകുട്ടി ആരാണെന്ന് സത്യമായും ഇതുവരേയും എനിക്ക് വ്യക്തമായിട്ടില്ല. ഈ കേസ് എനിക്കെതിരെ വരും മുൻപ് തന്നെ ചിലർ എന്നോട് പറഞ്ഞു, ജിന്റോ നിനക്കൊരു പണി വരുന്നുണ്ടെന്ന്. എന്ത് പണിയാണെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് മാത്രംം പറഞ്ഞു. ബിഗ് ബോസ് ഗെയിമിനെ ഗെയിമാക്കി മാത്രം എടുക്കണം. വ്യക്തിപരമായി എടുക്കരുത്. അവർക്കെതിരെ നമ്മുടെ ഫാൻസും ആൾക്കാരും പ്രതികരിച്ചു അതിനാലാണ് ഈ പണിയെന്നൊക്കെയാണ് ആളുകൾ പറയുന്നത്. നമ്മളെന്തെങ്കിലും ചെയ്തിട്ടാണോ?
എന്റെ ഫോണിൽ നിന്നും പണം അയച്ചുവെന്ന് പറഞ്ഞാണ് എന്നെ വിളിപ്പിച്ചത്. അല്ലാതെ എന്റെ പേര് ആ പ്രതി പറഞ്ഞിട്ടല്ല. എനിക്ക് യാതൊരു പേടിയും ഇല്ല, ഞാൻ ഓടിയൊളിച്ചിട്ടൊന്നുമില്ല. എനിക്ക് കിട്ടിയ പൈസയിൽ ഒരു മുക്കാൽ ഭാഗവും മറ്റ് ആളുകൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്. ചെയ്യാൻ കഴിയുന്ന സഹായമൊക്കെ ചെയ്തിട്ടുണ്ട്. ചോദിക്കുന്ന ആളുകൾ എന്തിനാണ് ചോദിക്കുന്നത് പോലും ഞാൻ അന്വേഷിച്ചിട്ടില്ല. ഇന്നലേം കൂടെ എന്നോട് ഒരാൾ പൈസ ചോദിച്ച് ഞാൻ അയച്ചുകൊടുത്തിട്ടുണ്ട്. ആരേയും പേടിച്ചോടണ ആളല്ല ഞാൻ. തല ഉയർത്തി തന്നെ നിൽക്കും. തെറ്റായ കാര്യങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കാതെ ഇരിക്കുക. സാധാരണ മനുഷ്യനാണ് ഞാൻ. എന്നെ കുറിച്ച് അറിയാവുന്ന മനുഷ്യർക്ക് എന്നെ അറിയാം. ഈ വാർത്തകളൊക്കെ കേട്ട് ഞാൻ വലിയ വിഷമത്തിലാണ്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞാൻ ഇവിടെ എത്തിയത്. ബിഗ് ബോസിൽ വെച്ച് തന്നെ അവനെക്കൊണ്ട് കപ്പടിപ്പിക്കില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ, എന്നാൽ ജനങ്ങളുടെ പിന്തുണയോടെ ഞാൻ ജയിച്ച് കയറി, എനിക്ക് ജനങ്ങളെ മാത്രമേ ബോധിപ്പിക്കാനുള്ളൂ, മറ്റാരേയും ഞാൻ കണക്കാക്കുന്നില്ല', ജിന്റോ പറഞ്ഞു.
ജിന്റോയുടെ അഭിഭാഷകയുടെ പ്രതികരണം ഇങ്ങനെ-' ജിന്റോയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ എഫ് ഐ ആറിൽ പേരോ അല്ലെങ്കിൽ അല്ലെങ്കിൽ തുടരന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്ന തരത്തിലോ ഒരു നിർദേശവും ഞങ്ങൾക്ക് വന്നിട്ടില്ല. വ്യക്തി ജീവിതത്തേയും പ്രൊഫഷണൽ ജീവിതത്തേയും ബാധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ വന്ന സാഹചര്യത്തിൽ മാത്രമാണ് ഇത്തരമൊരു പത്രസമ്മേളനം നടത്തുന്നത്. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് ആരേയും വിളിപ്പിക്കാം. അക്കാര്യത്തിലൊന്നും ഒരു തർക്കവുമില്ല.
ഇന്നിപ്പോൾ എല്ലാം ഡിജിറ്റലൈസാണ്. പൈസ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുന്നതൊക്കെ സാധാരണമാണ്. ചായകുടിക്കാൻ പോയാൽ പോലും നമ്മൾ പൈസ കൊടുക്കുന്നത് ഓൺലൈനായിട്ടായിരിക്കും. പൈസ കൊടുത്തുവെന്ന ആരോപണം അന്വേഷണത്തിന്റെ ഭാഗമായി നേരിടുകയാണെങ്കിൽ അതിന് അനുസരിച്ചിട്ടുള്ള തെളിവുകൾ ഹജാരാക്കും. അറസ്റ്റ് ചെയ്യുക പോലും ചെയ്തിട്ടില്ല. അതിന് മുൻപ് ഇത്തരത്തിൽ വാർത്തകൾ വന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഗൂഢാലോചന മാത്രമാണ്. ജിന്റോയ്ക്ക് മാത്രമല്ല മറ്റ് പല വ്യക്തികൾക്കും നോട്ടീസ് വന്നിട്ടുണ്ട്. പക്ഷെ ആരുടേയും പേര് പുറത്തുവന്നിട്ടില്ല. അതിനർത്ഥം ജിന്റോയെക്കെതിരെ ഗൂഢാലോച ഉണ്ടെന്ന് തന്നെയല്ലേ', അവർ പറഞ്ഞു.












Click it and Unblock the Notifications